അച്ഛന്റെ ഭക്ഷണപ്പൊതിക്ക് കാത്തുനില്‍ക്കാതെ അവര്‍ യാത്രയായി
text_fieldsഅമ്പലപ്പുഴ: കൊണ്ടുവരേണ്ട ഭക്ഷണത്തിനുവേണ്ടി വിളിക്കാറുള്ള ഫോണില്‍നിന്ന് ആ പിതാവ് കേട്ടത് മക്കളെ കാണുന്നില്ലെന്ന വിവരം. കഴിഞ്ഞ ദിവസം വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സഹോദരങ്ങളായ അദ്വൈതിന്റെയും അനന്ദുവിന്റെയും പിതാവ് അനിലാണ് സങ്കടക്കയത്തിൽ കഴിയുന്നത്.
നിർമാണ തൊഴിലാളിയാണ് അനില്‍. എന്നും വൈകീട്ടോടെ അച്ഛന്റെ ഫോണിലേക്ക് മക്കള്‍ വിളിക്കും. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ കൈയില്‍ കരുതേണ്ട ഭക്ഷണം ഓർമപ്പെടുത്താൻ. അമ്മ മരിച്ചതിന്റെ കുറവ് അറിയിക്കാതിരിക്കാന്‍ അനില്‍ അവര്‍ ആവശ്യപ്പെടുന്നതെന്തും വാങ്ങിക്കൊടുക്കും. വൈകീട്ടെത്തുമ്പോള്‍ അദ്വൈതും അനന്ദുവും വാതില്പടിയില് പൊതിയും കാത്തുനില്ക്കും.
ശനിയാഴ്ചയും പതിവുപോലെ വിളിവന്നപ്പോള്‍ വാങ്ങാനുള്ള ഭക്ഷണത്തെ കുറിച്ചായിരിക്കുമെന്ന് കരുതി.എന്നാല്‍, വീട്ടിലെത്തുമ്പോള്‍ പൊതിയും കാത്ത് മക്കള്‍ വാതില്പടിക്കല് ഉണ്ടായിരുന്നില്ല. പുന്നപ്ര റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അനില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് വീട് വില്‍ക്കേണ്ടിവന്നു. ശേഷം അച്ഛനും അമ്മയോടുമൊപ്പമാണ് അനിലും ഭാര്യ അശ്വതിയും മക്കളും താമസിച്ചിരുന്നത്.
ഇതിനിടയാണ് അശ്വതി കുടല് സംബന്ധമായ രോഗത്തിന് കീഴ്പ്പെടുന്നത്. നാട്ടുകാരുടെ സഹായത്താല്‍ ചികിത്സ നടത്തിയെങ്കിലും മരണത്തിന് കീഴടങ്ങി. പലയിടങ്ങളിലും വാടകക്ക് താമസിച്ച ശേഷമാണ് ഭാര്യവീടായ തൈവെളിവീടിന് സമീപം വാടകക്ക് താമസിക്കുന്നത്.
സഹോദരങ്ങളുടെ മരണം: വിതുമ്പലോടെ നാട്
അമ്പലപ്പുഴ: രണ്ട് ബാല്യങ്ങളുടെ കത്തിയെരിയുന്ന ചിതക്കരികില്‍ ഇടനെഞ്ച് തകര്‍ന്നുള്ള ആയമ്മയുടെ തേങ്ങലില്‍ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. പുന്നപ്ര വടക്ക് പഞ്ചായത്ത് 14ാം വാര്‍ഡില്‍ തൈവെളിയില്‍ അനിലിന്റെ രണ്ട് മക്കളുടെ മൃതദേഹം ചിതയിലേക്ക് വെച്ചപ്പോള്‍ വീട്ടുവളപ്പ് കൂട്ടക്കരച്ചിലിലായി. പറവൂര്‍ എട്ടാം ക്ലാസ് വിദ്യാർഥി അദ്വൈത് (13), ആറാം ക്ലാസ് വിദ്യാർഥി അനന്ദു (12) എന്നിവരെയാണ് ശനിയാഴ്ച കുറുവപ്പാടത്ത് വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍ കണ്ടത്.
ആറുവര്‍ഷം മുമ്പാണ് ഇവരുടെ മാതാവ് അശ്വതി മരണപ്പെട്ടത്. ശേഷം മുത്തശ്ശി വിജയമ്മയാണ് ഇവര്‍ക്ക് പോറ്റമ്മ. മുത്തച്ഛന് അനിരുദ്ധനും അച്ഛന് അനിലും രാവിലെ കൂലിവേലക്ക് പോകും. പിന്നെ കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നത് മുത്തശ്ശിയായിരുന്നു. സ്കൂളില്‍ പോകും മുമ്പ് ഭക്ഷണം പാത്രങ്ങളിലാക്കി വെക്കും. പ്രഭാത ഭക്ഷണവും കഴിച്ച് ഉച്ചക്കുള്ള ഭക്ഷണവുമായി അച്ചമ്മയോട് യാത്രയും പറഞ്ഞാണ് ഇരുവരും പോകുന്നത്.
അമ്മയുടെ വേര്‍പാടിന്റെ കുറവ് അറിയിക്കാതിരിക്കാന്‍ അവര്‍ ഏറെ ശ്രദ്ധവെച്ചിരുന്നു. ശനിയാഴ്ച കൂട്ടുകാരനോടൊപ്പം കളിക്കാന്‍ പോകുമ്പോഴും മുത്തശ്ശിയോട് അനുവാദം വാങ്ങിയിരുന്നു. ഉച്ചക്കും കാണാതായപ്പോള്‍ വിജയമ്മ അന്വേഷിച്ചിറങ്ങി. വൈകുന്തോറും അവരുടെ ഇടനെഞ്ച് പിടഞ്ഞുതുടങ്ങി. കൂട്ടുകാരനോടൊപ്പം കളിക്കാനായി യാത്ര പറഞ്ഞുപോയ കുരുന്നുകളെ ചേതനയറ്റ നിലയില്‍ കണ്ടതോടെ ആ വയോധികയുടെ കണ്ഠമിടറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.