സി.പി.എമ്മിനെ കുറിച്ച് ഒരു വരി പോലും പുസ്തകത്തിലില്ല; വാർത്ത കെട്ടിച്ചമച്ചതെന്ന് വൃന്ദ കാരാട്ട്
text_fieldsന്യൂഡൽഹി: പ്രസിദ്ധീകരിക്കാൻ പോവുന്ന തന്‍റെ പുസ്തകം സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തയോട് പ്രതികരിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. പാർട്ടിയെ കുറിച്ച് താനൊന്നും പറഞ്ഞിട്ടില്ലെന്നും വാർത്ത കെട്ടിച്ചമച്ചതാണെന്നും വൃന്ദ കാരാട്ട് വ്യക്തമാക്കി.
സി.പി.എമ്മിനെ മോശമാക്കുന്ന ഒരു വരി പോലും തന്‍റെ പുസ്തകത്തിലില്ല. 55 വർഷമായി താൻ പ്രവർത്തിക്കുന്ന പാർട്ടിയാണ്. സെൻസേഷനൽ ഹെഡ്ഡിങ് ആണ് വാർത്തക്ക് നൽകിയിട്ടുള്ളത്. ഇത്തരത്തിൽ വാർത്ത നൽകിയതിനെ അപലപിക്കുന്നു. പുസ്തകം 1985-1995 വരെ ഡൽഹി അടക്കമുള്ള സ്ഥലത്തെ ഒരു സ്ത്രീ എന്ന നിലയിലെ തന്‍റെ ജീവിതത്തെ കുറിച്ചുള്ളതാണെന്നും വൃന്ദ കാരാട്ട് മാധ്യമങ്ങളോട് വിശദീകരിച്ചു.
'ആൻ എജ്യുക്കേഷൻ ഫോർ റീത്ത' എന്ന പേരിൽ ലെഫ്റ്റ് വേർഡ് ബുക്സ് പുറത്തിറക്കുന്ന ഓർമകുറിപ്പിലാണ് സി.പി.എമ്മിനെതിരായ വൃന്ദ കാരാട്ടിന്‍റെ തുറന്നു പറച്ചിലുള്ളത്. സ്ത്രീ എന്ന തന്‍റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കാതെ സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍റെ ഭാര്യ മാത്രമായി പരിഗണിച്ചെന്ന് 'ബീയിങ് എ വുമൺ ഇൻ ദ പാർട്ടി' എന്ന തലക്കെട്ടിലെ കുറിപ്പിൽ വൃന്ദ കാരാട്ട് പറയുന്നതായി വാർത്ത വന്നത്.
സി.പി.എമ്മിലെ രാഷ്ട്രീയ ഭിന്നതകളുടെ സന്ദർഭങ്ങളിൽ ഈ സമീപനം കൂടുതലായിരുന്നുവെന്നും പൊളിറ്റ് ബ്യൂറോയിലെത്തിയ ആദ്യ വനിത അംഗമായ വൃന്ദ ചൂണ്ടിക്കാട്ടുന്നു. 1975 മുതൽ 85 വരെയുള്ള വൃന്ദയുടെ ലണ്ടൻ ജീവിതം, അവിടെ എയർ ഇന്ത്യയിൽ ജോലി ചെയ്യുമ്പോൾ സാരി ഉടുക്കാനായി നടത്തിയ സമരം, കൊൽക്കത്തയിലെ സി.പി.എം പ്രവർത്തനം, പ്രകാശ് കാരാട്ടുമായുള്ള പ്രണയവും വിവാഹവും, ഡൽഹിയിൽ ട്രേഡ് യൂണിയൻ രംഗത്തും സ്ത്രീകളെ സംഘടിപ്പിക്കുന്നതിനും നടത്തിയ പോരാട്ടങ്ങൾ, ദുഃഖം നിറഞ്ഞ വേർപാടുകൾ എന്നിവയാണ് ഓർമകുറിപ്പിൽ ഉൾപ്പെടുന്നത്.
''1982നും 1985നും ഇടയിൽ പ്രകാശായിരുന്നു പാർട്ടി ഡൽഹി ഘടകം സെക്രട്ടറി. അക്കാലത്ത് ഞാൻ വിലയിരുത്തപ്പെടുന്നുവെന്നോ എന്‍റെ പ്രവർത്തനങ്ങളും അഭിപ്രായങ്ങളും പ്രകാശുമായുള്ള ബന്ധവുമായി ചേർത്തുവായിക്കപ്പെടുന്നുവെന്നോ ഒരിക്കലും തോന്നിയിരുന്നില്ല. മറ്റൊന്നും പരിഗണിക്കാതെ എന്‍റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. പക്ഷെ, പിന്നീട് അതായിരുന്നില്ല അനുഭവം.
ഡൽഹിക്ക് പുറത്ത് ദേശീയ തലത്തിൽ പാർട്ടിയിലും മറ്റു സംഘടനകളിലും ഞാൻ കൂടുതൽ ചുമതലകൾ ഏറ്റെടുത്തു. എന്നാൽ, ആ കാലത്ത് മിക്കപ്പോഴും കമ്യൂണിസ്റ്റ്, സ്ത്രീ, മുഴുവൻ സമയ പാർട്ടി പ്രവർത്തക എന്നിങ്ങനെയുള്ള എന്റെ സ്വത്വത്തെ അപ്പാടെ പ്രകാശിന്‍റെ ഭാര്യ എന്നതുമായി കൂട്ടിക്കുഴച്ചു.
ഇത് രാഷട്രീയ ഭിന്നതകളുടെ സമയത്ത്... അങ്ങനെ പല തവണ ഉണ്ടായി... രൂക്ഷമായി. ദുഷ്ടലാക്കോടെ മാധ്യമങ്ങളിൽ വരുന്ന ഗോസിപ്പുകളും അതിന് കാരണമായി. സഖാക്കളുമായുള്ള എന്‍റെ ബന്ധത്തെക്കുറിച്ച് കൂടുതൽ ബോധവതിയാവാൻ ഞാൻ നിർബന്ധിതയായി. അധികമായ സൂക്ഷ്മപരിശോധനയുടെ ഭാരം ഞാൻ നേരിടേണ്ടിവന്നു.''-ഓർമകുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.