തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമമുണ്ടായി -മുഖ്യമന്ത്രി
text_fieldsതൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷിച്ച് ഈ മാസം 24നകം റിപ്പോർട്ട് നൽകണമെന്ന് താൻ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തേക്കിൻകാട് മൈതാനത്ത് സി.പി.എം സംഘടിപ്പിച്ച അഴീക്കോടൻ രക്തസാക്ഷി ദിനാചരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങൾ പലതും പെരുപ്പിച്ച് കാണിക്കാൻ ശ്രമിക്കുകയാണ്. പൂരം കലക്കാൻ ശ്രമമുണ്ടായിട്ടുണ്ട്. അത് അന്വേഷിച്ച് നാല് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ പൊലീസിനെ ചുമതലപ്പെടുത്തി. ഇന്ന് 23 ആണ്. റിപ്പോർട്ട് ഡി.ജി.പിയുടെ കൈവശം എത്തിയതായി മാധ്യമങ്ങൾ വഴി അറിഞ്ഞു. നാളെ ഞാൻ തിരുവനന്തപുരത്തെത്തും. നാളെ എത്തിക്കഴിഞ്ഞാൽ അതിന്റേതായ മാർഗത്തിൽ റിപ്പോർട്ട് എന്റെയടുത്തെത്തും. റിപ്പോർട്ടിൽ ഇന്നതൊക്കെ കാര്യങ്ങളുണ്ട് എന്നുപറഞ്ഞ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കണ്ടു. ഇവർക്ക് എവിടെനിന്നാണ് ഈ വിവരങ്ങൾ കിട്ടിയത്. മനസ്സിലാക്കുന്നു, അറിയുന്നു എന്നൊക്കെ പറഞ്ഞ് സ്വന്തം ആഗ്രഹത്തിലുള്ള കാര്യങ്ങൾ എഴുതിവെക്കുകയാണ്.
മൂന്നോ നാലോ ദിവസങ്ങൾ കാത്തിരുന്നാൽ യഥാർഥ വസ്തുത പുറത്തുവരുമല്ലോ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇവരുടെ ശ്രമം. പറയുന്നത് ശരിയല്ലെങ്കിൽ എത്രമാത്രം നെറികേടാണ് നിങ്ങൾ ചെയ്യുന്നതെന്ന ബോധ്യം വേണമെന്നും പിണറായി പറഞ്ഞു.
വയനാട് ദുരന്തത്തിൽ കേന്ദ്രത്തിൽനിന്നും ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ല. പ്രധാനമന്ത്രി ഇവിടെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ കണ്ടിരുന്നു. പിന്നീട് ഡൽഹിയിൽ പോയി കണ്ട് നിവേദനം സമർപ്പിച്ചു.
ഒരു സഹായവും ലഭിച്ചിട്ടില്ല. അതിനുശേഷം ദുരന്തമുണ്ടായ സ്ഥലങ്ങൾക്കടക്കം കേന്ദ്രം സഹായം നൽകി. അതുസംബന്ധിച്ച് ഏതെങ്കിലും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തോ? എങ്ങനെയെങ്കിലും നാട് തകർന്നാൽ മതി എന്നാണ് വലതുപക്ഷ മാധ്യമങ്ങളുടെ ഉള്ളിലിരിപ്പ്. ഇടതുപക്ഷത്തെ എങ്ങനെയെങ്കിലും അങ്ങ് തകർത്തുകളയാം എന്നാണ് ചില മാധ്യമങ്ങൾ കരുതുന്നത്. മാധ്യമങ്ങൾ കോൺഗ്രസ്, ബി.ജെ.പി വക്താക്കളാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.