തൃശൂര്‍പൂരം കലക്കിയ സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണം- കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. അന്വേഷണം നടക്കുന്നതായി അറിവില്ലെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് വിവരാവകാശ രേഖയക്ക് മറുപടി നല്‍കിയിരിക്കുന്നത്. ഇത് സ്ഥീരികരിക്കുന്ന പ്രതികരണമാണ് തൃശൂര്‍ സിറ്റി പൊലീസും നല്‍കിയത്.
ഇതിലൂടെ തന്നെ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് വ്യക്തമാണ്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സി.പി.എമ്മും ചേര്‍ന്നു ഇത്രയും നാള്‍ കേരള ജനതയെ കബളിപ്പിക്കുകയായിരുന്നു. പൂരം കലക്കിയെന്ന് ആരോപണം നേരിടുന്ന സര്‍ക്കാര്‍ നടത്തുന്ന ഒരു അന്വേഷണത്തിലും കേരള ജനതക്ക് വിശ്വാസമില്ല.
പൂരംകലക്കിയത് സംബന്ധിച്ച് പൊലീസ് മേധാവി അന്വേഷിക്കുമെന്നും ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. അഞ്ചുമാസം പിന്നിടുമ്പോഴും അന്വേഷണമെന്നത് വെറും പ്രഖ്യാപനത്തിലും പ്രഹസനത്തിലും മാത്രം ഒതുങ്ങി. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുവരെ അതിന് മുഖ്യമന്ത്രിയും സര്‍ക്കാരും തയാറാകാതിരുന്നത് അന്വേഷണം നടക്കാത്തത് കൊണ്ടാണ്. ബി.ജെ.പിയെ തൃശൂര്‍ വിജയിപ്പിക്കുന്നതിന് സി.പി.എമ്മും ആർ.എസ്.എസും നടത്തിയ ഗൂഢാലോചനയുടെ നേര്‍ചിത്രമാണ് വിവരാവകാശ രേഖലയിലൂടെ പുറത്തുവന്നത്.
ആർ.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മുഖ്യമന്ത്രി പൂരം കലക്കിയതിന്റെ അന്വേഷണ ചുമതലയേല്‍പ്പിച്ചതും അന്വേഷണം അട്ടിമറിക്കാനുള്ള ലക്ഷ്യത്തോടെയാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എ.ഡി.ജി.പിക്കെതിരെ സ്വർണക്കടത്ത്, കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സര്‍വീസില്‍ നിന്ന് പുറത്താക്കാതെ സംരക്ഷിക്കുന്നതിന് പിന്നില്‍ ഇതിനെല്ലാമുള്ള പ്രത്യുപകാരമാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാണ് തൂശൂരില്‍ ബി.ജെ.പിയെ വിജയിപ്പിക്കാനുള്ള രഹസ്യ ക്വട്ടേഷന്‍ ഏറ്റെടുത്ത് സി.പി.എം നടപ്പാക്കിയതെന്നും കെ. സുധാകരന്‍ ആരോപിച്ചു.
ആർ.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ സംരക്ഷിക്കുന്നത് എന്തിനാണെന്ന് ഘടക കക്ഷികളെയും സ്വന്തം അണികളെയും പോലും ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടുണ്ടോ? തൃശ്ശൂര്‍പൂരം കലക്കിയതിന്റെ ഗൂഢശക്തിയാരാണെന്ന് കേരള ജനതക്ക് അറിയണം. ആരോപണവിധേയനെ ഉപയോഗിച്ച് കേസ് അന്വേഷിപ്പിക്കുന്ന വിചിത്രമായ കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. കള്ളനെ താക്കോല്‍ ഏല്‍പ്പിക്കുക എന്നൊക്കെ കേട്ടിട്ടേയുള്ളൂ.
എന്നാലത് ഇപ്പോള്‍ പിണറായി ഭരണത്തില്‍ കാണുകയാണ്. സംഘപരിവാര്‍ മനസുള്ള മുഖ്യമന്ത്രിക്ക് ആർ.എസ്.എസ് ബന്ധമുള്ളവരെ സംരക്ഷിക്കുന്നത് ക്രെഡിറ്റാണ്. മുഖ്യമന്ത്രിക്ക് സംഘപരിവാറിനെ ഭയമാണ്. സി.പി.എമ്മിലെ കാവിവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് സി.പി.എമ്മിനെ നയിക്കുന്നത്. അതാണ് സി.പി.എം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ജീർണതയെന്നും കെ. സുധാകരന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.