സുരേന്ദ്രൻ പൊരുതുന്ന നേതാവാണെന്ന് പ്രകാശ് ജാവദേക്കർ; ബി.ജെ.പിയിൽ നേതൃമാറ്റമെന്നത് വ്യാജപ്രചാരണം
text_fieldsസംസ്ഥാന ബി.ജെ.പി നേതൃതലത്തിൽ അഴിച്ചുപണി നടക്കുമെന്ന പ്രചാരണം തള്ളിക്കളഞ്ഞ് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രൻ തുടരും. ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ സുരേന്ദ്രൻ തന്നെ നയിക്കും. ഇതിന്റെ മുന്നോടിയായി ബൂത്ത് തലം മുതൽ കമ്മിറ്റികൾ വിപുലീകരിക്കും. പൊരുതുന്ന നേതാവാണ് സുരേന്ദ്രൻ. മറിച്ചുള്ള പ്രചാരണത്തിനു പിന്നിൽ യു.ഡി.എഫും സി.പി.എമ്മുമാണെന്നും പ്രകാശ് ജാവദേക്കർ കുറ്റപ്പെടുത്തി.
എന്നാൽ, കേരളത്തിലെ ബി.ജെ.പി നേതാക്കൾ കൊള്ളില്ലെന്ന വിലയിരുത്തലാണ് കേന്ദ്രനേതൃത്വത്തിനുള്ളതെന്ന പ്രചാരണം ശക്തമായിരുന്നു. ഇൗ സാഹചര്യത്തിലാണ് പ്രകാശ് ജാവദേക്കറുടെ പ്രതികരണം. നേതൃമാറ്റത്തിന്റെ ഭാഗമായി ബൂത്ത്മുതൽ സംസ്ഥാനതലംവരെയുള്ള ഘടകങ്ങളിൽ ശുദ്ധികലശം നടക്കുമെന്നായിരുന്നു പ്രചാരണം.
എം.ടി.രമേശ് ഒഴികെയുള്ള മുഴുവൻ ജനറൽ സെക്രട്ടറിമാരെയും പുറത്താക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ, അത്തരമൊരുമാറ്റം കേരളത്തിലെ പാർട്ടി പ്രവർത്തകരെ നിഷ്ക്രിയരാക്കിയേക്കുമെന്ന ചില കോണുകളിൽ നിന്നുള്ള വിലയിരുത്തലാണ് പുതിയ നീക്കത്തിനുപിന്നിലെന്നറിയുന്നു. ഇന്ന്, ആലപ്പുഴയിൽ നടന്ന യോഗത്തിൽ ബൂത്ത് തലം മുതൽ വിപുലീകരിക്കുമെന്ന് ജാവദേക്കർ പറഞ്ഞിരുന്നു.
വിപുലീകരണത്തിന്റെ പേരിൽ സംഘപരിവാർ നേതാക്കളെ ബി.ജെ.പിയുടെ ഭാഗമാക്കാനുള്ള കേന്ദ്രനീക്കം ലക്ഷ്യകാണുമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ. ഇതോടെ, ബി.ജെ.പിയിൽ ആർ.എസ്.എസ് നിയന്ത്രണം വർധിപ്പിക്കാമെന്നാണ് കരുതുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 10 മണ്ഡലങ്ങളിൽ ജനപ്രിയരെ കണ്ടെത്തി മത്സരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. നിലവിൽ ബി.ജെ.പി മുഖമില്ലാത്തവരെയാണിതിനു തേടുന്നത്. ഇത്തരം നീക്കത്തിൽ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിൽ ഭൂരിഭാഗവും അമർഷത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.