മന്ത്രി റിയാസിന്റെ നാവ് ഉപ്പിലിട്ടോ?; നീതിപൂർവമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല -വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നാവ് ഉപ്പിലിട്ട് വെച്ചിരിക്കുകയാണോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വീണ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്രസർക്കാർ അന്വേഷണത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ മൗനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. നവകേരള സദസ്സിനിടെ തരംതാണ രീതിയിൽ പ്രതിപക്ഷത്തുള്ള നേതാക്കളെ അധിക്ഷേപിച്ചയാളാണ് പൊതുമരാമത്ത് മന്ത്രി. ഇപ്പോൾ അദ്ദേഹത്തിന്റെ നാവ് ഉപ്പിലിട്ട് വെച്ചിരിക്കുകയാണോയെന്ന് വി.ഡി സതീശൻ ചോദിച്ചു.
കേരളത്തിൽ സി.പി.എമ്മും സംഘ്പരിവാറും തമ്മിൽ രഹസ്യധാരണയുണ്ട്. സ്വർണ്ണക്കടത്ത് കേസിലും കരുവന്നൂർ കേസിലും ഈ ധാരണ പ്രകാരമാണ് അന്വേഷണം നിലച്ചത്. എക്സാലോജിക്കിനെതിരായ അന്വേഷണവും നീതിപൂർവമായി നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
അന്വേഷണപരിധിയിലേക്ക് കെ.എസ്.ഐ.ഡി.സി കൂടി എത്തിയത് ഗൗരവതരമായ കാര്യമാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസിനെതിരെയും രൂക്ഷവിമർശനമാണ് വി.ഡി സതീശൻ നടത്തിയത്.
കഴിഞ്ഞ ദിവസം കണ്ണൂരിൽ ക്രൂരമർദനമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരിടേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. ദുരോധ്യനന്റെ സഭയിൽ സംഭവിച്ചതാണ് ഇന്നലെ കണ്ണൂരും ആവർത്തിച്ചത്. പെൺകുട്ടികളെയടക്കം പൊലീസ് ക്രൂരമായി മർദിച്ചു. നട്ടെല്ല് ഇല്ലാത്ത ഡി.ജി.പിയാണ് കേരളത്തിന്റെ പൊലീസ് തലപ്പത്തുള്ളതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എക്സാലോജിക്കിനെതിരായ അന്വേഷണത്തിന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് ഉത്തരവിട്ടത്. മൂന്നംഗ സംഘമാണ് കേസിൽ അന്വേഷണം നടത്തുക. നാല് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്.
സി.എം.ആർ.എൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് വീണക്ക് പണം ലഭിച്ചുവെന്ന കണ്ടെത്തലിന് പിന്നാലെയാണ് അന്വേഷണം. സി.എം.ആർ.എൽ, കെ.എസ്.ഐ.ഡി.സി എന്നിവയും അന്വേഷണ പരിധിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.