എയ്ഡഡ് സ്കൂൾ നിയമനം പി.എസ്.സിക്ക് വിടാൻ ആലോചനയില്ലെന്ന് മന്ത്രി ശിവൻകുട്ടി
text_fieldsതൃപ്പൂണിത്തുറ (കൊച്ചി): എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ ആലോചനയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ പ്രവേശനോത്സവ ഗാനം പ്രകാശനം ചെയ്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂളുകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കേണ്ടത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽനിന്നായിരിക്കണം. സ്കൂൾ പ്രവേശനത്തിന് നിർബന്ധിത പണപ്പിരിവ് പാടില്ല. സ്കൂൾ മാറ്റത്തിന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകാൻ ഉപാധികൾ വെക്കരുത്. ട്രാൻസ്ഫർ ആവശ്യമുള്ളവർക്ക് അത് നൽകണമെന്നും മന്ത്രി പറഞ്ഞു. പ്രവേശനോത്സവഗാനം മന്ത്രി പ്രകാശനം ചെയ്തു. മുരുകന്‍ കാട്ടാക്കടയാണ് ഗാനം രചിച്ചത്.
പി.എസ്.സിക്ക് വിടില്ലെന്ന് കോടിയേരിയും
കൊച്ചി: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ സര്‍ക്കാറോ ഇടതുമുന്നണിയോ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിയമനം പി.എസ്.സിക്ക് വിടണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്തുണ്ട്. പക്ഷെ നടപ്പാക്കുമ്പോഴുള്ള എല്ലാ കാര്യങ്ങളും പരിഗണിച്ച ശേഷമെ അതിലൊരു തീരുമാനം എടുക്കാൻ കഴിയുള്ളു.
കേരളത്തിൽ സ്വകാര്യ സ്ഥാപനങ്ങളാണ് കൂടുതലുള്ളത്. അവർക്ക് സംഘടനയുണ്ട്. ഇക്കാര്യത്തിൽ അവർക്കും പറയാനുണ്ടാകും. അങ്ങനെ പ്രായോഗികമായി എല്ലാ വശങ്ങളും പരിഗണിച്ച് നടപ്പാക്കേണ്ട ഒന്നാണ്. കഴിഞ്ഞ ദിവസം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് വിടണമെന്ന് പറഞ്ഞിരുന്നു. ഇതിനെ എതിർത്ത് എൻ.എസ്.എസും കെ.സി.ബി.സിയും രംഗത്തെത്തിയിരുന്നു. എസ്.എൻ.ഡി.പി.യും എം.ഇ.എസും ബാലന്‍റെ അഭിപ്രായത്തെ അനുകൂലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.