കരുവന്നൂരിലെ കൊള്ളയിലും കള്ളപ്പണം വെളുപ്പിക്കലിലും സമഗ്ര അന്വേഷണം വേണം- വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: കരുവന്നൂരിലെ കൊള്ളയിലും കള്ളപ്പണം വെളുപ്പിക്കലിലും സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ കൊള്ളയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത്. കരുവന്നൂരിനെ കൂടാതെ തൃശൂര്‍ ജില്ലയിലെ നിരവധി സഹകരണ ബാങ്കുകളില്‍ 500 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം പ്രദേശിക നേതൃത്വത്തിന് മാത്രമാണ് പങ്കുണ്ടായിരുന്നതെന്നത് മാറി ജില്ലാ- സംസ്ഥാന നേതൃത്വത്തിനും കള്ളപ്പണ ഇടപാടിലും കൊള്ളയിലും പങ്കുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കൊള്ള സംബന്ധിച്ച് 2011-ല്‍ പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗം പരാതി നല്‍കിയിരുന്നതാണെന്നും ജില്ലാ, സംസ്ഥാന കമ്മിറ്റികള്‍ അന്വേഷണം നടത്തി കാര്യങ്ങള്‍ ബോധ്യമായിട്ടും കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു.
"നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി പ്രധാനപ്പെട്ട നേതാക്കള്‍ രക്ഷപ്പെടുന്ന കാഴ്ചയാണ് കരുവന്നൂരില്‍ കണ്ടത്. നോട്ട് പിന്‍വലിക്കല്‍ കാലത്ത് കോടികളുടെ കള്ളപ്പണ ഇടപാട് കരുവന്നൂരിലും സമീപത്തെ ബാങ്കുകളിലും നടന്നു. സഹകരണ ബാങ്കുകള്‍ക്ക് മേല്‍ അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അവസരമാണ് സി.പി.എം ഒരുക്കിക്കൊടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെ കണ്ടല ബാങ്കില്‍ 100 കോടിയിലധികം രൂപയാണ് ഇടപാടുകാര്‍ക്ക് നല്‍കാനുള്ളത്. 250 കോടിയുടെ തട്ടിപ്പാണ് ബി.എസ്.എന്‍.എല്‍ സഹകരണ സംഘത്തില്‍ നടന്നത്. ജനങ്ങളുടെ കോടിക്കണക്കിന് രൂപയാണ് നഷ്ടമാകുന്നത്. കരുവന്നൂരിലെ തട്ടിപ്പ് 2011-ല്‍ സി.പി.എമ്മിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടും ഒതുക്കിത്തീര്‍ക്കുകയായിരുന്നു. പാര്‍ട്ടി പിന്തുണയിലാണ് കരവന്നൂരിലെ കൊള്ള നടന്നത്"- വി.ഡി സതീശൻ പറഞ്ഞു.
മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ സി.പി.എമ്മിന് വലിയ സന്തോഷമായിരുന്നെന്നും രണ്ട് തവണ തെളിവെടുപ്പിന് വിളിച്ചപ്പോഴും സുധാകരന്‍ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്‍ ഇ.ഡിയില്‍ കുടുങ്ങി എന്നായിരുന്നു ദേശാഭിമാനിയുടെ ഒന്നാം പേജിലെ വര്‍ത്തയെന്നും നിരപരാധികളായ ആരെയെങ്കിലും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്നും വി. ഡി സതീശൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.