നിയമവിധേയമല്ലാത്തത് ചെയ്യുന്ന ഉദ്യോഗസ്ഥരോട് മൃദുസമീപനം ഉണ്ടാകില്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നിയമവിധേയമല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന ഉദ്യോഗസ്ഥരോട് സർക്കാറിന് മൃദുസമീപനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്തേവാസികൾക്ക് നിയമലംഘനം നടത്താനുള്ള ഒരു സാഹചര്യവും ജയിലുകളിൽ സൃഷ്ടിക്കപ്പെടാൻ പാടില്ല. മൊബൈൽ ഫോൺ ഉപയോഗം, ലഹരി ഉപയോഗം തുടങ്ങി ചെറുതും വലുതുമായ നിയമവിരുദ്ധപ്രവർത്തനങ്ങൾ ഒരുതരത്തിലും ജയിലിൽ പ്രോത്സാഹിപ്പിക്കാൻ പാടില്ല. അസിസ്റ്റന്റ് പ്രിസൺ ഓഫിസർ, ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജയിലിൽ എത്തിപ്പെടുന്നവർ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങുന്നത് പുതിയ വ്യക്തിയായിട്ടാകണം. കുറ്റംചെയ്തവരെ കൊടുംകുറ്റവാളികളാക്കി മാറ്റുന്ന ഒരു സാഹചര്യവും ജയിലുകളിൽ ഉണ്ടാകാൻ പാടില്ല. അത്തരം പരാതികളോട് വിട്ടുവീഴ്ചയുണ്ടാകില്ല.
വിചാരണത്തടവുകാരെ ശിക്ഷിക്കപ്പെട്ടവരെപ്പോലെ കാണുന്ന പ്രവണതയും പാടില്ല. കോടതി ശിക്ഷിക്കുംവരെ അവർ നിരപരാധികളാണെന്ന നിലയിൽത്തന്നെ കാണുകയും സമീപിക്കുകയും വേണം. തടവുകാരുടെ അവകാശങ്ങൾ സംബന്ധിച്ച സുപ്രീംകോടതി നിർദേശങ്ങൾ ഒരുതരത്തിലും ലംഘിക്കാൻ ഇടവരരുത്. സംസ്ഥാനത്തെ ജയിലുകളിൽ കാലാനുസൃതമായ വലിയ മാറ്റമുണ്ടായിട്ടുണ്ട്. പ്രതികാര മനോഭാവത്തോടെ തടവുകാരെ സമീപിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാ സ്വാതന്ത്ര്യങ്ങൾക്കും കൂച്ചുവിലങ്ങിടുന്ന ഒന്നായി ജയിലുകൾ മാറുന്ന സ്ഥിതിയായിരുന്നു അന്ന്. ഇന്ന് അത്തരം അവസ്ഥകളെല്ലാം മാറി. ഇപ്പോൾ ജയിലിനെക്കുറിച്ച സങ്കൽപംതന്നെ തെറ്റുതിരുത്തൽ കേന്ദ്രമെന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂജപ്പുര ശ്രീചിത്തിര തിരുനാൾ സ്റ്റേഡിയത്തിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് ആൻഡ് കറക്ഷനൽ സർവിസ് ബൽറാം കുമാർ ഉപാധ്യായ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.