ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈകോടതി വിധിക്ക് സ്റ്റേ ഇല്ല
text_fieldsന്യൂഡല്‍ഹി: ദേവികുളം നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്ന എ. രാജയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രിൽ 28 വരെ സ്റ്റേ അനുവദിക്കണമെന്നും തെരഞ്ഞെടുപ്പ് കമീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും രാജയുടെ അഭിഭാഷകർ വാദിച്ചുവെങ്കിലും അതിനിടയിൽ ഒന്നും നടക്കില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസുമാരായ സുധാന്‍ഷു ദുലിയ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ആവശ്യം തള്ളിയത്.
സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അര്‍ഹതയുള്ള വ്യക്തിയാണ് രാജയെന്നും രാജയുടെ പൂര്‍വികര്‍ 1950ന് മുമ്പ് കേരളത്തിലേക്ക് കുടിയേറിയവരാണെന്നും ഔദ്യോഗിക രേഖകള്‍ ഒന്നും പരിശോധിക്കാതെയാണ് ഹൈകോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയതെന്നും രാജക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ കെ.വി. വിശ്വനാഥ് വാദിച്ചു.
എന്നാല്‍, യഥാർഥ മതം സംബന്ധിച്ച സുപ്രധാന രേഖകള്‍ രാജ മറച്ചുവെച്ചുവെന്ന് എതിര്‍സ്ഥാനാർഥി ഡി. കുമാറിന്റെ അഭിഭാഷകൻ നതേന്ദർ ഹൂഡയും വാദിച്ചു. വിവാഹം ക്രിസ്തുമതാചാര പ്രകാരമാണ് നടന്നതെന്ന് ബോധിപ്പിച്ചപ്പോൾ ഔദ്യോഗിക രേഖകളില്‍ ഹിന്ദു ആകാമെങ്കിലും ക്രിസ്തുമത വിശ്വാസപ്രകാരം ആയിരിക്കാം ജീവിക്കുന്നതെന്ന് ജസ്റ്റിസ് സുധാന്‍ഷു ദുലിയ അഭിപ്രായപ്പെട്ടു. എന്നാല്‍, രാജയുടെ അഭിഭാഷകൻ ഇത് ഖണ്ഡിച്ചു. സംസ്ഥാന രൂപവത്കരണത്തിന് മുമ്പ് തമിഴ്‌നാട്ടില്‍നിന്ന് കേരളത്തില്‍ എത്തിയവര്‍ക്കുള്ള സംവരണം സംബന്ധിച്ച് വ്യക്തമായ വിധിപ്രസ്താവങ്ങളില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. തുടർന്ന് അഭിഭാഷകരുടെ ആവശ്യം പരിഗണിച്ച് ഹരജി പരിഗണിക്കുന്നത് 28ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.