വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് രാഹുൽ
text_fieldsപാലക്കാട്: വികസനത്തിൽ ഭരണപക്ഷം-പ്രതിപക്ഷം എന്ന വ്യത്യാസം ഇല്ലെന്നും ഓന്നരവർഷം പരമാവധി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും നിയുക്ത പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. വികസനകാര്യങ്ങളിൽ തർക്കമുണ്ടായാൽ അത് നാടിനെ ബാധിക്കുമെന്നും പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു. ജില്ലയിൽ വരുമാനവുമായി ബന്ധപ്പെട്ട പ്രധാന സ്രോതസ്സാണ് നെൽകൃഷി. 35 രൂപക്ക് നെൽകൃഷി മുന്നോട്ടുകൊണ്ടുപോകാനാവില്ല.
അത് മെച്ചപ്പെടുത്താൻ ശ്രമിക്കും. 2040ൽ ലോകഭൂപടത്തിൽ പാലക്കാടിനെ അടയാളപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കും. പാലക്കാടിന്റെ പാടശേഖരങ്ങൾ കണ്ട് ആസ്വദിക്കാനുള്ള പാഡി ടൂറിസം ഉൾപ്പെടെ പദ്ധതിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോയൻ സ്കൂൾ ഡിജിറ്റലൈസേഷൻ, ടൗൺ ഹാൾ നിർമാണം ഉൾപ്പെടെ മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ പൂർത്തീകരണത്തിന് സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ്. അതിനുള്ള ശ്രമങ്ങൾ നടത്തും. സത്യപ്രതിജ്ഞക്കുശേഷം മന്ത്രിമാരെ കണ്ട് വിഷയങ്ങൾ സംസാരിക്കും.
പ്രതിപക്ഷ എം.എൽ.എമാർക്ക് ഫണ്ട് ലഭിക്കില്ല എന്ന തരത്തിലുള്ള മുൻവിധികളൊന്നും ഇല്ല. ഷാഫി പറമ്പിലും താനും സംസാരരീതിയിൽ വ്യത്യസ്ത ശൈലിയുള്ളവരാണ്. നിയമസഭയിലുള്ള 99 ശതമാനം പേരും തെരുവുസമരങ്ങളിലൂടെ വന്നവരാണ്. പ്രതിപക്ഷ എം.എൽ.എയുടെ ദൗത്യം നിർവഹിക്കും. ആർ.എസ്.എസ് സർസംഘ്ചാലക് നിലപാട് തിരുത്തി പ്രത്യയശാസ്ത്രം മാറ്റാൻ തയാറായാൽ ആദ്യം സംസാരിക്കേണ്ടത് കോൺഗ്രസിനോടാവണമെന്നാണ് തന്റെ ആഗ്രഹം.
ആര് വന്നാലും പോസിറ്റിവായി സ്വാഗതം ചെയ്യുമെന്നും ബി.ജെ.പി കൗൺസിലർമാർ കോൺഗ്രസിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹത്തോട് രാഹുൽ പ്രതികരിച്ചു. ജനങ്ങൾക്ക് പ്രതിഫലവും സമ്മർദവും നൽകി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളോ ‘ഓപറേഷൻ കമല’ എന്ന മാതൃകയിൽ പദ്ധതികളോ തങ്ങൾക്കില്ലെന്നും രാഹുൽ പറഞ്ഞു. വർഗീയതയിൽ ഭൂരിപക്ഷം, ന്യൂനപക്ഷം എന്നില്ല. മതേതരവാദികളാണ് ഭൂരിപക്ഷം. വർഗീയത പറയുന്നവരുടെ എണ്ണം കുറവാണ്.
രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസ്. കോൺഗ്രസ് എന്ന പ്രത്യയശാസ്ത്രത്തിൽനിന്നും മറ്റു പാർട്ടികൾ രൂപവത്കരിക്കപ്പെട്ടു. പാലക്കാട് നഗരസഭയിൽ മറ്റു പാർട്ടികളുടെ ശക്തികേന്ദ്രങ്ങളിൽ യു.ഡി.എഫിന് മുന്നേറ്റമുണ്ടായി. ബി.ജെ.പി സംസ്ഥാന അധ്യക്ഷനെക്കാളും ഫേസ് വാല്യു ഉള്ളയാളാണ് സന്ദീപ് വാര്യർ. അങ്ങനൊരാൾ കോൺഗ്രസിലേക്ക് വരുന്നത് ഒരു മാറ്റമാണ്. മുഖ്യമന്ത്രിയെ ആണ് താൻ ഏറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ളത്. എന്നാൽ വ്യക്തിപരമായി ആരെയും ആക്രമിക്കുന്നത് തന്റെ ശൈലിയല്ല.
എസ്.ഡി.പി.ഐയുമായി കൂട്ട് എന്ന പ്രചാരണത്തിനുള്ള മറുപടി 2026ൽ ജനം നൽകും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നഗരസഭയിൽ വീടുവീടാന്തരം വർഗീയത പറഞ്ഞു. എന്നിട്ടും ബി.ജെ.പിക്ക് മുൻതൂക്കമുള്ള നഗരസഭയിൽ നാലായിരത്തിലധികം ഭൂരിപക്ഷം നേടി. പത്രപരസ്യം പ്രതിഫലിക്കേണ്ട പിരായിരിയിൽ ആർക്കാണ് ഭൂരിപക്ഷമെന്നും അദ്ദേഹം ചോദിച്ചു. യു.ഡി.എഫിന്റെ വോട്ട് കൊണ്ട് മാത്രം ഇത്രയും ഭൂരിപക്ഷം കിട്ടില്ല. മതേതരമായി, നിഷ്പക്ഷമായി ചിന്തിക്കുന്നവരുടെയും വോട്ട് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് നോബിൾ ജോസ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.