കാട്ടാന ആക്രമണം തടയാന്‍ പദ്ധതിയില്ല; പ്രതിസന്ധിയില്‍ കര്‍ഷകർ
text_fieldsഅടിമാലി: മൂന്നാര്‍ വനം ഡിവിഷന് കീഴില്‍ കാട്ടാനശല്യം രൂക്ഷമായി തുടരുമ്പോഴും കൃഷിയിടങ്ങളില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. വനം ഡിവിഷന് കീഴില്‍ ആറ് റാപിഡ് റെസ്പോണ്‍സ് ടീം (ആര്.ആര്.ടി) ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴുളളത് രണ്ടെണ്ണം മാത്രം. മൂന്നാറില്‍ പടയപ്പയും ചിന്നക്കനാലില്‍ ചക്കകൊമ്പനും ജനവാസ കേന്ദ്രത്തില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.
മാങ്കുളം കവിതക്കാട്ടില്‍ രാപ്പകൽ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാന സാന്നിധ്യം പതിവായി. നേര്യമംഗലം കാഞ്ഞിര വേലിയില്‍ കാട്ടാനകളെത്താത്ത ദിവസങ്ങളില്ല. പെരിയാര്‍ നീന്തി എറണാകുളം ജില്ലയില്‍ എത്തുന്ന കാട്ടാനകള്‍ ജനവാസ മേഖലയിലൂടെ സഞ്ചരിച്ച് പരിക്കണ്ണി, ഊന്നുകള്‍ മേഖലകളില്‍ വരെയെത്തി നാശം വിതച്ച് വരുന്നു. വിവിധ മേഖലകളില്‍ കാട്ടാന ആക്രമണം പെരുകുമ്പോഴും ഇവയെ തടയാന്‍ സംവിധാനമില്ല.
വീട്ടുമുറ്റങ്ങളിൽ വരെയെത്തി നാശം വിതക്കുന്ന കാട്ടാനകളെ ജനവാസ മേഖലകളില്‍ നിന്ന് അകറ്റാന്‍ വനംവകുപ്പ് മാര്‍ഗങ്ങള്‍ ഒരുക്കാത്തത് കുടിയേറ്റ കര്‍ഷകരെയും തോട്ടം തൊഴിലാളികളെയും ഭീതിയിലാഴ്ത്തുന്നു. ജനവാസ മേഖലയോട് ചേര്‍ന്ന വനാതിര്‍ത്തിയില്‍ പല ഭാഗങ്ങളിലും സംരക്ഷണം ഒരുക്കിയിട്ടില്ല.
കോടികള്‍ മുടക്കി കിടങ്ങും സൗരോര്‍ജവേലിയും സ്ഥാപിച്ച സ്ഥലങ്ങളില്‍ കാലങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ പ്രയോജനപ്പെടുന്നുമില്ല. വാര്‍ഷിക അറ്റകുറ്റപ്പണി വരെ നടത്താന്‍ ഫണ്ടില്ലെന്നാണ് വനംവകുപ്പിന്റെ വാദം. അടുത്തിടെയായി മാങ്കുളം, മറയൂര്‍, മൂന്നാര്‍, ചിന്നക്കനാല്‍, അടിമാലി, ദേവികുളം, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ കാട്ടാന ശല്യം പതിവായിട്ടുണ്ട്.
കിടങ്ങും സൗരോര്‍ജ്ജ വേലികളും ഉരുക്കുവടം പദ്ധതികളുമൊക്കെ നടപ്പാക്കിയെങ്കിലും മാങ്കുളം പഞ്ചായത്തിലെ ആനകുളത്തും കാട്ടാന ശല്യമുണ്ട്. ആനകുളം, 96, പെരുമ്പന്‍കുത്ത് തുടങ്ങി മാങ്കുളം പഞ്ചായത്തിലെ ഭൂരിഭാഗം മേഖലയിലും കാട്ടാന ശല്യം രൂക്ഷമാണ്. ചിന്നക്കനാല്‍ പഞ്ചായത്തിലെ ബിയല്‍റാം, സിങ്കുകണ്ടം, 301 കോളനി ഉള്‍പ്പെടെ എല്ലാ മേഖലയിലും കാട്ടാനശല്യം രൂക്ഷമാണ്. ഈ വര്‍ഷം മാത്രം അഞ്ചു ജീവനുകളാണ് കാട്ടാനകള്‍ എടുത്തത്.
നാലു റേഷന്‍ കടകളും 20ലേറെ പലചരക്ക് കടകളും തകര്‍ത്തു. മാട്ടുപ്പെട്ടി, ചിന്നക്കനാല്‍ മേഖലയില്‍ നിരവധി വഴിയോര കച്ചവട സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇത്തരത്തില്‍ മാത്രം 50 ലക്ഷത്തിലേറെ നഷ്ടമുണ്ടായതാണ് കണക്ക്. പഴംബ്ലിച്ചാല്‍, ഇളംബ്ലാശ്ശേരി മേഖലയില്‍ കോടികള്‍ മുടക്കി സ്ഥാപിച്ച സോളാര്‍ വേലികള്‍ 90 ശതമാനവും തകര്‍ന്നു. കുളമാംകുഴി, കമ്പിലൈന്‍, പ്ലാമല, കുടകല്ല്, ചിന്നപ്പാറ, പാട്ടയടമ്പ്, തലമാലി തുടങ്ങി അടിമാലി പഞ്ചായത്തിലെ ഭൂരിഭാഗം മേഖലയിലും കാട്ടാന ആക്രമണം രൂക്ഷമാണ്.
മൂന്നാര്‍ ടൗണില്‍ ഉൾപ്പെടെ വിവിധ ഭാഗങ്ങളിലും കാട്ടാനകളുടെ ശല്യമുണ്ട്. മറയൂര്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കാട്ടാന ശല്യത്തോടൊപ്പം കുരങ്ങ്, കാട്ടുപോത്ത് മുതലായവയുടെ ശല്യവും രൂക്ഷമാണ്. ഇതിന് പുറമെയാണ് കടുവ, പുലി എന്നിവയുടെ സാന്നിധ്യവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.