മൂന്നാം റൗണ്ടിൽ ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യമില്ല; മെഡിക്കൽ പി.ജി പ്രവേശനത്തിൽ പ്രതിസന്ധി
text_fieldsതിരുവനന്തപുരം: മൂന്നാം റൗണ്ടിൽ അപേക്ഷകർക്ക് പുതുതായി ഓപ്ഷൻ നൽകാനും പുനഃക്രമീകരിക്കാനും അവസരം നൽകാത്തതിനെച്ചൊല്ലി സംസ്ഥാനത്തെ മെഡിക്കൽ പി.ജി കോഴ്സ് പ്രവേശനത്തിൽ പ്രതിസന്ധി. അഖിലേന്ത്യാ ക്വോട്ട പ്രവേശന മാർഗരേഖക്കനുസൃതമായി സംസ്ഥാനത്തെ പ്രവേശന നടപടികളിൽ മാറ്റംവരുത്തുന്നതിൽ പ്രവേശന പരീക്ഷ കമീഷണറേറ്റ് വരുത്തിയ വീഴ്ചയാണ് പ്രതിസന്ധിയായത്.
കഴിഞ്ഞ വർഷം വരെ രണ്ട് മുഖ്യ അലോട്ട്മെന്റുകളും ബാക്കി വരുന്ന സീറ്റുകളിലേക്ക് മോപ് അപ് അലോട്ട്മെന്റും തുടർന്നും ബാക്കി വരുന്നവയിലേക്ക് സ്ട്രേ വേക്കൻസി റൗണ്ടുമാണ് നടത്തിയിരുന്നത്. ഇത്തവണ മെഡിക്കൽ യു.ജി, പി.ജി പ്രവേശന രീതികളിൽ അഖിലേന്ത്യാ ക്വോട്ട പ്രവേശനം നടത്തുന്ന മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി) മാറ്റംവരുത്തിയിരുന്നു.
രണ്ട് മുഖ്യ അലോട്ട്മെന്റും മോപ് അപ്, സ്ട്രേ വേക്കൻസി ഫില്ലിങ് എന്നിങ്ങനെയുള്ള കൗൺസലിങ് ഘട്ടത്തിൽ മാറ്റംവരുത്തി ഇത് മോപ് അപ് ഘട്ടം മൂന്നാം അലോട്ട്മെന്റാക്കി മാറ്റി. തുടർന്ന് സ്ട്രേ വേക്കൻസി റൗണ്ടും. മാറ്റത്തിനനുസരിച്ച് സംസ്ഥാനത്തെ പി.ജി മെഡിക്കൽ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസിൽ ഭേദഗതി വരുത്താത്തതാണ് ഇപ്പോൾ വിനയായത്. സംസ്ഥാനത്ത് ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം ഒന്നാംഘട്ടം ആരംഭിക്കുന്നതിന് മുമ്പും രണ്ടാംഘട്ടം കഴിഞ്ഞുനടക്കുന്ന മോപ് അപ് റൗണ്ടിലുമായിരുന്നു. ഇതുപ്രകാരമാണ് ഇത്തവണത്തെ മെഡിക്കൽ പി.ജി പ്രോസ്പെക്ടസ് തയാറാക്കിയത്.
എന്നാൽ എം.സി.സിയുടെ പുതിയ മാർഗരേഖ വന്നതോടെ മോപ് അപിന് പകരം മൂന്നാം റൗണ്ട് വന്നപ്പോൾ ഈ ഘട്ടത്തിൽ പുതിയ ഓപ്ഷൻ രജിസ്ട്രേഷൻ നൽകാൻ പ്രവേശന പരീക്ഷ കമീഷണറേറ്റ് തയാറാകാത്തതാണ് പ്രതിസന്ധി. നേരത്തെ മോപ് അപ് ഘട്ടത്തിലുണ്ടായിരുന്ന പുതിയ ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം പകരം വന്ന മൂന്നാം റൗണ്ടിൽ അനുവദിക്കണമെന്നാണ് അപേക്ഷകരുടെ ആവശ്യം. ഇതുസംബന്ധിച്ച് സർക്കാറിനും പ്രവേശന പരീക്ഷ കമീഷണർക്കും ഒട്ടേറെ നിവേദനങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷ കമീഷണറേറ്റാകട്ടെ ആദ്യ മൂന്ന് റൗണ്ടിലേക്കും ഒന്നാം റൗണ്ടിന് മുമ്പ് നൽകിയ ഓപ്ഷൻ പരിഗണിച്ച് അലോട്ട്മെന്റ് നടത്തണമെന്ന നിലപാടിലാണ്. സ്ട്രേ വേക്കൻസി റൗണ്ടിൽ മാത്രം പുതിയ ഓപ്ഷൻ രജിസ്ട്രേഷന് സൗകര്യം നൽകാനുമാണ് തീരുമാനം.
എന്നാൽ ഇത് പ്രോസ്പെക്ടസ് വ്യവസ്ഥക്ക് വിരുദ്ധമാണെന്നും നേരത്തെ മോപ് അപ് ഘട്ടത്തിൽ പുതിയ ഓപ്ഷന് സൗകര്യമുണ്ടായിരുന്നെന്നും മാറിയ മാർഗരേഖയിലൂടെ മോപ് അപിന് പകരം വന്ന മൂന്നാം റൗണ്ടിലും ഈ സൗകര്യം നൽകണമെന്നും അപേക്ഷകർ ആവശ്യപ്പെടുന്നു. പ്രതിസന്ധി തീർക്കാൻ പറ്റാതായതോടെ വിഷയം ആരോഗ്യവകുപ്പിന്റെ തീർപ്പിന് വിട്ടു. അവസരം നിഷേധിച്ചാൽ പ്രോസ്പെക്ടസ് വ്യവസ്ഥ ലംഘിച്ചതിന് പ്രവേശന പരീക്ഷ കമീഷണറേറ്റിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അപേക്ഷകർ. മെഡിക്കൽ പി.ജി രണ്ടാം റൗണ്ട് അലോട്ട്മെന്റിനുള്ള താൽക്കാലിക പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓപ്ഷൻ രജിസ്ട്രേഷനിലെ തർക്കം തീർത്താൽ മാത്രമേ മൂന്നാം റൗണ്ട് പ്രവേശന നടപടി തുടങ്ങാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.