കഴുത്തറ്റം ചെളിയിൽ പുതഞ്ഞിട്ടും അവർ കാത്തിരിക്കുന്നു..ജീവിതത്തിലേക്ക് കരം പിടിക്കാനെത്തുന്നവരെ..
text_fieldsഎല്ലാം തകർത്തൊഴുകിയ ദുരന്തത്തിൽ ജീവിതത്തിലേക്കുള്ള കച്ചിത്തുരുമ്പിനായി അവർ കാത്തിരിക്കുകയാണ്. നിരവധി പേരുടെ ജീവൻ കവർന്ന ഉരുൾപൊട്ടലിൽ ഒരു പ്രദേശം മുഴുവൻ ഇല്ലാതായ മുണ്ടക്കൈയിൽ തങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് അത്രയേറെ ഞെട്ടിപ്പിക്കുന്നതും നൊമ്പരപ്പെടുത്തുന്നതുമായകാഴ്ചകളാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.
നിരവധി വീടുകളും കെട്ടിടങ്ങളും തകർത്ത് ഒരുപാട് ജീവിതങ്ങളെ മണ്ണിനടിയിലേക്ക് തള്ളിയ ദുരന്തത്തിൽ ഇപ്പോഴും ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റാൻ ആരെങ്കിലുമെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ചിലർ ദുരന്തഭൂമിയിലുണ്ടെന്ന് സന്നദ്ധ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. കഴുത്തറ്റം മണ്ണിനടിയിൽ പുതഞ്ഞിട്ടും കീഴടങ്ങാൻ തയാറല്ലാതെ ജീവിതത്തിലേക്ക് കരംപിടിക്കാൻ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിൽ കഴിയുന്നവരാണവർ.
ഇത്തരത്തിൽ ചെളിയിൽ പുതഞ്ഞു നിൽക്കുന്നവരെ എത്രയും പെട്ടെന്ന് എയർലിഫ്റ്റ് ചെയ്ത് രക്ഷിക്കണമെന്നാണ് രക്ഷാപ്രവർത്തകർ ആവശ്യപ്പെടുന്നത്. പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്റ്റർ എത്താൻ വൈകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഉരുൾപൊട്ടിയുണ്ടായ മലവെള്ളപ്പാച്ചിലിൽ ഈ ആളുകളുടെ അടുത്തേക്കെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.
ഇങ്ങനെ ചെളിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ രാത്രി മുതൽ ഈ ചെളിയിൽനിന്ന് കരകയറാനാവാതെ ഒരേ നിൽപ് നിൽക്കുന്നവർ ഇപ്പോഴും പ്രതീക്ഷിക്കുന്നത് ആരെങ്കിലും എത്തുമെന്ന് തന്നെയാണ്. ചിലരെ ഇതിനകം കയറുകെട്ടിയും മറ്റും ശ്രമകരമായി രക്ഷിക്കാനും സന്നദ്ധ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.