പി.എസ്.സി സമരക്കാർക്ക് മന്ത്രി ഉറപ്പ് നൽകിയത് ഈ കാര്യങ്ങൾ
text_fieldsതിരുവനന്തപുരം: മന്ത്രി എ.കെ ബാലനുമായി നടത്തിയ ചർച്ചയിൽ ആറ് കാര്യങ്ങളിൽ ഉറപ്പ് ലഭിച്ചതോടെ 36 ദിവസമായി സമരരംഗത്തുള്ള എൽ.ജി.എസ് ഉദ്യോഗാർഥികൾ സമരം പിൻവലിച്ചു. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ ആവശ്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതിയോടെ നടപ്പാക്കാമെന്ന് മന്ത്രി അറിയിച്ചതായും ഉദ്യോഗാർഥികൾ വ്യക്തമാക്കി.
ഉദ്യോഗാർത്ഥികൾക്ക് മന്ത്രി നൽകിയ ഉറപ്പുകൾ:
- പ്രതീക്ഷിത എൽജിഎസ് ഒഴിവുകൾ പി.എസ്‍.സിക്ക് റിപ്പോർട്ട് ചെയ്യും
- സ്ഥാനക്കയറ്റം നൽകി പുതിയ ഒഴിവുകൾ പി.എസ്‍.സിയെ അറിയിക്കും
- തടസ്സമുള്ളവയിൽ താത്കാലിക സ്ഥാനക്കയറ്റം നൽകും
- കാര്യങ്ങൾ പരിശോധിക്കാൻ ഉദ്യോഗസ്ഥതല സമിതിയുണ്ടാക്കും
- നൈറ്റ് വാച്ച്മാൻ ഡ്യൂട്ടി 8 മണിക്കൂറാക്കുന്നത് പരിഗണിക്കും
- സി.പി.ഒ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ അപാകതകൾ പരിഹരിക്കും
അതേസമയം, രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാത്തതിനാൽ തങ്ങൾ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് സി.പി.ഒ ഉദ്യോഗാർഥികൾ അറിയിച്ചു. ഉന്നയിച്ച വിഷയങ്ങൾ ന്യായമാണെന്ന് ബോധ്യപ്പെട്ടതായി മന്ത്രി അറിയിച്ചതായും അനുകൂല നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞതായും സി.പി.ഒ റാങ്ക് ജേതാക്കളെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തവർ പ്രതികരിച്ചു.
സെക്രേട്ടറിയറ്റ് നടയിൽ സമരം ചെയ്തിരുന്ന എൽ.ജി.എസ്, സി.പി.ഒ ഉദ്യോഗാർഥികളെ മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് മന്ത്രി എ.കെ. ബാലൻ ചർച്ചക്ക് വിളിച്ചത്. ആദ്യഘട്ടം മുതലേ മന്ത്രിതല ചർച്ചക്ക് വിമുഖത കാട്ടിയ സർക്കാർ പ്രക്ഷോഭം ജനശ്രദ്ധ നേടുകയും ജനകീയമാവുകയും ചെയ്തതോടെയാണ് ചർച്ചക്ക് സന്നദ്ധമായത്. മാർച്ച് രണ്ടിന് സി.പി.ഒ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.