പൗരത്വനിയമം: ശക്തമായ പ്രതിഷേധം ഉയരണം -ഐ.എൻ.എൽ
text_fieldsകോഴിക്കോട്: പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാട് ധീരമായ രാഷ്ട്രീയ കാഴ്ചപ്പാടാണ് ഉയർത്തിക്കാട്ടുന്നതെന്നും തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ മതധ്രുവീകരണം ലക്ഷ്യമിട്ട് നടത്തുന്ന മോദി സർക്കാറിൻ്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്‍റ് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു.
2019ൽ പാസ്സാക്കിയ നിയമത്തിന് നാല് വർഷത്തിനു ശേഷം ചട്ടങ്ങളുണ്ടാക്കി വിജ്ഞാപനമി റക്കിയിരിക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്ന് വളരെ വ്യക്തമാണ്. പൗരന്മാരെ പലതട്ടുകളിലാക്കി ഭിന്നിപ്പിൻ്റെയും വൈരത്തിൻ്റെയും അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഹിന്ദുത്വ ശക്തികളുടെ ആസൂത്രിത നീക്കത്തിനു പിന്നിൽ ആർ.എസ്.എസിൻ്റെ ദീർഘകാല പദ്ധതിയുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് പൗരത്വ നിയമ ഭേദഗതിയെ മതേതര ജനാധിപത്യ വിശ്വാസികൾ തുടക്കം മുതൽ ശക്തമായി എതിർത്തത്.
എതിർപ്പിൻ്റെ മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പിൻവലിഞ്ഞ മോദി സർക്കാർ, തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയ ഈ ഘട്ടത്തിൽ വിവാദ വിഷയം വീണ്ടും എടുത്തിടുന്നത് മതഭ്രാന്ത് വിതച്ച് വോട്ട് കൊയ്യാമെന്ന ഹീന ലക്ഷ്യത്തോടെയാണ്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31നോ മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിമിതര വിഭാഗങ്ങൾക്ക് പൗരത്വമാവാമെന്നും ഇസ്ലാം മത വിശ്വാസികൾക്ക് അതിന് അർഹതയില്ലെന്നുമുള്ള കാഴ്ചപ്പാട് പച്ചയായ വർഗീയതയാണ്. മതാടിസ്ഥാനത്തിൽ പൗരന്മാരെ വിഭജിക്കുന്നത് ഭരണഘടനാതത്ത്വങ്ങളുടെ നഗ്നമായ ലംഘനമാണ്.
ഇത് അനുവദിക്കില്ല എന്ന മുഖ്യമന്ത്രിയുടെ ആർജവമുള്ള നിലപാട് മറ്റു സംസ്ഥാന സർക്കാറുകളും പിന്തുടർന്നാൽ മോദിക്കും അമിത് ഷാക്കും മുട്ടുമടക്കേണ്ടിവരും. നമ്മുടെ രാജ്യത്തിൻ്റെ പാമ്പര്യത്തോടും ജനങ്ങളോടുമുള്ള ഈ വെല്ലുവിളിക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിനെതിരെ ഐ.എൻ.എൽ നാടൊട്ടുക്കും പ്രതിഷേധ പ്രകടനങ്ങൾ നടത്തണമെന്നും ഐ.എൻ.എൽ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.