സ്കൂളിൽ ആൺ- പെൺ ഒന്നിച്ചിരിപ്പിൽ ആശങ്ക വേണ്ട -മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: സ്കൂളുകളിൽ ഏതെങ്കിലും തരത്തിൽ പ്രത്യേക യൂനിഫോം കോഡ് അടിച്ചേല്‍പ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ജെൻഡര്‍ ന്യൂട്രല്‍ യൂനിഫോമുകള്‍ ചില സ്കൂളുകളില്‍ അധികാരികള്‍ സ്വമേധയാ നടപ്പാക്കിയിട്ടുെണ്ടന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അത്തരം സ്കൂളുകളില്‍ പരാതികളില്ലെന്നാണ് മനസ്സിലാകുന്നത്. സര്‍ക്കാറിന് ഇക്കാര്യത്തില്‍ പ്രത്യേകമായ നിര്‍ബന്ധബുദ്ധി ഇല്ല.
സ്കൂളുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുന്നതിന്‍റെ പേരിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമെന്ന് ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമായി കരിക്കുലം കോർ കമ്മിറ്റി പൊതുജന ചർച്ചക്കായി തയാറാക്കിയ രേഖയിൽ ഇരിപ്പിടത്തിലെ സമത്വം ഉൾപ്പെടുത്തിയത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
എന്നാൽ കേന്ദ്ര വിദ്യാഭ്യാസ നയപ്രകാരമുള്ള 25 ഫോക്കസ് ഏരിയയിൽ ചർച്ച നടത്താനാണ് കോർ കമ്മിറ്റി യോഗം തീരുമാനിച്ചതെന്നും അതിൽ ചർച്ചക്കുവെച്ച കാര്യങ്ങൾ സ്വീകരിക്കുന്നുവെന്നോ തള്ളുന്നുവെന്നോ അർഥമില്ലെന്നും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് വിശദീകരിച്ചു.
നിലവില്‍ സംസ്ഥാനത്ത് 138 സർക്കാർ, 243 എയ്ഡഡ് ഉള്‍പ്പെടെ ആകെ 381 എണ്ണമാണ് ഗേൾസ് /ബോയ്സ് സ്കൂളായി ഉള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 21 സ്കൂളുകള്‍ മിക്സഡാക്കി. പി.ടി.എ, തദ്ദേശസ്ഥാപന തീരുമാനം എന്നിവ സഹിതം മിക്സഡാക്കാന്‍ അപേക്ഷിക്കുന്ന സ്കൂളുകൾക്കെല്ലാം അനുമതി നൽകും. പാഠപുസ്തകങ്ങളുടെ ജെൻഡര്‍ ഓഡിറ്റിങ് നടത്താൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.