സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി
text_fieldsകാസർകോട്: സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയിൽ ആശങ്ക സൃഷ്‌ടിച്ച് വിശ്വാസ്യത തകർക്കാമെന്ന മനക്കോട്ടയുമായി വരുന്നവർ എത്ര ഉന്നതരായാലും കേരളത്തിൽ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു . കുണ്ടംകുഴിയിൽ ബേഡഡുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്‍റെ മുഖ്യ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമായിരിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നു. സഹകരണ മേഖലയെ തകർക്കാൻ ദുഷ്‌ടലാക്കോടെ ചിലർ രംഗത്ത് വരികയാണ്. എല്ലാ നല്ല കാര്യങ്ങളിൽ നിന്നും മാറി നടക്കുന്ന ചിലരുണ്ടാവും. അവരുടെ പ്രചാരണത്തിന്‍റെ ഭാഗമായി സഹകരണ മേഖലയിൽ ആകെ കുഴപ്പമാണെന്ന് പറയാൻ കഴിയുമോ? ചില പുഴുക്കുത്തുകൾ ഉണ്ടായി എന്നത് വസ്‌തുതയാണ്. അഴിമതി മാർഗ്ഗം സ്വീകരിച്ച അത്തരക്കാർക്കെതിരെ കർക്കശമായ നിലപാടാണ് സർക്കാർ എടുത്തത്. അഴിമതി വീരൻമാരെ അറസ്റ്റ് ചെയ്‌ത് ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു; ചിലരെ ജയിലിലടച്ചു." - മുഖ്യമന്ത്രി പറഞ്ഞു.
ഒറ്റപ്പെട്ട ചില കാര്യങ്ങൾ എത് മേഖലയിലുമുണ്ടാവുമെന്നും വാണിജ്യ ബാങ്കുകളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാവാറുണ്ട്. അതോടെ വാണിജ്യ ബാങ്കുകളിലാകെ കുഴപ്പമാണെന്ന് പറയാനാവുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തെ തകർക്കണം എന്ന് ചിന്തിക്കുന്നവർ കേളത്തിന്റെ വളർച്ചയുടെ ഭാഗമായ സഹകരണ മേഖലയെ ലക്ഷ്യമിടുകയാണ് അദ്ദേഹം ആരോപിച്ചു. അന്വേഷണമെന്ന് പറഞ്ഞ് പുകമറ സൃഷ്‌ടിക്കുകയാണ്. സഹകരണ മേഖലയിൽ അവമതിപ്പും സംശയവുമുണ്ടാക്കാനാണ് ശ്രമമെന്നും സഹകരണമേഖലയുടെ വിശ്വാസ്യത തകർക്കാൻ നേരത്തെയുണ്ടായ നീക്കങ്ങളുടെ ഭാഗമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.