ആരോഗ്യ മന്ത്രിയുടെ ഓഫിസിനെതിരെ നടന്നത് ഗൂഢാലോചന -മുഖ്യമന്ത്രി
text_fieldsകണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഓഫിസിനെതിരെ ഗൂഢാലോചന നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബസംഗമം ധർമടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇല്ലാത്ത കഥ ഉപയോഗിച്ചാണ് ആരോപണം ഉന്നയിക്കുന്നത്. ചില മാധ്യമ സ്ഥാപനങ്ങളും വ്യക്തികളുമാണ് ഈ ഗൂഢാലോചനക്കുപിന്നിൽ. ഇത്തരം ഗൂഢാലോചന ആദ്യത്തേതോ അവസാനത്തേതോ അല്ല. ഇതിനൊന്നും അധികകാലം ആയുസ്സുണ്ടാകില്ല. ആരോഗ്യ വകുപ്പിന്റേത് മികച്ച പ്രവർത്തനമാണ്.
ദേശീയ അന്വേഷണ എജൻസികൾ കേരളത്തിൽ വട്ടമിട്ട് പറക്കുകയാണ്. വർഗീയതക്കെതിരെ കോൺഗ്രസ് ശക്തമായ നിലപാടെടുക്കുന്നില്ല. കേന്ദ്രത്തിനെതിരെ ഒരുമിച്ചു നിൽക്കാൻ കേരളത്തിലെ കോൺഗ്രസ് എം.പിമാർ തയാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
1996ൽ പയ്യന്നൂരിൽനിന്ന് മത്സരിച്ചപ്പോൾ തനിക്കെതിരെയും ആരോപണമുണ്ടായി. ഞാന്‍ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കുമെന്നും മന്ത്രിയാകുമെന്നും മനസ്സിലാക്കിയാണത്. ഏതെല്ലാം തരത്തിൽ കഥ മെനയാമെന്നതിന്റെ തെളിവായിരുന്നു അത്. അന്നത് ഒറ്റപ്പെട്ട രീതിയായിരുന്നു. ഇന്നത് വ്യാപകമായി.
2016ൽ എൽ.ഡി.എഫ് അധികാരത്തിലെത്തി. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പുവന്നു. അന്ന് ഒരു സീറ്റുമാത്രമേ ഇടതുപക്ഷത്തിന് നേടാനായുള്ളൂ. യു.ഡി.എഫിന് വമ്പിച്ച വിജയം. എന്നിട്ടും 2021ൽ വീണ്ടും എൽ.ഡി.എഫ് തെരഞ്ഞെടുക്കപ്പെട്ടുവെന്നും ആരോപണങ്ങൾക്ക് അധികം ആയുസ്സുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.