സംസ്ഥാനത്ത് മൂന്ന് വർഷത്തിനിടെ 200 ആശുപത്രി ആക്രമണങ്ങൾ നടന്നു; 170 ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെട്ടു
text_fieldsതിരുവനന്തപുരം : ഡോ.വന്ദന ദാസ് കൊല്ലപ്പെട്ടതോടെ ആശുപത്രി ആക്രമണങ്ങൾ ചർച്ചയാവുകയാണ്. മൂന്ന് വർഷങ്ങൾക്കിടെ 200 ആശുപത്രി ആക്രമണങ്ങൾ സംസ്ഥാനത്ത് നടന്നതായി ഐ.എം.എ പറയുന്നു. രണ്ട് വർഷത്തിനിടെ 170 ആരോഗ്യപ്രവർത്തകരാണ് ആക്രമിക്കപ്പെട്ടത്.
2012ലെ ആശുപത്രി സംരക്ഷണ നിയമപ്രകാരം അക്രമികൾക്ക് മൂന്ന് വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ആ നിയമപ്രകാരം ഒരാളെപ്പോലും ശിക്ഷിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. നിയമം കർശനമാക്കാൻ പുതിയ ഓർഡിനൻസ് കൊണ്ടുവരുമെന്ന് മന്ത്രിയുൾപ്പെടെ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. അക്രമങ്ങൾ ദിനംപ്രതി പെരുകുകയാണ്.
ദുരന്തനിവാരണ വിദഗ്ദ്ധനായ മുരളി തുമ്മാരുകുടി ഏപ്രിൽ ഒന്നിന് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിങ്ങനെ `മാസത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകരാണ് കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ ആക്രമണത്തിന് ഇരയാകുന്നത്. ഭാഗ്യവശാൽ ഇതുവരെ ആരും മരിച്ചില്ല. ഭാഗ്യം മാത്രമാണ്. അത്തരത്തിൽ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്.' ഇതാ
ഒരു മാസം പിന്നിട്ടപ്പോൾ ഡോ.വന്ദന ദാസ് എന്ന യുവ വനിതാ ഡോക്ടർ കേരളത്തിന്റെ തീരാനൊമ്പരമായി കൊല്ലപ്പെട്ടിരിക്കുകയാണ്. ആശുപത്രികളിൽ ആരോഗ്യപ്രവർത്തകരുടെ നിലവിളികൾ കേട്ടിട്ടും കേട്ടില്ലെന്ന് നടിച്ച അധികൃതർക്ക് മുകളിലാണ് വന്ദനയുടെ കൊലപാതകം തീർത്ത കണ്ണീർ വീഴുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.