പൊലീസിനെതിരെ വിമർശനം ഉണ്ടായെന്ന് കോടിയേരി
text_fieldsതിരുവനന്തപുരം: പൊലീസുമായി ബന്ധപ്പെട്ട ചില സംഭവങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്ന ചില വിമർശനങ്ങൾ പാർട്ടി സമ്മേളനങ്ങളിൽ ഉണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അത് സ്വാഭാവികമാണ്. അതിനപ്പുറം പൊലീസിനെയാകെ തള്ളിപ്പറയുകയോ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയോ ചെയ്യുന്ന നിലപാട് പാർട്ടിയുടെ ഒരു സമ്മേളനവും സ്വീകരിച്ചിട്ടില്ലെന്ന് പാർട്ടിപത്രത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി.
പൊലീസിനും പൊലീസ് ഭരണത്തിനും പാർട്ടി സമ്മേളനത്തിൽ ശകാരവർഷമുണ്ടായി എന്ന വാർത്തകൾ ഭാവനയാണ്. പൊലീസ് സേനക്ക് എതിരായ ഒറ്റപ്പെട്ട ആക്ഷേപങ്ങളുടെ പേരിൽ മുഖ്യമന്ത്രിയെയും സർക്കാറിനെയും അപകീർത്തിപ്പെടുത്താൻ യു.ഡി.എഫ്-ബി.ജെ.പി നേതാക്കളും ചില വർഗീയ സംഘടനകളും ഇറങ്ങിയിട്ടുണ്ട്. കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യാൻ പൊലീസിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അതിന്റെ ഫലം നാടിന് ലഭിക്കുന്നുണ്ട്. സേനയിലെ ചിലരിൽനിന്ന് ഒറ്റപ്പെട്ട ആക്ഷേപങ്ങൾക്ക് ഇടവരുത്തുന്നുണ്ട്. അരലക്ഷം പേരുള്ള പൊലീസ് സേന യന്ത്രമനുഷ്യരുടേതല്ല. സംസ്കാരത്തിന് നിരക്കാത്ത പ്രവൃത്തി തുടരുന്നവരെ െവച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനഭരണം, സി.പി.എം, പൊലീസ് എന്നിവയെ ബന്ധിപ്പിച്ച് തീയില്ലാതെ പുക സൃഷ്ടിക്കാനുള്ള കുരുട്ടുവിദ്യകൾ ചില രാഷ്ട്രീയകേന്ദ്രങ്ങളും മാധ്യമങ്ങളും പുറത്തെടുത്തിരിക്കുകയാണ്. അതിനുവേണ്ടി സി.പി.എം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള ജില്ല പ്രതിനിധി സമ്മേളനങ്ങളിലെ ഉൾപ്പാർട്ടി ചർച്ചയും നേതൃത്വത്തിന്റെ മറുപടിയും ഊഹാപോഹത്തിന്റെയും കേട്ടുകേൾവിയുടെയും അടിസ്ഥാനത്തിൽ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്താൻ നോക്കുകയാണ് -കോടിയേരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.