അൺ എയ്ഡഡ് സ്‌കൂളുകളിൽ ഏകീകൃത ഫീസ് ഘടന വേണം -ബാലാവകാശ സംരക്ഷണ കമീഷൻ
text_fieldsതിരുവനന്തപുരം: സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകൾക്ക് ഏകീകൃത ഫീസ് ഘടന ഉണ്ടാകണമെന്നും ഫീസ് കുടിശ്ശിക വരുത്തിയതിന്‍റെ പേരിൽ കുട്ടികളെ ഓൺലൈൻ ക്ലാസുകളിൽനിന്ന് പുറത്താക്കരുതെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ഉത്തരവ് പുറപ്പെടുവിച്ചു.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകൾക്ക് നിലവിൽ ഏകീകൃത ഫീസ് ഘടനയില്ല. ഓരോ സ്‌കൂളും വ്യത്യസ്ത തരത്തിലാണ് ഫീസ് ഈടാക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ സ്‌കൂളുകൾ അടഞ്ഞുകിടക്കുന്ന കാലത്തും ട്യൂഷൻ ഫീസിന് പുറമെ സ്‌പെഷൽ ഫീ, മെയിന്‍റനൻസ് ഫീ, ബസ് ഫീ തുടങ്ങി വിവിധ ഇനങ്ങളിൽ വൻ തുകകൾ സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകൾ ഈടാക്കുന്നതായും ഫീസ് കുടിശ്ശിക വരുത്തുന്ന കുട്ടികളെ ഓൺലൈൻ ക്ലാസിൽനിന്ന് പുറത്താക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നും ലഭിച്ച 56 പരാതികൾ തീർപ്പാക്കിയാണ് കമീഷൻ ഉത്തരവ്.
സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥി പ്രവേശനം, ഫീസ് ഘടന, സിലബസ്, പാഠപുസ്തകങ്ങൾ, രക്ഷാകർതൃ സമിതികൾ, കുട്ടികളുടെ ജനാധിപത്യ വേദികൾ, അധ്യാപകരുടെ നിയമനം, വേതനം തുടങ്ങിയവക്കായി സംസ്ഥാന സർക്കാർ പ്രത്യേക നിയമ നിർമാണം നടത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കമീഷന്‍റെ ഉത്തരവിൻമേൽ തുടർനടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തിയതായും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.