ആശുപത്രിയിൽ പോകാൻ പണമില്ലായിരുന്നു; പ്രസവം കഴിഞ്ഞയുടൻ അവൾ പോയി'
text_fieldsചടയമംഗലം: വീട്ടിൽ പ്രസവിച്ചതിനെതുടർന്ന് യുവതിയും നവജാത ശിശുവും മരിച്ച വാർത്തയിൽ തരിച്ച് നിലമേൽ നിവാസികൾ. വെള്ളിയാഴ്ച പുലർച്ച കള്ളിക്കാട്ടെ ചായക്കടയിൽ എത്തിയ അനിൽ തന്‍റെ ഭാര്യയുടെയും നവജാത ശിശുവിന്‍റെയും മരണവിവരം പൊട്ടിക്കരഞ്ഞുകൊണ്ട് വിവരിച്ചപ്പോഴാണ് നാട്ടുകാർ വിവരമറിഞ്ഞത്.
'രാത്രി ഒന്നിനാണ് അശ്വതിക്ക് പ്രസവവേദനയുണ്ടായത്. ഞാന്‍ പ്രസവമെടുത്ത ശേഷം കുഞ്ഞിനെ മൂത്ത മകനെ ഏല്‍പ്പിച്ചു. അശ്വതിക്ക് കഞ്ഞിവെള്ളവും ചൂടുവെള്ളവും കൊടുത്തു. പിന്നീട് എന്നെ അടുത്ത് വിളിച്ച് വെള്ളം ചോദിക്കുകയും ഉടൻ അവള്‍ മരിക്കുകയുമായിരുന്നു'-അനിൽ പറഞ്ഞു.
അനിൽ പറഞ്ഞുതീർന്നതും നാട്ടുകാർ വീട്ടിലേക്ക് പാഞ്ഞു. യുവതിയുടെയും നവജാത ശിശുവിന്‍റെയും മൃതദേഹങ്ങളും അരികിൽ ഇരിക്കുന്ന മൂത്ത മകനെയുമാണ് അവർ കണ്ടത്.
നിലമേൽ പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കള്ളിക്കാട്ടെ ആളൊഴിഞ്ഞ മേഖലയിൽ കുടുംബത്തിന് ഭൂമി വാങ്ങി വീട് വെച്ച് നൽകിയത്. വഴിയില്ലാത്ത സ്ഥലത്തേക്ക് റോഡിൽനിന്ന് ഏറെദൂരം നടന്നുവേണം എത്താൻ. വിജനപ്രദേശമായതിനാൽ അനിലിന്റെയും കുടുംബത്തിന്റെയും വിവരങ്ങളൊന്നും പുറംലോകം അറിഞ്ഞിരുന്നില്ല.
നേരേത്തയും വീട്ടിൽവെച്ച് അശ്വതി പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ വിവരവും പുറത്തറിഞ്ഞില്ല. മാസങ്ങൾക്ക് മുമ്പ് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. പിന്നീട് അശ്വതിയുടെ നെടുമങ്ങാട്ടെ ബന്ധുവീട്ടിലായിരുന്നു താമസിച്ചുവന്നതെന്ന് പറയുന്നു.
ഓണത്തിനാണ് കള്ളിക്കാട്ടെ വീട്ടിൽ മടങ്ങിയെത്തിയത്. പണമില്ലാത്തതിനാലാണ് ആശുപത്രിയിൽ പോകാതിരുന്നതെന്ന വിശദീകരണമാണ് കൂലിപ്പണിക്കാരനായ അനിൽ പൊലീസിന് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.