പാർട്ടിക്ക് ഒരുനിലപാട് മാത്രം, നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം -സി.പി.എം ജില്ല സെക്രട്ടറി
text_fieldsപത്തനംതിട്ട: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിന് നീതി ലഭിക്കുംവരെ പാർട്ടി ഒപ്പമുണ്ടാകുമെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു. കണ്ണൂർ ജില്ലയിലെ പാർട്ടിയെന്നോ പത്തനംതിട്ട ജില്ലയിലെ പാർട്ടിയെന്നോ ഇക്കാര്യത്തിൽ വേർതിരിവുകളില്ലെന്നും ഈ നിലയിലെ കള്ളപ്രചാരണം തള്ളിക്കളയണമെന്നും സെക്രട്ടറി പ്രസ്താവനയിൽ അഭ്യർഥിച്ചു.
വിഷയത്തിൽ വ്യക്തമായ നിലപാടാണ് പാർട്ടി ജില്ല കമ്മിറ്റി ആദ്യംമുതൽ സ്വീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ കാലം ജില്ലയിൽ മികച്ച രീതിയിൽ സേവനം ചെയ്ത ഉദ്യോഗസ്ഥനും സർവിസ് സംഘടന രംഗത്തെ പ്രവർത്തകനും പാർട്ടി കുടുംബാംഗവുമായ നവീനുമായി അടുത്ത ബന്ധമാണ് പാർട്ടിക്കുണ്ടായിരുന്നത്. നവീൻ ബാബുവിനെക്കുറിച്ച് പ്രതിപക്ഷ സംഘടനകൾപോലും എതിരഭിപ്രായം പറഞ്ഞിട്ടില്ല.
അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ തകർന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ഒപ്പംനിൽക്കുക എന്നത് ഈ ജില്ലയിലെ പാർട്ടിയുടെ ഉത്തരവാദിത്തമാണ്. മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണം. പിന്നിലുള്ളവർ ആരായാലും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അതുകൊണ്ട് തന്നെയാണ് കലക്ടറുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. വിഷയത്തിൽ പാർട്ടി പൊതുവിൽ ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും നീതിയുക്തമായ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വസ്തുതകൾ ഇതായിരിക്കെ പാർട്ടിയിൽ രണ്ടഭിപ്രായം ഉണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കാൻ ബോധപൂർവം ശ്രമിക്കുന്നു. ഇതിൽ പത്തനംതിട്ട ജില്ല കമ്മിറ്റിക്കും കണ്ണൂർ ജില്ല കമ്മിറ്റിക്കും നിലപാട് ഒന്നേയുള്ളൂ. അതിന്റെ ഭാഗമായാണ് കണ്ണൂരിലെ പാർട്ടി ജില്ല സെക്രട്ടേറിയറ്റ് ആരോപണവിധേയയോട് രാജി ആവശ്യപ്പെട്ടത്. പി.പി. ദിവ്യയുടെ പേരിൽ ജാമ്യമില്ലാകുറ്റം ചുമത്തി കേസെടുത്തിട്ടുള്ളതുമാണ് -ഉദയഭാനു പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.