അട്ടപ്പാടി കരാറിൽ സർക്കാറിന് ഇരട്ടത്താപ്പ്; ചട്ടം ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണമില്ല
text_fieldsതിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി ഭൂമി സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിന് നൽകിയ കരാറിൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണമില്ല. ആദിവാസികളുടെ പുനരധിവാസത്തിന് നൽകിയ 2730 ഏക്കർ നിക്ഷിപ്ത വനഭൂമി അട്ടപ്പാടി ഫാമിംഗ് സൊസൈറ്റി തൃശൂരിലെ എൽ.എ ഹോംസ് എന്ന സ്ഥാപനത്തിന് 25 വർഷത്തേക്ക് പാട്ടത്തിന് നൽകിയ കരാർ 'മാധ്യമം' വർത്തയെത്തുടർന്ന് പാലക്കാട് കലക്ടറാണ് റദ്ദാക്കിയത്.
കരാർ ഏറ്റെടുത്ത സ്വകാര്യ സ്ഥാപനം, അനുവദിച്ച സമയപരിധിക്കുള്ളിൽ നിർമാണ പ്രവർത്തനം പൂർത്തിയാക്കാത്തതിനാലാണ് കരാർ റദ്ദാക്കുന്നതെന്നാണ് കലക്ടർ വ്യക്തമാക്കിയത്. എന്നാൽ, കരാർ റദ്ദ് ചെയ്തത് സർക്കാർ നിർദേശ പ്രകാരമെന്നാണ് മന്ത്രി എ.കെ. ബാലൻ വാർത്താസമ്മേളനത്തിൽ മറുപടി നൽകിയത്. കരാർ റദ്ദാക്കിയതിനാൽ ഇക്കാര്യത്തിൽ മറ്റു ചോദ്യങ്ങൾക്ക് പ്രസക്തിയില്ലന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
'മാധ്യമം' വാർത്തയെ തുടർന്ന് ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടിരുന്നു. വകുപ്പിലെ നോട്ട് ഫയൽ പ്രകാരം പട്ടികവർഗ ഡയറക്ടർ, ആദിവാസി പുനരധിവാസ മിഷൻ സ്പെഷൽ ഓഫിസർ, പാലക്കാട് കലക്ടർ എന്നിവരോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഇതിൽ പട്ടികവർഗ ഡയറക്ടർ മാത്രമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
സൊസൈറ്റിയുടെ 2018 നവംബർ ഒന്നിന് ചേർന്ന പൊതുയോഗത്തിന്‍റെറയും ഭരണസമിതിയുടെയും തീരുമാനപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നതെന്നായിരുന്നു ഡയറക്ടർ പുകഴേന്തി നൽകിയ റിപ്പോർട്ട്. സൊസൈറ്റിയുടെ ഭരണവകുപ്പായ സഹകരണ വകുപ്പിന്‍റെ പ്രതിനിധി കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം അംഗീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതി നടപ്പാക്കാൻ നാല് പ്രൊപ്പോസലുകൾ ലഭിച്ചു. അതിൽ സംഘത്തിന് ലാഭകരമായ എൽ.എ ഹോംസിന്‍റെ പ്രൊപ്പോസലാണ് അംഗീകരിച്ചത്. നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സൊസൈറ്റി മാനേജിങ് ഡയറക്ടറായ ഒറ്റപ്പാലം സബ് കലക്ടർ ധാരണാപത്രം ഒപ്പിട്ടതെന്നും ഡയറക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കരാർ റദ്ദാക്കിയതോടെ ഡയറക്ടറുടെ റിപ്പോർട്ട് സർക്കാർ തള്ളിയിരിക്കുകയാണ്.
1989 ഏപ്രിൽ 17ലെ സർക്കാർ ഉത്തരവ് (കോപ്പി ^1) പ്രകാരം സൊസൈറ്റിയുടെ ഭരണ നിയന്ത്രണം പട്ടികവർഗ വകുപ്പിനാണ്. എന്നാൽ, ഇക്കാര്യം മറച്ചുവെച്ചാണ് സൊസൈറ്റി സ്വന്തം നിലയിൽ ആദിവാസി ഭൂമി ദീർഘകാലത്തേക്ക് കരാർ നൽകിയതെന്ന് കണ്ടെത്തിയതോടെയാണ് ആദ്യ നിലപാടിൽനിന്ന് മന്ത്രി മലക്കം മറിഞ്ഞത്. പ്രൊജക്ടിന്‍റെ തുടർ നടപടി നിർത്തിവെക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം ആവശ്യപ്പെടാനും നിർദേശിച്ചു.
എന്നാൽ, കരാർ റദ്ദാക്കിയതിനാൽ ഇക്കാര്യത്തിൽ അന്വേഷണമോ റിപ്പോർട്ടോ ആവശ്യമില്ലെന്നാണ് മന്ത്രിയുടെ പുതിയ നിലപാട്. 'അട്ടപ്പാടി സഹകരണ ഫാമിങ് സൊസൈറ്റിയിലെ ഗുണഭോക്താക്കളുടെ ഭൂമി നൽകുന്നത് ശരിയല്ലെന്ന് സർക്കാറിന് ബോധ്യപ്പെട്ടു. ആദിവാസികൾ നൽകിയ കേസിൽ ഹൈകോടതി കരാർ റദ്ദ് ചെയ്തിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ കരാറിൽ തുടർനടപടി സ്വീകരിക്കേണ്ടതില്ലെന്ന് സർക്കാർ നേരത്തെ നിർദേശം നൽകി. സൊസൈറ്റിക്ക് കരാറുമായി ഇനി മുന്നോട്ടുപോകാൻ കഴിയില്ല. റദ്ദ് ചെയ്ത സ്ഥിതിക്ക് ചട്ടവിരുദ്ധമായോണോ കരാർ നൽകിയത് എന്ന ചോദ്യത്തിനും പ്രസക്തിയില്ല' -ഇതായിരുന്നു മന്ത്രിയുടെ മറുപടി.
നിയമവിരുദ്ധമായി ആദിവാസി ഭൂമി കരാർ നൽകാൻ ഉദ്യോഗസ്ഥരെ സ്വാധീനിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരമില്ല. നിയമവിരുദ്ധവും ചട്ടവിരുദ്ധവുമായി പ്രവർത്തിച്ചത് സൊസൈറ്റി സെക്രട്ടറിയും ഐ.ടി.ഡി.പി ഓഫിസർ എന്നീ പട്ടികവർഗ ഉദ്യോഗസ്ഥന്മാരാണ്. ഈ ഉദ്യോഗസ്ഥർ പ്രവർത്തിച്ചത് ആരുടെ നിർദേശ പ്രകാരമാണെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ഇക്കാര്യത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കാത്തത് കരാറിനെ കുറിച്ചുള്ള ദുരൂഹത ഏറുകയാണെന്നും ഹൈകോടതിയിൽ കേസ് നൽകിയ ആദിവാസികൾ പറയുന്നു.
ഭൂമി കരാർ നൽകാൻ നിയമപരമായി അവകാശമുണ്ടെന്നായിരുന്നു സൊസൈറ്റി സെക്രട്ടറി, പാലക്കാട് കലക്ടർ, പട്ടികവർഗ വകുപ്പ് ഡയറക്ടർ പുകഴേന്തി തുടങ്ങിയവർ റിപ്പോർട്ട് നൽകിയത്. അതെല്ലാം തള്ളിയെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ.
1971ലെ സ്വകാര്യ വനഭൂമി (നിക്ഷിപ്തമാക്കലും വിതരണവും) നിയമവും 1974ലെ ചട്ടവും പ്രകാരം 1980ലാണ് വനംവകുപ്പ് ഭൂമി റവന്യൂവകുപ്പിന് കൈമറിയത്. കൃഷിക്കും താമസത്തിനും അല്ലാതെ ഭൂമി ഉപയോഗിക്കരുതെന്നും ചട്ടവിരുദ്ധമായി നൽകിയ കരാർ റദ്ദ് ചെയ്യണമെന്നും മണ്ണാർക്കാട് ഡി.എഫ്.ഒ 2019 സെപ്റ്റംബർ മൂന്നിന് സൊസൈറ്റി സെക്രട്ടറിക്ക് കത്ത് (കോപ്പി^2) നൽകിയിരുന്നു.
ആ നിർദേശവും സൊസൈറ്റി അട്ടിമറിച്ചു. അതിനാൽ ഹൈകോടതിയിലെ കേസിൽ ആദിവാസികൾക്ക് അനുകൂലമായ വിധിയുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് കരാറിൽനിന്ന് പിൻവാങ്ങാൻ മന്ത്രി നിർദേശം നൽകിയത്.
മുൻ സർക്കാറിന്‍റെ കാലത്ത് മെത്രാൻ കായൽ അടക്കമുള്ള നിയമവിരുദ്ധ ഉത്തരവുകൾ പിൻവലിച്ചിട്ടും അന്വേഷണത്തിന് ഉത്തരവിട്ടവരാണ് ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാർ. മന്ത്രിസഭാ ഉപസമിതി ഉത്തരവുകളെക്കുറിച്ച് പരിശോധിക്കാൻ തീരുമാനിച്ചപ്പോൾ സമിതിയുടെ ചെയർമാനായിരുന്നു മന്ത്രി എ.കെ. ബാലൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.