പവർ ഗ്രൂപ്പില്ല, ഹൈ പവർ കമ്മിറ്റിയുണ്ടായിരുന്നു; പ്രതിസ്ഥാനത്തുള്ളവരെ സംരക്ഷിക്കില്ല -അമ്മ
text_fieldsകൊച്ചി: മലയാള സിനിമയിൽ പവർ ഗ്രൂപ്പുള്ളതായി തനിക്കറിയില്ലെന്ന് ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദിഖ്. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 വർഷമായി ഞാൻ സിനിമയിൽ വന്നിട്ട്. പവർ ഗ്രൂപ്പുള്ളതായി എനിക്കറിയില്ല. 10 വർഷം മുമ്പ് ഒരു ഹൈ പവർ കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. ഓരോ സംഘടനയിലെ രണ്ടുപേരെ വെച്ചാണ് അത് രൂപവത്കരിച്ചത്. പ്രശ്നങ്ങൾ പൊതുവായി കേൾക്കാനും പരിഹരിക്കാനുമാണ് അതുണ്ടാക്കിയത്. അതത് കാലത്തെ ഭാരവാഹികളാണ് ഹൈപവർ കമ്മിറ്റിയിലുണ്ടാവുക. അതിപ്പോൾ നിലവിലില്ല. ഇതിനെ ഉദ്ദേശിച്ചാണോ പവർ ഗ്രൂപ്പ് എന്ന് പറയുന്നത് എന്നറിയില്ല. ഒരു സിനിമയിൽ ആരഭിനയിക്കണം, ആരഭിനയിക്കണ്ട എന്ന് ഒരു ഗ്രൂപ്പ് തീരുമാനിച്ചാൽ എങ്ങനെ ഈ ഇൻഡസ്ട്രി മുന്നോട്ടുപോകും. ഒരു പവർ ഗ്രൂപ്പിനും സിനിമയെ നിയന്ത്രിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണ്. എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് ഞങ്ങളുടെയും ആവശ്യം. റിപ്പോർട്ട് പുറത്തുവിടുന്നതിനെ ഞങ്ങൾ എതിർത്തിട്ടില്ല, സ്വാഗതം ചെയ്യുകയാണ് ചെയ്തത്. റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. റിപ്പോർട്ട് ‘അമ്മ’ക്കെതിരല്ല. ‘അമ്മ’യെ അതിൽ പ്രതിസ്ഥാനത്ത് നിർത്തിയിട്ടില്ല. സിനിമ രംഗത്തുള്ള വനിതകളുടെ ബുദ്ധിമുട്ടുകൾ പഠിക്കാനാണ് കമ്മിറ്റിയെ നിയോഗിച്ചത്. സുരക്ഷിതമായി ഈ തൊഴിലെടുക്കണമെന്നത് ഞങ്ങളുടെ അംഗങ്ങളുടെ ആവശ്യമാണ്. റിപ്പോർട്ടിലെ പല നിർദേശങ്ങളും ഞങ്ങൾക്ക് തന്നെയാണ് ഗുണകരമാകുന്നത്. മലയാള സിനിമ ഇൻഡസ്ട്രി വളരെ മോശമാണെന്ന രീതിയിലുള്ള റിപ്പോർട്ടിലെ വാചകങ്ങളോട് മാത്രമാണ് വിയോജിപ്പ്. പ്രാഥമിക ആവശ്യങ്ങൾക്ക് സൗകര്യമില്ലെന്ന പരാതി ഒരുപാട് വർഷങ്ങൾക്ക് മുമ്പാണ് ഉണ്ടായിരുന്നത്. ആ കാലഘട്ടം മാറുകയും ഒരുപാട് മാറ്റങ്ങൾ വരുകയും ചെയ്തു.
മാധ്യമങ്ങൾ ഞങ്ങളെ പ്രതിസ്ഥാനത്ത് നിർത്തുന്നതിൽ ദു:ഖമുണ്ട്. കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ പ്രതികളെ ശിക്ഷിക്കണം. പ്രതിസ്ഥാനത്തുള്ളവരെ സംരക്ഷിക്കില്ല. ജനങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്ന മേഖലയെ അടച്ചാക്ഷേപിക്കുന്നതും ഒറ്റപ്പെട്ട സംഭവങ്ങളെ ജനറലൈസ് ചെയ്യുന്നതും ശരിയല്ല. എല്ലാ തൊഴിലിടങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. കുറ്റവാളികൾക്കെതിരെ കേസെടുക്കാറുമുണ്ട്. എന്നാൽ, ആ തൊഴിൽ മേഖലയെ അടച്ചാക്ഷേപിക്കാറില്ല. രാഷ്ട്രീയക്കാർ അഴിമതി നടത്തിയാൽ രാഷ്ട്രീയക്കാർ മുഴുവൻ അഴിമതിക്കാരാണെന്ന് പറയാറില്ലല്ലോ. പുകമറ സൃഷ്ടിച്ച് കുറ്റവാളികളല്ലാത്തവരെ കൂടി നാണം കെടുത്തുകയല്ല വേണ്ടത്. ആരാണ് കുറ്റവാളി, അയാൾ പുറത്തുവരട്ടെ. ലൈംഗികാതിക്രമമല്ല, പ്രതിഫലം കൃത്യമായി കിട്ടാത്തതാണ് സിനിമ മേഖലയിലെ പ്രധാന പ്രശ്നം. അങ്ങനെയുള്ള പരാതികൾ ‘അമ്മ’ പരിഹരിക്കാറുണ്ട്. ‘അമ്മ’യിൽ ഏതെങ്കിലും തരത്തിലുള്ള ഭിന്നതയില്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം. എന്നാൽ, അഭിപ്രായ സമന്വയം ഉണ്ടാക്കിയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. അമ്മയുടെ പ്രതികരണം വൈകിയെന്ന പരാതിയുണ്ടായിരുന്നു. ഒരു ഷോയുടെ റിഹേഴ്സൽ നടക്കുകയായിരുന്നു. ഒളിച്ചോട്ടമോ പിന്മാറിയതോ അല്ല. സമയക്കുറവ് കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരവാഹികളായ ജയൻ ചേർത്തല, ജോമോൾ, അനന്യ, വിനു മോഹൻ തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.