മുശാവറയിൽ ഒരു പൊട്ടിത്തെറിയും ഉണ്ടായിട്ടില്ല -ഉമർ ഫൈസി മുക്കം
text_fieldsമലപ്പുറം: സമസ്ത മുശാവറയിൽ ഒരു പൊട്ടിത്തെറിയും ഉണ്ടായിട്ടില്ലെന്ന് മുശാവറ അംഗം ഉമർ ഫൈസി മുക്കം. കാവനൂരിൽ എസ്.കെ.എസ്.എസ്.എഫ് ആദർശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത മുശാവറയിൽനിന്ന് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയെന്ന് ചില ചാനലുകൾ കള്ളം പ്രചരിപ്പിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച്, മുസ്ലിംലീഗ് അനുകൂലികൾ വാർത്ത സൃഷ്ടിക്കുകയാണെന്നും ഉമർ ഫൈസി മുക്കം ആരോപിച്ചു.
ആരാധനാലയങ്ങളുമായും മദ്രസകളുമായും ബന്ധപ്പെട്ട ഗൗരവമുള്ള ചർച്ചകളും തീരുമാനങ്ങളുമാണ് മുശാവറയിൽ ഉണ്ടായത്. ഉത്തരേന്ത്യയിലും മറ്റും ഓരോ പള്ളിയിലും വിഗ്രഹങ്ങൾ ഉണ്ടായിരുന്നു എന്നു പറഞ്ഞ് ഓരോന്ന് കുത്തിപ്പൊക്കുകയാണ്. അതിനനുസരിച്ച് കോടതികൾ സർവേ നടത്തണമെന്ന് പറയുകയാണെന്നും ഉമർ ഫൈസി മുക്കം ചൂണ്ടിക്കാട്ടി.
അതിനിടെ, മുക്കം ഉമർ ഫൈസിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തിലെ പ്രമുഖനും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസമദ് പൂക്കോട്ടൂർ രംഗത്തെത്തി. സമസ്തയിൽ അധ്യക്ഷന്‍റേത് അവസാന വാക്കാണെന്നും അത് അനുസരിക്കേണ്ടത് സമസ്ത അംഗങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത അധ്യക്ഷൻ യോഗത്തിൽ നിന്ന് പുറത്ത് നിൽക്കാൻ പറഞ്ഞാൽ പുറത്തു നിൽക്കണം. ചർച്ചക്ക് ശേഷം എടുക്കുന്ന തീരുമാനത്തിനായി കാത്തിരിക്കാൻ നമ്മൾ ബാധ്യസ്തരാണ്. മുക്കം ഉമർ ഫൈസി നടത്തിയത് ഗുരുതര അച്ചടക്കലംഘനമാണെന്നും അബ്ദുസമദ് പൂക്കോട്ടൂർ ചൂണ്ടിക്കാട്ടി.
ബുധനാഴ്ച കോഴിക്കോട്ട് ചേർന്ന സമസ്ത മുശാവറ യോഗത്തിൽ നിന്ന് അധ്യക്ഷനായ ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയെന്നാണ് റിപ്പോർട്ടുകൾ. മുശാവറ അംഗങ്ങളെ കള്ളന്മാർ എന്നുവിളിച്ച മുക്കം ഉമർ ഫൈസിയുടെ നിലപാടിൽ പ്രതിഷേധമുയർത്തിയാണത്രെ ജിഫ്രി തങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. ഡോ. ബഹാഉദ്ദീൻ നദ്വി അടക്കമുള്ള മുശാവറ അംഗങ്ങളുമായും ഉമർ ഫൈസി കൊമ്പുകോർത്തു. ഇതോടെ സമസ്ത വൈസ് പ്രസിഡന്‍റ് യു.എം. അബ്ദുറഹ്മാൻ മുസ്ലിയാർ യോഗം പിരിച്ചുവിട്ടതായി അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.