ഇനിയാരുമില്ല, കാക്കത്തോട് കുടുംബത്തിൽ
text_fieldsവൈത്തിരി: ചൂരൽമല കാക്കത്തോട് മുനീറിന്റെ കുടുംബത്തിൽ ഇനി ആരും അവശേഷിക്കുന്നില്ല. ചൂരൽമല പള്ളിയിൽനിന്ന് അരക്കിലോമീറ്റർ അകലെയാണ് മുനീറിന്റെ വീടും തറവാടുമുണ്ടായിരുന്നത്. ഇരുവീട്ടിലെയും മുഴുവൻ അംഗങ്ങളും ഉരുൾപൊട്ടലിൽ ഇല്ലാതായി. ഒരുകൊല്ലം മുമ്പാണ് തറവാട് വീടിനോടുചേർന്ന് മുനീർ പുതിയ ഇരുനില വീടുവെച്ചത്.
കൽപറ്റ കൈനാട്ടിയിൽ കാർ അപ്പോൾസ്ട്രി കട നടത്തുകയായിരുന്നു മുനീറും സഹോദരൻ ഷമീറും. മുനീർ, മുനീറിന്റെ ഭാര്യ റുക്സാന, മക്കളായ അമൽ നിഷാൻ, അജ്മൽ റോഷൻ, പിതാവ് യൂസുഫ്, മാതാവ് ഉമ്മു സൽമ, സഹോദരൻ ഷമീർ, ഭാര്യ ഷഹന, ഇവരുടെ മക്കളായ റിത മെഹ്റിൻ, ലെസിൻ ഇയാൻ, മുനീറിന്റെ ഭാര്യാപിതാവ് എം.എസ്. യൂസുഫ്, ഭാര്യാമാതാവ് പാത്തുമ്മ, റുക്സാനയുടെ സഹോദരിയുടെ മകൾ ജൂഹി എന്നിവരാണ് ദുരന്തത്തിനിരയായത്.
ഇതിൽ മുനീർ, ഭാര്യ റുക്സാന, പിതാവ് യൂസുഫ്, സഹോദരൻ ഷമീർ, ഷമീറിന്റെ മക്കളായ റിത മെഹ്റിൻ, ലെസിൻ ഇയാൻ, റുക്സാനയുടെ സഹോദരീ പുത്രി ജൂഹി എന്നിവരുടെ മൃതദേഹങ്ങൾ പലയിടങ്ങളിൽ നിന്നായി ലഭിച്ചു. ജൂഹിയുടെ മയ്യിത്ത് കൊടുവള്ളിയിലും റിത മെഹ്റിൻ, ലെസിൻ ഇയാൻ എന്നിവരെ അരപ്പറ്റ ജുമാമസ്ജിദിലും ഖബറടക്കി.
തളിപ്പുഴ സ്വദേശിയായ എം.എസ്. യൂസുഫും ഭാര്യ പാത്തുമ്മയും അഞ്ചുമാസം ഗർഭിണിയായ മകൾ റുക്സാനയുടെ വീട്ടിൽ വിരുന്നു പോയതായിരുന്നു. പേരമകൾ ജൂഹിയെയും കൂടെക്കൂട്ടി. എന്നാൽ, ഇരച്ചുവന്ന മലവെള്ളം എല്ലാവരെയും കൊണ്ടുപോയി.
ജൂഹിയുടെ മാതാവ് നൗഷിബ ഇപ്പോൾ തളിപ്പുഴയിലെ മുത്തേതൊടി വീട്ടിലാണുള്ളത്. സഹോദരൻ യൂനുസും ഭർത്താവ് റഊഫും കൂടെയുള്ളതാണ് ഏക ആശ്വാസം. അബൂദബിയിലായിരുന്ന യൂനുസ് ദുരന്തത്തെ തുടർന്നാണ് നാട്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.