രണ്ടിടത്ത് മത്സരിക്കില്ല, നേമത്തെ അനിശ്ചിതത്വം ഉടൻ അവസാനിക്കും -ഉമ്മൻ ചാണ്ടി
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കില്ലെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. നേമം മണ്ഡലത്തെ സംബന്ധിച്ച് നിലനിൽക്കുന്ന അനിശ്ചിതത്വം ഉടൻ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. നേമത്ത് കരുത്തനായ സ്ഥാനാർഥി വരുേമാ എന്ന ചോദ്യത്തിന് എല്ലാ മണ്ഡലങ്ങളിലും കരുത്തരാണ് നിൽക്കുന്നതെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി.
നേമം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വരുമെന്ന സൂചനകൾ വരാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. മത്സരിക്കാനുള്ള സന്നദ്ധത ഉമ്മൻചാണ്ടി ഹൈകമാൻഡിനെ അറിയിച്ചെന്നും റിപ്പോർട്ടുണ്ടായിരുന്നു.
സംസ്ഥാനത്തെ ബി.ജെ.പിയുടെ ഏക സിറ്റിങ് സീറ്റായ നേമത്തെ വിജയം കോൺഗ്രസിന് നിർണായകമാണ്. ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ദേശീയതലത്തിൽ തന്നെ നേമം ഉയർത്തിക്കാട്ടാനാകും. അതുകൊണ്ടുതന്നെയാണ് കോൺഗ്രസിലെ ഏറ്റവും ജനകീയനായ നേതാവിനെ തന്നെ നേമത്ത് മത്സരിപ്പിക്കുന്നത്.
നേമത്ത് വി. ശിവൻകുട്ടിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. നിലവിലെ എം.എൽ.എ ഒ. രാജഗോപാൽ ഇത്തവണ മത്സരിക്കാത്ത സാഹചര്യത്തിൽ ബി.ജെ.പി സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. മുൻ അധ്യക്ഷനും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരൻ നേമത്ത് ബി.ജെ.പി സ്ഥാനാർഥിയാകുമെന്നാണ് സൂചന.
2016ലെ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാലിലൂടെ ബി.ജെ.പി ആദ്യമായി സംസ്ഥാനത്ത് നിയമസഭ അക്കൗണ്ട് തുറന്നതോടെയാണ് ഇരുമുന്നണികള്‍ക്കും നേമം അഭിമാന പോരാട്ടമാകുന്നത്. 8671 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാജഗോപാല്‍ ആദ്യമായി നിയമസഭയിലെത്തുന്നത്. അന്ന് ജെ.ഡി(യു)വിന്‍റെ വി. സുരേന്ദ്രൻ പിള്ളയാണ് യു.ഡി.എഫിനായി മത്സരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.