തെറ്റിന് സംരക്ഷണമില്ല, പോസ്റ്റിടുന്നവരെല്ലാം വക്താക്കളല്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സി.പി.എമ്മിെൻറ പേര് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിടുന്നവരെല്ലാം പാർട്ടിയുടെ ഒൗദ്യോഗിക വക്താക്കളോ പാർട്ടി ചുമതലപ്പെടുത്തിയതനുസരിച്ച് പോസ്റ്റിങ് നടത്തുന്നവരോ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് പാർട്ടിയുടെ ഉത്തരവാദിത്തത്തിൽ വരുന്ന കാര്യമല്ല. അതിെൻറ ഉത്തരവാദിത്തം പാർട്ടിക്ക് എടുക്കാനും കഴിയില്ല. ഒരുകാര്യത്തിൽ ഉണ്ടാകുന്ന വികാരം അനുസരിച്ചാണ് അവർ പോസ്റ്റിടുന്നത്. ഇക്കാര്യത്തിൽ പാർട്ടി നേരത്തേതന്നെ നിലപാട് വ്യക്തമാക്കിയിരുന്നെന്നും കരിപ്പൂർ സ്വർണക്കടത്ത് വിവാദത്തില്‍ ഉയരുന്ന ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി.
സി.പി.എമ്മിനുള്ളിൽനിന്ന് എന്തെങ്കിലും തെറ്റ് ആരെങ്കിലും ചെയ്താൽ സംരക്ഷണം നൽകില്ല. സമൂഹത്തെ കൂടുതൽ മാറ്റങ്ങളിലേക്ക് കൊണ്ടുപോകാൻ പാർട്ടി ശ്രമിക്കുേമ്പാൾ അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ സംരക്ഷിക്കില്ല. ഇക്കാര്യങ്ങളിൽ സി.പി.എം എന്ന പാർട്ടിയുടെ സമീപനമാണ് നോക്കേണ്ടത്. പാർട്ടിയിൽ പലതരക്കാരായ ലക്ഷക്കണക്കിന് ആൾക്കാരുണ്ട്. സാധാരണ ഒരു തെറ്റിനൊപ്പവും നിൽക്കുന്ന പാർട്ടിയല്ല സി.പി.എം. ദീർഘകാലം പാർട്ടിക്കുവേണ്ടി സേവനം നടത്തിയവരായാൽപോലും പാർട്ടിക്ക് നിരക്കാത്ത പ്രവൃത്തി ചെയ്താൽ നടപടിയെടുക്കാറുണ്ട്.
കുറ്റക്കാർക്കെതിരെ കർശന നടപടി സർക്കാറും സ്വീകരിക്കും. എന്നാൽ, മറ്റ് ഏജൻസികൾ കൈകാര്യം ചെയ്യേണ്ടതായതിനാൽ ചില കാര്യങ്ങളിൽ സംസ്ഥാന സർക്കാറിന് ഫലപ്രദമായി ഇടപെടാൻ പ്രയാസങ്ങളുണ്ട്. സംസ്ഥാനത്തിനുകൂടി ഇടപെടാൻ സാധിക്കുംവിധമുള്ള നിയമത്തെപ്പറ്റി ആലോചിക്കേണ്ട ഘട്ടമാണ്. എന്തായാലും ഉള്ള അധികാരം ഫലപ്രദമായി ഉപയോഗിച്ച് ഇത്തരം ശക്തികൾക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.