അപകടമുനമ്പിൽനിന്ന് അവർ രാഹുലിനെ കോരിയെടുത്തു; ജീവിതത്തിലേക്ക്...
text_fieldsതിരുവനന്തപുരം: ചിരട്ടകൊണ്ട് കോരിയാൽപോലും ഇടിയുന്ന മണ്ണിന്റെ 'കെണി'യിൽനിന്ന് രാഹുലിനെ ഒരു പോറലുമില്ലാതെ അവർ ജീവിതത്തിലേക്ക് വാരിയെടുത്തു. ഒരു ചെറു മണ്ണനക്കംപോലും വൻ ദുരന്തം വിളിച്ചുവരുത്തുമെന്ന അപകടമുനമ്പിൽനിന്ന് കൈകൊണ്ട് മണ്ണുവാരിയായിരുന്നു അഗ്നിരക്ഷാസേനാംഗങ്ങളുടെ സാഹസിക രക്ഷാപ്രവർത്തനം. തിരുവനന്തപുരം പനവിളക്കു സമീപം ശനിയാഴ്ച രാവിലെ മണ്ണിടിഞ്ഞ് 60 അടി താഴ്ചയിലേക്ക് പതിച്ച് കുടുങ്ങിക്കിടന്ന അസം സ്വദേശി രാഹുൽ ബിശ്വാസിനെയാണ് (23) രണ്ടുമണിക്കൂർ നീണ്ട അതിശ്രമകരമായ ദൗത്യത്തിനൊടുവിൽ രക്ഷിച്ചത്.
പാർശ്വഭിത്തിക്ക് മുകളിലെ ഷെൽട്ടറിൽ ഭക്ഷണം തയാറാക്കുന്നതിനിടെ രാവിലെ പത്തോടെയാണ് തൊഴിലാളികൾ മണ്ണിടിഞ്ഞ് താഴ്ചയിലേക്ക് പതിച്ചത്. മണ്ണിനും സംരക്ഷണഭിത്തിയുടെ കോൺക്രീറ്റിനും പാറക്കഷണങ്ങൾക്കും അടിയിലായിരുന്നു രാഹുലും അസമുകാരൻ തന്നെയായ ദിവാങ്കറും (22). ഓടിക്കൂടിയ നാട്ടുകാർക്ക് ഉടൻതന്നെ ദിവാങ്കറിനെ രക്ഷപ്പെടുത്താനായി. നെഞ്ചോളം മണ്ണ് മൂടിയ നിലയിലായിരുന്നു രാഹുൽ. വീഴ്ചയിൽ വലതുകൈ പൊട്ടുകയും ചെയ്തു.
ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന നിലയിലായിരുന്നു ശേഷിച്ച സംരക്ഷണഭിത്തിയും മുകളിലെ മൺകൂനയും. യുവാവിന്റെ നിസ്സഹായതയും തുടർ അപകടഭീതിയുമെല്ലാം നിറഞ്ഞ ചുറ്റുപാടിലായിരുന്നു രക്ഷാപ്രവർത്തനം. ഹൈഡ്രോളിക് ഉപകരണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ. രക്ഷാപ്രവർത്തകരടക്കം അപകടത്തിൽപെടാൻ കാരണമാകുമെന്നതിനാൽ അവസാനംവരെയും കൈകൊണ്ട് മണ്ണുനീക്കി. രക്ഷാപ്രവർത്തനത്തിനിടയിലും ചെറിയതോതിൽ മുകളിൽനിന്ന് മണ്ണ് പൊഴിയുന്നുണ്ടായിരുന്നു. ഇതിനിടെ മെഡിക്കൽ സംഘവും എത്തി. ഒരാൾക്ക് നിവർന്നുനിൽക്കാൻപോലും ഇടമില്ലാത്തതിനാൽ ഇരുന്നും കിടന്നുമെല്ലാമാണ് മണ്ണ് നീക്കിയത്. ഈ സമയമെല്ലാം രാഹുലിന്‍റെ പൊട്ടലേറ്റ വലതുകൈക്ക് അനക്കമേൽക്കാതെ ഉദ്യോഗസ്ഥർ താങ്ങിപ്പിടിച്ചിരുന്നു. ഉച്ചക്ക് 12.30ഓടെയാണ് രക്ഷാദൗത്യം പൂർത്തിയാക്കി രാഹുലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റീജനൽ അഗ്നിരക്ഷാ ഓഫിസർ ദിലീപ്, ജില്ല ഓഫിസർ സൂരജ്, സ്റ്റേഷൻ ഓഫിസർമാരായ നിതിൻ രാജ്, സജിത് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.