തുറമുഖ നിര്‍മ്മാണം നടക്കുമ്പോള്‍ തീരശോഷണം ഉണ്ടാകും-വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം:തുറമുഖ നിര്‍മ്മാണം നടക്കുമ്പോള്‍ തീരശോഷണം ഉണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് സര്‍ക്കാര്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആ പാക്കേജാണ് എൽ.ഡി.എഫ് സർക്കാർ അട്ടിമറിച്ചു.
തുറമുഖ നിര്‍മ്മാണം കൊണ്ട് ഒറു തീരശോഷണവും ഉണ്ടായിട്ടില്ലെന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള തീരശോഷണമാണെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. അദാനിയുടെയും സര്‍ക്കാരിന്റെയും നിലപാട് ഒന്നാണ്. അഞ്ച് വര്‍ഷം കൊണ്ട് വലിയതുറയില്‍ മാത്രം അഞ്ച് വരി വീടുകളാണ് കടലെടുത്തത്. കൊച്ച്‌തോപ്പ് മുതല്‍ തുമ്പ വരെയുള്ള തീരം തുറമുഖ നിര്‍മ്മാണത്തിന്റെ ദുരന്തഫലം അനുഭവിക്കുകയാണ്.
അതിരൂപത നടത്തുന്ന വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരം സര്‍ക്കാരിനെ അട്ടിമറിക്കാനല്ല; ആസൂത്രിത സമരമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീരദേശവാസികളുടെ സങ്കടങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാനാണ് അതിരൂപതയുടെ നേതൃത്വത്തില്‍ സമരം നടത്തുന്നത്. പുറത്ത് നിന്ന് ആളെ കൊണ്ടുവന്നാണ് സമരം നടത്തുന്നതെന്ന് പറയുന്നതും ഗൂഡാലോചനയുണ്ടെന്ന് പറയുന്നതും പ്രതിഷേധാര്‍ഹമാണ്. ആ സമരം നടക്കുന്നത് കൊണ്ടാണ് വലിയതുറയിലെ സിമെന്റ് ഗോഡൗണില്‍ കിടക്കുന്ന പാവങ്ങളെ വാടക വീട്ടിലേക്ക് മാറ്റാമെന്ന് മുഖ്യമന്ത്രിക്ക് ഇന്ന് പറയേണ്ടി വന്നത്.
തുറമുഖ പദ്ധതി പനത്തുറ മുതല്‍ വലിയവേളി വരെയുള്ള 7876 വീടുകളില്‍ മൂവായിരം വീടുകളെ പദ്ധതി ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്ഥലം ഏറ്റെടുക്കലിനും വീട് നിര്‍മ്മാണത്തിനും 350 കോടിയും ജീവനോപാദിക്ക് 59 കോടിയും ഉള്‍പ്പെടെ നീക്കിവച്ച് ഉത്തരവിറക്കിയത്. എന്നാല്‍ ആ പദ്ധതി നടപ്പാക്കാന്‍ തുടര്‍ന്ന് അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ തയാറായില്ല. അല്ലാതെ പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തപ്പോള്‍ നല്‍കിയ നഷ്ടപരിഹാര പക്കേജിനെ കുറിച്ചല്ല പറയുന്നത്. ഇത് തന്നെയാണ് അതിരൂപതയും സമരത്തിലൂടെ ഉന്നയിക്കുന്നത്.
നാലു കൊല്ലമായി ഗോഡൗണില്‍ കിടക്കുന്ന ആ പാവങ്ങള്‍ക്ക് വാടക വീട് കൊടുക്കാമെന്ന് സമരത്തിന് മുന്‍പ് സർക്കാരിന് തോന്നിയില്ല. മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥലത്തെ കുറിച്ച് പോലും സർക്കാർ ആലോചിച്ചത് അതിരൂപത സമരം നടത്തിയത് കൊണ്ടാണ്. സമരക്കാരുമായി സംസാരിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. പാവങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടു വരുന്നത്. എന്നാല്‍ നിഷേധാത്മകമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
മണ്ണെണ്ണ വില കൂട്ടിയതിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ മണ്ണെണ്ണയ്ക്ക് 46 രൂപ ഉണ്ടായിരുന്നപ്പോഴാണ് യു.ഡി.എഫ് സര്‍ക്കാര്‍ 25 രൂപ സബ്‌സിഡി നല്‍കിയത്. അതേ സബ്‌സിഡി തന്നെയാണ് 116 രൂപയുള്ളപ്പോഴും തുടരുന്നത്. ഈ സാഹചര്യത്തില്‍ സബ്‌സിഡി വര്‍ധിപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. തമിഴ്‌നാട്ടില്‍ 25 രൂപയ്ക്കാണ് മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ നല്‍കുന്നത്.
അത്രയും സബ്‌സിഡി നല്‍കാന്‍ നമ്മുടെ സാമ്പത്തിക സ്ഥിതി അനുവദിക്കില്ലെങ്കിലും സബ്‌സിഡി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.