ഇവരും ഭൂമിയുടെ അവകാശികൾ
text_fieldsപട്ടിക വർഗ ജനസംഖ്യയുടെ 35.85 ശതമാനവും അധിവസിക്കുന്നത് വയനാട്ടിലാണ്. 2002ലെ ഭരണഘടന ഭേദഗതി അനുസരിച്ച് കേരളത്തിൽ 36 പട്ടിക വർഗ വിഭാഗമാണുള്ളത്. 2011ലെ സെൻസസ് പ്രകാരം കേരളത്തിലെ പട്ടിക വർഗ ജനസംഖ്യ 4,84,839 ആണ്. പട്ടിക വർഗ വിഭാഗങ്ങളിൽ ഏറ്റവും അധികം അംഗങ്ങളുള്ള ജനവിഭാഗമാണ് പണിയർ. പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, മറ്റു സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും ഇവർ ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്.സ്വന്തം വർഗത്തിലുള്ളവർ പോലും ഇതര സമുദായക്കാരോട് കിടപിടിക്കുന്ന ഭൗതികസാഹചര്യത്തിൽ ജീവിക്കുമ്പോഴും അവകാശങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും ഉൾവലിഞ്ഞ സ്വഭാവവും കാരണം മുഖ്യധാരയിൽ മത്സരിച്ച് ലക്ഷ്യംനേടാൻ പണിയ സമുദായത്തിന് കഴിയുന്നില്ല. അതിനാൽ, വിവിധ മേഖലകളിൽ ഇവർ പലതരത്തിലുള്ള ചൂഷണങ്ങൾ നേരിടുന്നു. കുടകിൽ തൊഴിലിടങ്ങളിൽ നേരിടുന്ന പീഡനങ്ങളും ദുരൂഹമരണങ്ങളും അവയിൽ ചിലതുമാത്രം. വയനാട്ടിലെ പണിയരുടെ നിലവിലെ അവസ്ഥകളെ കുറിച്ച് ‘മാധ്യമം’ നടത്തുന്ന അന്വേഷണ പരമ്പര ഇന്നു മുതൽ.
പട്ടികജാതി-പട്ടികവർഗ ക്ഷേമത്തിനും വികസനത്തിനുമായി ഒട്ടേറെ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിലുണ്ട്. പാർലമെന്റും വിവിധ സംസ്ഥാനങ്ങളും ആദിവാസി സംരക്ഷണത്തിന് നിയമങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഇതെല്ലാമുണ്ടായിട്ടും, സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പണിയ ഗോത്രത്തിന്റെ ജീവിതത്തിൽവന്ന മാറ്റങ്ങൾ പരിമിതമാണ്.
തങ്ങളുടെ അവകാശങ്ങളെ കുറിച്ച് അവരിലേറെയും അജ്ഞരാണ്. അടിയാർ, ഊരാളിക്കുറുമൻ, കാട്ടുനായ്ക്ക വിഭാഗങ്ങളുടെയും അവസ്ഥ ഇതുതന്നെ. അതേസമയം, പട്ടിക വർഗത്തിലെ പത്തോളം വിഭാഗങ്ങൾ ഇതര സമുദായാംഗങ്ങളുടെ ജീവിത നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ട്.
പദ്ധതികൾ ഏറെ; പണിയ വിഭാഗം പുറന്തള്ളപ്പെടുന്നു
പ്രീമെട്രിക് ഹോസ്റ്റലുകൾ, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ, കിന്റർഗാർഡനുകൾ, നഴ്സറികൾ, വികാസ് വാടി, അഗതിമന്ദിരങ്ങൾ, മോഡൽ റസിഡൻഷ്യൻ സ്കൂളുകൾ, വൊക്കേഷനൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഉൽപാദന പരിശീലന കേന്ദ്രം, വ്യവസായിക പരിശീലന കേന്ദ്രങ്ങൾ, ഗോത്രസാരഥി പദ്ധതി, അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സർച്ച് ആൻഡ് െഡവലപ്മെന്റ് പദ്ധതി, ട്യൂട്ടോറിയൽ ഗ്രാന്റ്, വസ്ത്ര വിതരണ പദ്ധതി, ബോർഡിങ് ഗ്രാന്റ്, സമർഥരായ വിദ്യാർഥികൾക്ക് പ്രത്യേക പ്രോത്സാഹനം, ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തൽ പദ്ധതി.
മാതാപിതാക്കൾക്ക് പ്രോത്സാഹന ഗ്രാന്റ്, പട്ടികവർഗക്കാർക്കായി സഞ്ചരിക്കുന്ന വിദ്യാഭ്യാസ പദ്ധതി, സാമൂഹിക പഠനമുറി, ഗോത്ര ബന്ധു, വിദേശ പഠനത്തിന് സഹായം എന്നിങ്ങനെ ആദിവാസികളുടെ വിദ്യാഭ്യാസ-തൊഴിൽ ഉന്നമനത്തിന് സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുമ്പോഴും ഈ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നത് പട്ടിക വർഗ വിഭാഗത്തിലെ തന്നെ മുന്നോക്കക്കാരാണ്. പലപ്പോഴും പണിയ സമുദായക്കാരടക്കം പിന്തള്ളപ്പെടുന്ന അവസ്ഥയാണ്. രണ്ടു ശതമാനം സംവരണമാണ് ഇവർക്കുള്ളത്.
വിദ്യാഭ്യാസപരമായി മുന്നേറ്റം നടത്താനും സർക്കാർതലത്തിൽ ജോലി സമ്പാദിക്കാനും ഇവർക്ക് കഴിയുന്നില്ല. ഗോത്രങ്ങളിൽ ഏറ്റവും ദരിദ്ര വിഭാഗമാണ് പണിയൻ. 65.7 ശതമാനം ആളുകളും കൂലിപ്പണിക്കാരാണ്. ഏറ്റവും ഉയർന്ന സാക്ഷരതയുള്ള ആദിവാസി വിഭാഗങ്ങളാണ് കാച്ചരന്മാർ, കണിക്കാരൻ, കൊച്ചുവേലൻ, കോട, മലൈ അരയൻ, മലയരയൻ, ഉള്ളാടൻ എന്നീ സമുദായങ്ങൾ.
അറാണ്ടൻ, എവള്ളൻ, ഹിൽ പുലയ, കാട്ടുനായ്ക്കൻ, കറുമ്പ, മലസർ, മുതുവൻ, പണിയർ, ഇരുളർ എന്നിവർ പിന്നാക്കവുമാണ്. ഇതര സമുദായക്കാരോട് കിടപിടിക്കുന്ന രീതിയിൽ വിദ്യാഭ്യാസ-തൊഴിൽ മേഖലയിൽ ജില്ലയിലെ മുള്ളുകുറുമരും കുറിച്യരും മാറിയിട്ടുണ്ട്. അനുവദിക്കുന്ന ആനുകൂല്യങ്ങൾ ഇവർ നേടിയെടുക്കുന്നുണ്ട്. പലപ്പോഴും പണിയ സമുദായം പിന്തള്ളപ്പെടുന്ന അവസ്ഥയാണ്.
ഗ്രാന്റുകൾ വൈകുന്നു; പഠനം പ്രതിസന്ധിയിൽ
വയനാട്ടിൽ പ്ലസ്ടു കഴിഞ്ഞാൽ തുടർപഠനത്തിന് നാമമാത്ര കോളജുകളാണ് ഉള്ളത്. അതിൽ കുട്ടികളുടെ അഭിരുചിക്കും താൽപര്യത്തിനും അനുസരിച്ചുള്ള കോഴ്സുകളുമില്ല. ഉന്നതപഠനത്തിന് ജില്ലക്ക് പുറത്തുള്ള കലാലയങ്ങളിൽ എത്തിച്ചേരുന്ന കുട്ടികൾക്ക് നൽകുന്ന ഗ്രാന്റുകൾ അവരുടെ താമസത്തിനും ഭക്ഷണത്തിനും അപര്യാപ്തവുമാണ്. അത് കൃത്യസമയത്ത് ലഭിക്കാറുമില്ല. സർക്കാർ, കോളജ് ഹോസ്റ്റലുകളിൽ താമസിക്കുന്ന പട്ടികജാതി-പട്ടിക വർഗ വിദ്യാർഥികൾക്ക് പ്രതിമാസം 3500 രൂപയാണ് നൽകുന്നത്.
സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്ന എസ്.ടി വിഭാഗക്കാർക്ക് 3000 രൂപയും. എസ്.സി വിദ്യാർഥികൾക്ക് 1500 രൂപ മാത്രമാണ് വകയിരുത്തുക. കഴിഞ്ഞ വിദ്യാഭ്യാസ വർഷം ലഭിക്കേണ്ട തുക ഇപ്പോഴും ലഭിച്ചിട്ടില്ല. എറണാകുളത്ത് പഠിക്കുന്ന 50 ഓളം വയനാട്, അട്ടപ്പാടി തുടങ്ങിയ മേഖലകളിലെ വിദ്യാർഥികൾക്ക് കഴിഞ്ഞ ജനുവരി മുതൽ ഹോസ്റ്റൽ ഗ്രാന്റ് നൽകിയിട്ടില്ല. പ്രതിമാസം തുക കിട്ടാതെ പഠനം നിലച്ചുപോകുന്ന സാഹചര്യമാണ്.
സർക്കാർ ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് പ്രതിമാസം 200 രൂപയാണ് പോക്കറ്റ് മണി കൊടുക്കുന്നത്. 190ൽ നിന്ന് 200 രൂപയായി മാത്രമാണ് ഈ സർക്കാർ ഉയർത്തിയത്. താമസം, ഭക്ഷണം എന്നിവക്ക് വരുന്ന ചെലവ് നഗരങ്ങളിൽ കൂടുതലാണെന്നതിനാൽ 6500 മുതൽ 7000 രൂപ വരെ വർധിപ്പിക്കാൻ എസ്.സി./എസ്.ടി വകുപ്പുകൾ ആവശ്യപ്പെട്ടിട്ട് രണ്ട് വർഷം കഴിഞ്ഞുവെന്ന് ആദിശക്തി സമ്മർ സ്കൂൾ ആക്ടിങ് ചെയർമാൻ സി. മണികണ്ഠൻ പറഞ്ഞു.
ബിരുദാനന്തര ബിരുദം കഴിഞ്ഞവരും അവസാനം കാപ്പിത്തോട്ടത്തിലേക്ക് പണിക്ക് ഇറങ്ങാൻ നിർബന്ധിതമാവുകയാണ്. പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു കഴിഞ്ഞ് പുറത്തിറങ്ങുന്നവർ തുടർന്ന് എന്തു ചെയ്യുന്നുവെന്ന് പലപ്പോഴും ആരും അന്വേഷിക്കുന്നില്ല.
കറുപ്പെന്താ നിറമല്ലേ!
മലയാളത്തോടുള്ള ഭയം പണിയ സമുദായത്തിലെ കുട്ടികളുടെ പ്രധാന പ്രശ്നമാണ്. അവർ സംസാരിക്കുന്ന രൂപത്തിൽ തന്നെയാണ് എഴുതുന്നത്. ഇത് പലപ്പോഴും മലയാളത്തിൽ തെറ്റുകൾക്കിടയാക്കുന്നു. എല്ല വിഷയങ്ങളും മലയാളത്തിൽ ആയതിനാൽ പണിയ കുട്ടികളുടെ മലയാള ഭാഷയിലെ പ്രാവീണ്യകുറവ് മറ്റ് വിഷയങ്ങളിലെ പ്രകടനത്തെയും ബാധിക്കാറുണ്ട്. ഇത് ക്ലാസിൽ അവരെ താഴെത്തട്ടിലേക്ക് മാറ്റി നിർത്തുന്നു.
അധ്യാപകരുടെ അവഗണനയുമുണ്ടെങ്കിൽ അവർ സ്കൂളിൽ നിന്നുതന്നെ പുറന്തള്ളപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. സ്കൂളുകൾ ഗോത്ര സൗഹൃദമാക്കിയാൽ മാത്രമേ കുട്ടികൾക്ക് സ്കൂളിൽ വരാൻ താൽപര്യം ഉണ്ടാവൂ. പണിയ സമുദായത്തിന്റെ സംസ്കാരം മറ്റുള്ളവർക്ക് കൂടി ഇഷ്ടപ്പെടുന്ന രീതിയിൽ സ്കൂളുകൾ മാറണം. കുട്ടികൾ തങ്ങളുടെ ഊരിൽ സംസാരിക്കുന്നത് ഗോത്ര ഭാഷയാണ്.
എന്റെ ശരീരം എന്റെ അവകാശം എന്ന ചിന്ത കുട്ടികളിൽ ഇല്ലാത്തത് അവരെ ഉൾവലിഞ്ഞ സ്വഭാവക്കാരാക്കുന്നു. ഭാഷ, നിറം, രൂപം എന്നിവയിൽ എല്ലാം കുട്ടികൾ സ്കൂളുകളിൽ വിവേചനവും ഒറ്റപ്പെടലും അനുഭവിക്കുന്നു.
ഓരോരുത്തരുടെയും ശരീരപ്രകൃതികളെകുറിച്ച് മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കേണ്ട ബാധ്യത അധ്യാപകർക്കും വീട്ടുകാർക്കുമുണ്ട്. നിർഭാഗ്യവശാൽ അതൊന്നും നടക്കുന്നില്ല. മാതാപിതാക്കൾക്ക് ഇത് പറഞ്ഞു കൊടുക്കാനുള്ള അറിവും കഴിവും ഇല്ല. അധ്യാപകരാകട്ടെ അതിനൊട്ടും ശ്രമിക്കാറുമില്ല.
വെളുത്താൽ സൗന്ദര്യം എന്ന സങ്കൽപം എത്ര വിദ്യാസമ്പന്നരാണെങ്കിലും മലയാളിക്ക് മാറി ചിന്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. സ്വന്തം വീട്ടിലെ കുട്ടി കറുത്ത നിറമുള്ളതായാൽ, അവർ വൃത്തിയിൽ നടന്നില്ലെങ്കിൽ ‘പണിയാ...’ ‘പണിച്ചി’ എന്ന് വിളിച്ച് കളിയാക്കുന്ന സ്വഭാവം ഇപ്പോഴും ഇതര സമുദായക്കാരിൽ കാണാറുണ്ട്.
പണിയ സമുദായത്തെ കുറിച്ചാണ് ഇതര സമുദായക്കാർ ഗവേഷണവും പഠനവും നടത്തുന്നത്. മലയാള ഭാഷയും ഗോത്രഭാഷയും: താരതമ്യ പഠനം, സംസ്കാരം, കല തുടങ്ങിയ വിഷയങ്ങളിലെല്ലാം ആദിവാസികളല്ലാത്തവർ പഠനം നടത്തുന്നു. അക്കാദമി ലോകത്തിൽ ഇതൊരു വ്യവസായമായി തന്നെ മാറിയിട്ടുണ്ട്. ഈ വ്യവസായത്തിലെ ഒരു ഉൽപന്നമായി പണിയർ മാറിക്കൊണ്ടിരിക്കുകയാണ്.
അവരുടെ ജീവിതത്തിൽ മാറ്റവു വരുത്താത്ത പഠനവും ഗവേഷണംമാണ് അക്കാദമി തലത്തിൽ നടക്കുന്നത്. എന്നിട്ടും ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമമെന്നാണ് ഇതിന്റെയെല്ലാം വിളിപ്പേര്.
സർക്കാർ ജോലിയുള്ള ആരെങ്കിലുമുണ്ടോയെന്ന ചോദ്യത്തിന് ഒരാളെ കാണിച്ചുകൊടുക്കാൻ ആളില്ലാത്ത അവസ്ഥയിലാണ് പണിയ സമുദായം. അവസരം ഉണ്ടായിട്ടും അതു വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ അവർക്ക് കഴിയുന്നില്ലെന്നതും അവരെ പ്രോത്സാഹിപ്പിക്കാൻ ആർക്കും താൽപര്യമില്ലെന്നതും വാസ്തവമാണ്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.