തെരുവത്ത് രാമന്‍ പുരസ്കാരം ‘മാധ്യമം’ എഡിറ്റർ വി.എം. ഇബ്രാഹീമിന്
text_fieldsകോഴിക്കോട്: മലയാള ദിനപത്രങ്ങളിലെ മികച്ച മുഖപ്രസംഗത്തിനുള്ള കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2023ലെ തെരുവത്ത് രാമന്‍ പുരസ്കാരത്തിന് ‘മാധ്യമം’ എഡിറ്റര്‍ വി.എം. ഇബ്രാഹീം അര്‍ഹനായി. 2023 ഫെബ്രുവരി 14ന് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ‘മലയാളി എങ്ങനെ നിവർന്നുനിൽക്കും’ എന്ന മുഖപ്രസംഗത്തിനാണ് പുരസ്കാരം.
15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം കുടുംബം ഏര്‍പ്പെടുത്തിയതാണ്. പ്രമുഖ മാധ്യമ നിരീക്ഷകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ കെ. ബാലകൃഷ്ണൻ, പ്രസ് ക്ലബ്ബ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വി.ഇ. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡിനു അര്‍ഹമായ മുഖപ്രസംഗം തെരഞ്ഞെടുത്തതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ പ്രസവത്തിന് വന്ന ഭാര്യക്ക് കൂട്ടിരിക്കാനെത്തിയ വയനാട്ടിലെ വിശ്വനാഥൻ എന്ന ആദിവാസി യുവാവിനെ സെക്യൂരിറ്റി ജീവനക്കാരും ആൾകൂട്ടവും ചേർന്ന് മോഷണക്കുറ്റമാരോപിച്ചു മർദിച്ചതിനെ തുടർന്ന് കാണാതാവുകയും പിറ്റേന്നാൾ മെഡിക്കൽ കോളജിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവമായിരുന്നു മുഖപ്രസംഗത്തിന്റെ വിഷയം. ആൾകൂട്ടം കുറ്റവും ശിക്ഷയും വിധിക്കുകയും പൊലീസും നിയമവും നിസ്സംഗം നോക്കിനിൽക്കുകയും ചെയ്ത കിരാതസംഭവത്തിനെതിരായ പ്രതികരണമായിരുന്നു ‘മലയാളി എങ്ങനെ നിവർന്നു നിൽക്കും’ എന്ന മുഖപ്രസംഗം.
ഇത് രണ്ടാം തവണയാണ് വി.എം. ഇബ്രാഹീമിന് തെരുവത്ത് രാമൻ പുരസ്കാരം ലഭിക്കുന്നത്. 2021ൽ ‘മനുഷ്യത്വം കുരിശേറുമ്പോള്‍' എന്ന മുഖപ്രസംഗത്തിനായിരുന്നു പുരസ്കാരം. 2001 ജൂണില്‍ ‘മാധ്യമ’ത്തില്‍ അസി. എക്സിക്യൂട്ടീവ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ച വി.എം. ഇബ്രാഹീം ‘മാധ്യമ’ത്തിലും ‘ഗള്‍ഫ് മാധ്യമ’ത്തിലും എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. 2021 ഏപ്രില്‍ മുതല്‍ പത്രാധിപര്‍. ‘ചെകുത്താനും ചൂണ്ടുവിരലും’, ‘തീര്‍ഥാടകന്റെ കനവുകള്‍’ (വിവര്‍ത്തനം) എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചു. ഉര്‍ദു സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം മലപ്പുറം അബ്ദുറഹ്‌മാന്‍ നഗറിലെ പരേതനായ വി.എം അബ്ദുറഹ്‌മാന്റെയും ഖദീജയുടെയും മകനാണ്. ഫാറൂഖ് കോളജ് ആസാദ് ഭവനില്‍ താമസം.
ഭാര്യ: ഹാജറ എ.കെ. മക്കള്‍: റജാ ഖാതൂന്‍, റാജി ഇസ്മാഈല്‍, നാജി ഇസ്ഹാഖ്. ജാമാതാവ്: നിയാസ് അഹ്‌മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.