മനുഷ്യരും മതങ്ങളും തമ്മിൽ സ്‌നേഹം ഉണ്ടാകണം; സാദിഖലി തങ്ങളുടെ യാത്ര തുടരണമെന്ന് ജിഫ്രി തങ്ങൾ
text_fieldsകോഴിക്കോട്: ഇസ്‍ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട ആശയം സ്‌നേഹവും സൗഹൃദവുമാണെന്നും അത് ഉണ്ടാക്കാൻ സാദിഖലി തങ്ങൾ നടത്തുന്ന യാത്ര കേരളത്തിലും പുറത്തും ഇനിയും നടത്തണമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. കോഴിക്കോട് സംഘടിപ്പിച്ച സ്നേഹസദസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങൾ നടത്തിയ യാത്രയും അതിന്റെ വാർഷികവും ചരിത്രമാണ്. ഇനിയും ഇത് പുതുക്കിക്കൊണ്ടേയിരിക്കണം. മനുഷ്യർ തമ്മിലും മതങ്ങൾ തമ്മിലും സ്‌നേഹം ഉണ്ടാകണമെന്നും ജിഫ്രി തങ്ങൾ ചൂണ്ടിക്കാട്ടി.
അല്ലാഹുവിന്റെ സർവ സൃഷ്ടികളെയും നമ്മൾ സ്‌നേഹിക്കണം. ഇതുപോലുള്ള സ്‌നേഹ സംഗമങ്ങൾക്ക് പ്രചോദനം നൽകണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും അതിനോട് സഹകരിക്കണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
മുസ്‍ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത സ്‌നേഹ സദസ്സിന്റെ വാർഷികത്തിന്‍റെ ഉദ്ഘാടനം തെലങ്കാന മുഖ്യമന്ത്രിയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ രേവന്ത് റെഡ്ഡി നിർവഹിച്ചു. നരേന്ദ്ര മോദി പറയുന്ന ഗാരന്റിയുടെ വാറന്റി കഴിഞ്ഞതായി രേവന്ത് റെഡ്ഡി പറഞ്ഞു.
രാജ്യത്തെ വിഭജിക്കുന്ന പ്രഭാഷണങ്ങളുമായാണ് മോദി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശത്തിന്റെ താൽപര്യം സംരക്ഷിക്കാനല്ല ബി.ജെ.പി ശ്രമിക്കുന്നത്. മോദിയുടെ പ്രവൃത്തികൾ രാജ്യത്തിന് ഗുണകരമല്ല. പ്രധാനമന്ത്രിയായിരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നും അദ്ദേഹം പറഞ്ഞു.
ദലിത്, ന്യൂനപക്ഷ സംവരണം എടുത്തുകളയാൻ വേണ്ടിയാണ് ഇത്തവണ 400 സീറ്റ് വേണമെന്ന് ബി.ജെ.പി മോഹിക്കുന്നത്. കേരളത്തിലെ യു.ഡി.എഫ് ഇൻഡ്യ സഖ്യത്തിന് മാതൃകയാണ്. ദക്ഷിണേന്ത്യയിൽ നിന്നുമാത്രം ഇൻഡ്യ സഖ്യം നൂറിലധികം സീറ്റ് നേടും. സാദിഖലി ശിഹാബ് തങ്ങളുടെ സ്‌നേഹ സദസ്സ് രാജ്യത്തിനുള്ള സന്ദേശമാണ്. ഈ സന്ദേശം രാജ്യത്തുടനീളം പരക്കണം.
ഒരു വർഗീയ ശക്തികളെയും കേരളം ഈ മണ്ണിലേക്ക് പ്രവേശിക്കാൻ സമ്മതിച്ചിട്ടില്ല. ഇക്കാര്യത്തിൽ അഭിമാനിക്കുകയും അതോടൊപ്പം അസൂയപ്പെടുകയും ചെയ്യുന്നുണ്ട്. സമൂഹത്തെ ഒന്നിച്ച് മുന്നോട്ടുപോകാൻ കേരളം പുലർത്തുന്ന ജാഗ്രതയെ രാജ്യം മാതൃകയാക്കണമെന്നുംരേവന്ത് റെഡ്ഡി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.