പുതിയ മന്ത്രി സഭാ തീരുമാനങ്ങൾ ഇവയാണ്
text_fieldsതിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തിൽ സ്പെഷ്യൽ ഓണക്കിറ്റ് നൽകാൻ മന്ത്രിസഭ തത്വത്തിൽ തീരുമാനിച്ചു. ഇന്ന് നടന്ന മന്ത്രി സഭായോഗത്തിലാണ് പുതിയ തീരുമാനം.
ചില്ലറ റേഷൻ വ്യാപാരികള്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏർെപ്പടുത്താൻ മന്ത്രിസഭ തീരുമാനിച്ചു.സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പു മുഖേന ആളൊന്നിന് 1,060 രൂപ പ്രീമിയം നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. 28,398 എഫ്.പി.എസ്. ഡീലര്‍മാര്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും 7.5 ലക്ഷം രൂപയുടെ കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നല്‍കുക.
മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങൾ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലുള്ള പോളിടെക്‌നിക് കോളേജുകളിലെ വിവിധ ബ്രാഞ്ചുകളില്‍ 63 അധ്യാപക തസ്തികകള്‍ നിബന്ധനകളോടെ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ 90 ലാബ്/വര്‍ക്ക്‌ഷോപ്പ് തസ്തികകള്‍ ഒന്നാം ഘട്ടമായി സൃഷ്ടിക്കും. ട്രേഡ്‌സ്മാന്‍ - 51, ട്രേഡ് ഇന്‍സ്ട്രക്ടര്‍-24, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് (2) - 7, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് (1) - 4, സിസ്റ്റം അനലിസ്റ്റ് - 2, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ - 1, മോഡല്‍ മേക്കല്‍ - 1 എന്നിങ്ങനെയാണിത്.
വാട്ടര്‍ മെട്രോ യാത്രാ നിരക്ക് നിശ്ചയിച്ചു
കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ ഒരു വര്‍ഷത്തേക്കുള്ള ആദ്യഘട്ട യാത്രാ നിരക്ക് നിശ്ചയിച്ചു. മിനിമം ഫെയര്‍ - 20 രൂപ (3 കി.മീ.) ശേഷമുള്ള ഓരോ കിലോമീറ്ററിനും 4 രൂപ വീതം വര്‍ധനവുണ്ടാവും. ഒരു റൂട്ടിലേക്കുള്ള പരമാവധി നിരക്ക് 40 രൂപയായിരിക്കും. കാലാകാലങ്ങളില്‍ നിരക്ക് നിശ്ചയിക്കുന്നതിന് ഫെയര്‍ ഫിക്‌സേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡിന് അധികാരം നല്‍കി. മാര്‍ക്കറ്റ് സാഹചര്യമനുസരിച്ച് യാത്രാക്കൂലി പുതുക്കാന്‍ ഇവര്‍ക്ക് അധികാരമുണ്ടാവും.
ഹർഷാദിന്‍റെ കുടുംബത്തിന് സഹായം
രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരം മൃഗശാലയിലെ കീപ്പറായിരുന്ന ഹര്‍ഷാദിന്‍റെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ സഹായം ലഭ്യമാക്കും. ഇതിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും. വീടും നിർമിച്ച് നൽകും. ഇതിന് പുറമെ ആശ്രിത നിയമന പദ്ധതി പ്രകാരം ഹര്‍ഷാദിന്‍റെ ഭാര്യയ്ക്ക് സീനിയോറിറ്റി മറികടന്ന് ജോലി നല്‍കും. മകന്‍റെ 18 വയസവരെയുള്ള വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.
നിയമസഭാ സമ്മേളനം
പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലായ് 21 മുതല്‍ വിളിച്ചു ചേര്‍ക്കാൻ ഗവർണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
ടട്ടുവിന്‍റെ കുടുംബത്തിന് സഹായം
കോവിഡ് ബാധിച്ച് 2020 ഒക്‌ടോബര്‍ 14 ന് മരിച്ച ഓട്ടോഡ്രൈവറായിരുന്ന തിരുവനന്തപുരം ഇടപ്പഴിഞ്ഞി സ്വദേശി ടട്ടുവിന്‍റെ കുടുംബത്തിന് സഹായം നല്‍കാന്‍ തീരുമാനിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനും ജീവനോപാധിക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചു. സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത കുടുംബത്തിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ മുന്‍ഗണനാ ക്രമത്തില്‍ വീട് / ഫ്‌ളാറ്റ് അനുവദിക്കും. അതുവരെ കോര്‍പ്പറേഷന്‍ പരിധിയില്‍ താത്ക്കാലിക താമസസൗകര്യം ഒരുക്കുന്നതിന് വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.