പൊലീസിൽ ആളില്ല; ഇതര സംസ്ഥാനക്കാരുടെ കണക്കെടുപ്പ് വീണ്ടും പാളി
text_fieldsതിരുവനന്തപുരം: അന്തർ സംസ്ഥാന തൊഴിലാളികൾ പ്രതികളായ കേസുകൾ വർധിക്കുമ്പോഴും നീരീക്ഷണത്തിന് പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ പദ്ധതികൾ പാളി. സ്റ്റേഷനുകളിൽ മതിയായ പൊലീസുകാരില്ലാത്തതും തൊഴിലാളികളെ കൊണ്ടുവരുന്ന കരാറുകാരുടെ അലംഭാവവുമാണ് തിരിച്ചടിയായത്.
പെരുമ്പാവൂരിൽ 2016ൽ ഇതര സംസ്ഥാനക്കാരന്റെ ആക്രമണത്തിൽ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഡി.ജി.പിയുടെ നിർദേശപ്രകാരം സ്റ്റേഷനുകളിൽ മൈഗ്രന്റ് ലേബർ രജിസ്റ്റർ കൊണ്ടുവന്നത്. ഓരോ സ്റ്റേഷൻ പരിധിയിലെയും അന്തർ സംസ്ഥാന തൊഴിലാളികളുടെ ഫോട്ടോയും തിരിച്ചറിയൽ കാർഡ് കോപ്പിയും ആധാറും രജിസ്റ്ററിൽ ചേർക്കണമെന്നും വരവും പോക്കും കൃത്യമായി രേഖപ്പെടുത്തണമെന്നും നിർദേശിച്ചിരുന്നു.
ഇ-രക്ഷ പോലുള്ള മൊബൈൽ ആപ്പും ഇറക്കി. എന്നാൽ, മതിയായ പൊലീസുകാരില്ലാതെ വന്നതോടെ കണക്കെടുപ്പും നിരീക്ഷണവും സർക്കുലറിൽ ഒതുങ്ങി. എറണാകുളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിലാളികളെത്തുന്നത് തിരുവനന്തപുരം ജില്ലയിലാണ്. എന്നാൽ, തിരുവനന്തപുരം സിറ്റി പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ 352 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
അടിയന്തര സേവനം നൽകേണ്ട പൊലീസ് കൺട്രോൾ റൂമിൽ ഏഴ് എസ്.ഐ തസ്തികയടക്കം 68 ഉദ്യോഗസ്ഥരുടെയും വനിത സെല്ലിൽ 38 പേരുടെയും വനിത സ്റ്റേഷനിൽ ഒമ്പതുപേരുടെയും കുറവുണ്ട്. ടൂറിസം മേഖലകളുടെ സുരക്ഷക്കായി അനുവദിച്ചതിൽ 26 തസ്തിക മാസങ്ങളായി ഒഴിവാണ്.
ബംഗ്ലാദേശ്, നേപ്പാൾ, മ്യാന്മർ എന്നിവിടങ്ങളിൽനിന്നു പോലും തൊഴിലാളികളെന്ന വ്യാജേന കൊടുംകുറ്റവാളികൾ വ്യാജ തിരിച്ചറിയൽ കാർഡുമായി സംസ്ഥാനത്തെത്തുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിലും കാര്യമായ നടപടിയുണ്ടായിട്ടില്ല.
മറ്റു സംസ്ഥാനങ്ങളിൽ കുറ്റകൃത്യങ്ങളിൽ പെട്ട് കേരളത്തിൽ ഒളിവിൽ താമസിക്കുന്നവരും ഏറെയാണ്. തൊഴിലാളികളെ കൊണ്ടുവരുന്നവർ അവരുടെ മുഴുവൻ വ്യക്തി വിവരങ്ങളും ലേബർ ഓഫിസിലും പൊലീസ് സ്റ്റേഷനിലും നൽകണമെന്ന് നിർദേശമുണ്ടെങ്കിലും ആരും പാലിക്കാറില്ല.
ആറുവർഷത്തിനിടെ 118 കൊലക്കേസ്
തിരുവനന്തപുരം: 2016 മുതൽ 2022 വരെ159 ഇതര സംസ്ഥാന തൊഴിലാളികൾ പ്രതികളായ 118 കൊലക്കേസാണുണ്ടായത്. ക്രിമിനൽ പശ്ചാത്തലമുള്ളവർ കേരളത്തിലെത്തുന്നത് തടയുന്ന തരത്തിൽ നിയമനിർമാണം നടപ്പാകുമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. തൊഴിൽ വകുപ്പിന്റെ കണക്ക് പ്രകാരം 5.14 ലക്ഷം അന്തർ സംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്.
എന്നാൽ, ആഭ്യന്തര വകുപ്പിന്റെ അനൗദ്യോഗിക കണക്കുപ്രകാരം ഏകദേശം ഇത്തരം 30 ലക്ഷം പേർ കേരളത്തിൽ പണിയെടുക്കുന്നുണ്ട്. 10 വർഷത്തിനകം സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്ന് ഇതര സംസ്ഥാനക്കാരായിരിക്കുമെന്നാണ് ആസൂത്രണ ബോർഡ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.