പെരുന്നാളിന് ‘സ്നേഹയാത്ര’യില്ല; ഈസ്റ്റർ പദ്ധതി വിജയമെന്ന് ബി.ജെ.പി
text_fieldsകാസർകോട്: ഈദുൽ ഫിത്റിന് മുസ്ലിം ഭവനങ്ങളിലേക്ക് സ്നേഹയാത്ര സംഘടിപ്പിക്കാൻ ബി.ജെ.പിക്ക് പ്രത്യേക പദ്ധതിയില്ല. സാഹചര്യത്തിനനുസരിച്ച് ചെയ്തോളാൻ തീരുമാനിച്ച് നേതൃയോഗം. ഈസ്റ്ററിന് ബിഷപ്പുമാരുടെ അരമനയിലേക്ക് പ്രമുഖ നേതാക്കളുടെ പരിപാടികൾ പ്രത്യേകമായി ആസൂത്രണം ചെയ്തതുപോലെയുള്ള രീതികളുമില്ല. പാർട്ടി പ്രവർത്തകർക്ക് ഉചിതംപോലെ ചെയ്യാമെന്ന തീരുമാനമെടുത്തുകൊണ്ടാണ് കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമിതിയോഗം പിരിഞ്ഞത്.
ന്യൂനപക്ഷ മോർച്ചക്കാണ് ഇതിൽ കാര്യമായി ഉത്തരവാദിത്തം നിർവഹിക്കാനുള്ളതെന്ന് ബി.ജെ.പി നേതൃത്വം പ്രതികരിച്ചു. അതിന്റെ ഭാഗമായി ന്യൂനപക്ഷ മോർച്ച ഏപ്രിൽ 16ന് കോഴിക്കോട്ട് ഇഫ്താർ സംഘടിപ്പിക്കുന്നുണ്ട്. അതേസമയം, ബി.ജെ.പി ശക്തികേന്ദ്രമായ കാസർകോട് ജില്ലയിൽ ഈദ് ദിന സ്നേഹബന്ധത്തിന് പദ്ധതിയില്ല.
പാർട്ടിയിൽനിന്ന് ഇത്തരം നിർദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡന്റ് റോയി തോമസ് പറഞ്ഞു. ഏപ്രിൽ 12ന് ചേർന്ന ബി.ജെ.പി സംസ്ഥാന സമിതി യോഗത്തിൽ മുസ്ലിംകളിലേക്കുള്ള സ്നേഹയാത്ര സംബന്ധിച്ച് വേണ്ടത്ര ചർച്ചയുണ്ടായില്ല. പള്ളി ഇമാം, ഖത്തീബ്, വിവിധ മതസംഘടന നേതാക്കൾ എന്നിവരുടെ വീടുകളിലേക്കാണ് യാത്ര നടത്തേണ്ടത്. അതുസംബന്ധിച്ച തീരുമാനങ്ങളും ഉണ്ടായില്ല. ക്രിസ്തീയ പുരോഹിതരുടെ വീടുകളിലേക്കും അരമനകളിലേക്കും നടത്തിയ സന്ദർശനം വലിയ വിജയമായിരുന്നുവെന്നാണ് സംസ്ഥാന സമിതിയോഗത്തിൽ പ്രസിഡന്റ് കെ. സുരേന്ദ്രൻ റിപ്പോർട്ട് ചെയ്തത്.
ഒരുലക്ഷത്തിലധികം ക്രിസ്ത്യൻ വീടുകളിൽ കയറിയെന്നാണ് റിപ്പോർട്ട്. പത്തനം തിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് ഏറെയും സ്നേഹയാത്ര സംഘടിപ്പിക്കപ്പെട്ടത്. ‘‘പെരുന്നാളിന് ഇത്തരം പദ്ധതികളില്ല; താൽപര്യമുള്ളവർക്ക് കയറാം. ബീഫ് കഴിക്കാം, കഴിക്കാതിരിക്കാം’’ എന്നാണ് മുതിർന്ന ബി.ജെ.പി നേതാവ് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.