രാഷ്ട്രീയം നോക്കി സല്യൂട്ട് ചെയ്യരുത്, എം.പിക്ക് സല്യൂട്ട് പാടില്ലെന്ന് സർക്കുലറുണ്ടോ? സുരേഷ് ഗോപി
text_fieldsകോട്ടയം: ഒല്ലൂർ എസ്.ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിച്ച സംഭവത്തിൽ വിശദീകരണവുമായി ബി.ജെ.പി നേതാവും രാജ്യസഭ എം.പിയുമായ സുരേഷ്ഗോപി. പൊലീസ് ഉദ്യോഗസ്ഥന് പരാതിയില്ല. പിന്നെ ആർക്കാണ് പരാതിയെന്ന് അദ്ദേഹം ചോദിച്ചു. സല്യൂട്ടിന്‍റെ കാര്യത്തിൽ രാഷ്ട്രീയ വേർതിരിവ് പാടില്ല. സല്യൂട്ട് പൂർണമായും നിർത്തണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യ സംവിധാനത്തിൽ പൊലീസ് അസോസിയേഷന് നിലനിൽപ്പില്ലെന്നും സുരേഷ്ഗോപി പറഞ്ഞു. പൊലീസുകാരുടെ ക്ഷേമ പ്രവർത്തനങ്ങളിൽ മാത്രമാണ് അസോസിയേഷൻ ഇടപെടേണ്ടത്. എം.പിക്ക് സല്യൂട്ട് തരണമെന്ന് പ്രോട്ടോക്കോളില്ലെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അത് പറയേണ്ടത് ഡി.ജി.പിയാണ്. ഡി.ജി.പി പറയട്ടെ എന്നും അത്തരം ഒരു ഉത്തരവ് കാണിച്ചുതരട്ടെ എന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമാക്കിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബുധനാഴ്ച ഒല്ലൂര്‍ എസ്.ഐയോട് സുരേഷ് ഗോപി സല്യൂട്ട് ചോദിച്ച് വാങ്ങിയത് വിവാദമായിരുന്നു. പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. 'ഞാനൊരു എം.പിയാണ് ഒരു സല്യൂട്ട് ആകാം. ആ ശീലമൊക്കെ മറക്കരുതേ, ഞാന്‍ മേയര്‍ അല്ല' എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.
എന്നാല്‍ താന്‍ നിര്‍ബന്ധിച്ച് ചെയ്യിച്ചതല്ലെന്നും സല്യൂട്ടൊക്കെ ആകാമെന്ന് സൗമ്യമായി പറയുകയായിരുന്നെന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം. പൊലീസുദ്യോഗസ്ഥനെക്കൊണ്ട് സല്യൂട്ടടിപ്പിച്ച സംഭവത്തിൽ സുരേഷ് ഗോപി എം.പിക്കെതിരെ കെ.എസ്.യു പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.