മുന്നറിയിപ്പ് ആവർത്തിച്ച് മുഖ്യമന്ത്രി; വ്യവസായികളോട് ശത്രുത മനോഭാവം പാടില്ല
text_fieldsതിരുവനന്തപുരം: വ്യവസായ രംഗത്തുള്ളവർ നാടിനെ നല്ലതുപോലെ സേവിക്കുകയാണ് ചെയ്യുന്നതെന്നും അവരോട് ശത്രുത മനോഭാവം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
അപൂർവം ചില ഉദ്യോഗസ്ഥരിൽനിന്ന് ഈ മനോഭാവം ഉണ്ടാകുന്നുണ്ടെന്നും ഏതൊരാൾക്കും ഇവിടെ വ്യവസായം തുടങ്ങാൻ തടസ്സങ്ങളില്ലെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഏകീകൃത തദ്ദേശ ഭരണ വകുപ്പ് പ്രഖ്യാപനവും തദ്ദേശ ഭരണ ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്ഥാപനങ്ങളിലെ പ്രവർത്തനം ജനപ്രതിനിധികളെ മാത്രംവെച്ചല്ല നടക്കുന്നത്. ഉദ്യോഗസ്ഥർക്കും അതിൽ പങ്കുണ്ട്. ഉദ്യോഗസ്ഥർ നല്ലരീതിയിൽ ജനങ്ങളെ സേവിക്കുന്നവരാണ്. എന്നാൽ, അങ്ങനെയല്ലാത്ത ചിലരുണ്ട്. വല്ലാത്ത അതിമോഹത്തിന് ഇരയാകുന്ന ഇവർ വലിയൊരുനിക്ഷേപം വരുമ്പോൾ അതിന്റെ ഒരുഭാഗം തനിക്ക് വേണമെന്ന് പറയാൻ മടിക്കാറില്ല. അത്തരം ഉദ്യോഗസ്ഥർക്ക് സാധാരണ ഗതിയിൽ വീട്ടിൽനിന്ന് അധികനാൾ ഭക്ഷണം കഴിക്കാനാകില്ല. അവർക്ക് ജയിലിൽ സർക്കാർ ചെലവിൽ ഭക്ഷണം കഴിക്കേണ്ട സ്ഥിതിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
വികസന പ്രശ്നങ്ങളെ തദ്ദേശ സ്ഥാപനങ്ങൾ വിശാലമായ കാഴ്ചപ്പാടോടെ വിലയിരുത്തണം. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ നിഷേധാത്മക സമീപനം ഉണ്ടാകരുത്. സർക്കാർ സേവനങ്ങൾ പൗരന്റെ അവകാശമാണെന്ന ബോധ്യം ജീവനക്കാർക്കുണ്ടാകണം. അതിനായി പൗരാവകാശരേഖ കൊണ്ടുവരും. നാടിന്റെ വികസനമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.
വിവിധ ഘടകങ്ങൾ ഒത്തുവരുമ്പോഴാണ് വികസനം പൂർത്തിയാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രി എം.വി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി.ആർ. അനിൽ, ആന്റണി രാജു, വി. ശിവൻകുട്ടി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫിയും മഹാത്മ അയ്യങ്കാളി പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.