സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിയില്ല; വെറ്ററിനറി വാഴ്സിറ്റി വി.സി നിയമനവും തുലാസിൽ
text_fieldsതിരുവനന്തപുരം: ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ ഹൈകോടതി ഉത്തരവ് വെറ്ററിനറി സർവകലാശാല വി.സി നിയമനവും തുലാസിലാക്കി. സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി ഇല്ലാതെയാണ് വെറ്ററിനറി സർവകലാശാല വി.സിയായി ഡോ.എം.ആർ. ശശീന്ദ്രനാഥിനെ 2019 ജൂലൈയിൽ ചാൻസലർ കൂടിയായ അന്നത്തെ ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവം നിയമിച്ചത്.
ഫിഷറീസ് സർവകലാശാല വി.സി ഡോ. റിജി ജോണിന്‍റെ നിയമനം റദ്ദാക്കാൻ ഹൈകോടതി ചൂണ്ടിക്കാട്ടിയ രണ്ട് കാരണങ്ങളിലൊന്ന് സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി ഉണ്ടായിരുന്നില്ല എന്നതാണ്. ഇതേ പ്രശ്നം വെറ്ററിനറി സർവകലാശാല വി.സി നിയമനത്തിലുമുണ്ടായിട്ടുണ്ട്.
യു.ജി.സി പ്രതിനിധിക്ക് പകരം ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയക്ടറെയാണ് സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നത്. ചാൻസലറുടെ പ്രതിനിധിയായി സെർച്ച് കമ്മിറ്റിയിലേക്ക് നിയോഗിച്ചത് കാർഷിക സർവകലാശാലയുടെ അന്നത്തെ വി.സിയെയാണ്. വെറ്ററിനറി സർവകലാശാലയുടെ മാതൃസർവകലാശാലയായി കാർഷിക സർവകലാശാല ഇപ്പോഴും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാൽ വി.സിയെ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് യു.ജി.സി ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായി രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ നടത്തിയ വി.സി നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. കാർഷിക സർവകലാശാലയിൽ ചട്ടവിരുദ്ധമായി വി.സിയുടെ ചുമതല നൽകിയ കാർഷികോൽപാദന കമീഷണർ ഇഷിത റോയിയെ ചുമതലയിൽ തുടരാൻ അനുവദിക്കരുതെന്നും കമ്മിറ്റി നിവേദനത്തിൽ ആവശ്യപ്പെട്ടു.
കാർഷിക സർവകലാശാല വി.സിയുടെ ചുമതല കാർഷികോൽപാദന കമീഷണർക്ക് നൽകിയ ഗവർണറുടെ നടപടി യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. പത്തുവർഷം പ്രഫസർ തസ്തികയിൽ പ്രവർത്തന പരിചയമുള്ള അക്കാദമീഷ്യന്മാരെ മാത്രമേ വി.സിയായി നിയമിക്കാൻ പാടുള്ളൂ എന്ന ചട്ടം കർശനമായി പാലിക്കണമെന്ന സുപ്രീംകോടതിവിധി കണക്കിലെടുത്ത് ചുമതല സർവകലാശാലയിലെ സീനിയർ പ്രഫസർമാരിൽ ഒരാൾക്ക് നൽകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.