പൊതുശ്മശാനമില്ല; വീടിനുചുറ്റും കുഴിമാടമൊരുക്കേണ്ട ഗതികേടിൽ ആദിവാസികൾ
text_fieldsകേളകം: അന്ത്യനിദ്രക്കായി ആറടിമണ്ണിനും ഗതിയില്ലാതെ മലയോരത്തെ ആദിവാസികൾ. പൊതുശ്മശാനമില്ലാത്തതിനാൽ ആദിവാസി കുടുംബങ്ങൾ മൃതദേഹം സംസ്കരിക്കുന്നത് വീട്ടുമുറ്റത്ത്.
കഴിഞ്ഞദിവസം കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് വാളുമുക്ക് കോളനിയിൽ മരണമടഞ്ഞ 47കാരനായ കോടങ്ങാട് രാജുവിന്റെ മൃതദേഹം അടക്കിയത് വീട്ടുമുറ്റത്താണ്. കോളനിയിലെ 60 സെന്റ് ഭൂമിയിലുള്ള 25 വീടിനുചുറ്റും നൂറിലേറെ കുഴിമാടങ്ങളുണ്ട്. ഇവക്കിടയിൽ ഞെരുങ്ങി അംഗൻവാടി കെട്ടിടവും കിണറുകളും വേറെ. ഒരു വീടിനു ചുറ്റും അഞ്ചു കുഴിമാടങ്ങൾ വരെയുണ്ട്. ഇതുകാരണം വീടൊഴിഞ്ഞ കോളനിവാസികളുമുണ്ട്.
കൊട്ടിയൂർ പഞ്ചായത്തിൽ 17 കോളനികളിലായി 260 കുടുംബങ്ങളും കേളകം പഞ്ചായത്തിൽ 14 കോളനികളിലായി 292 കുടുംബങ്ങളും കണിച്ചാർ പഞ്ചായത്തിൽ 33 കോളനികളിലായി 603 കുടുംബങ്ങളുമുണ്ട്. എന്നാൽ, ഒരിടത്തും ശ്മശാനമില്ല. അതിനാൽതന്നെ മലയോരത്തെ കോളനികളിൽ ആരെങ്കിലും മരിച്ചാൽ വീട്ടുമുറ്റങ്ങളിൽ അടക്കംചെയ്യാൻ നിർബന്ധിതരാവുകയാണിവർ. കണിച്ചാർ പഞ്ചായത്തിലെ ആറ്റാംചേരി, അണുങ്ങോട്, കേളകം പഞ്ചായത്തിലെ അടക്കാത്തോട് വാളുമുക്ക് കോളനികളിൽ വീടുകൾക്കുചുറ്റും കുഴിമാടങ്ങളാണ്. അടുക്കള പൊളിച്ചുമാറ്റി മൃതദേഹം മറവുചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
പഞ്ചായത്തുകളിൽ പൊതുശ്മശാനത്തിന് ഫണ്ട് നീക്കിവെച്ചിട്ടുണ്ടെങ്കിലും പദ്ധതി യാഥാർഥ്യമായില്ല. നിലവിൽ വീട്ടുമുറ്റത്തും മറ്റും മൃതദേഹങ്ങൾ സംസ്കരിക്കുന്നത് കുടിവെള്ള സ്രോതസ്സുകൾ മലിനമാകാനും രോഗങ്ങൾ പടരാനും കാരണമാകുമെന്നിരിക്കെ കോളനികളുടെ പരിസരത്തുതന്നെ കൂടുതൽ സ്ഥലം കണ്ടെത്തി പൊതു ശ്മശാനങ്ങൾ നിർമിക്കണമെന്ന ആവശ്യം ഇവർ ഉന്നയിക്കുന്നുണ്ട്.
കോളനിയുടെ ഭൂമി അന്യാധീനപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കോളനിവാസികൾ പറയുന്നു. ഭൂമി അളന്ന് തിട്ടപ്പെടുത്തി, നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിച്ചാൽ അത് ശ്മശാനത്തിനായി ഉപയോഗിക്കാമെന്നാണ് കോളനിവാസികളുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.