ഇന്ന് തുലാസംക്രമം; െതയ്യക്കാവുകൾക്കുമീതെ അനിശ്ചിതത്വത്തിെൻറ കാർമേഘങ്ങൾ
text_fieldsപയ്യന്നൂർ: തുലാമാസത്തിൽ ഉണരേണ്ട തെയ്യക്കാവുകളിൽ നിന്ന് അനിശ്ചിതത്വത്തിെൻറ കാർമേഘങ്ങൾ മായാതായതോടെ പ്രതീക്ഷയസ്തമിച്ച് നൂറുകണക്കിന് തെയ്യം കലാകാരന്മാർ.
കഴിഞ്ഞ സീസണിൽ പാതിവഴി നിലച്ച കളിയാട്ടക്കാലം തുലാമാസത്തിൽ വീണ്ടും താളമിടുമെന്ന പ്രതീക്ഷയാണ് തകർന്നടിഞ്ഞത്. ഒരു ദിവസം മാത്രം ഒരു തെയ്യം കെട്ടാൻ അനുമതി ജില്ല ഭരണകൂടങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഇത് പ്രായോഗികമാവില്ലെന്നാണ് കലാകാരന്മാരും ക്ഷേത്രേശന്മാരും പറയുന്നത്.
ആളും ആരവവുമാണ് കളിയാട്ടക്കാവുകളുടെ മുഖമുദ്ര. മുമ്പ് നിശ്ചയിച്ച് നടത്തിവരാറുള്ള അനുഷ്ഠാനമാണ് തെയ്യം. അതുകൊണ്ട് നിയന്ത്രണ വിധേയമായി കളിയാട്ടം നടത്തുക അസാധ്യമാണ്. ഇതാണ് ഈ സീസണിലെയും തെയ്യം അനിശ്ചിതത്വത്തിലാക്കിയത്.
മാത്രമല്ല, ആളുകൾ കുറയുന്നത് സാമ്പത്തിക ഞെരുക്കത്തിനും കാരണമാവും. കഴിഞ്ഞ സീസണിൽ തന്നെ കണ്ണൂർ, കാസർകോട് ജില്ലകളിലെ നൂറുകണക്കിന് തെയ്യം കലാകാരന്മാരുടെ ജീവിതം വൈറസ് തകർത്തെറിഞ്ഞു. ഈ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. തുലാം പിറന്നാൽ ചെണ്ടപ്പുറത്ത് കോലുവീഴാത്ത ഗ്രാമങ്ങൾ രണ്ടു ജില്ലകളിലും വിരളമാണ്. പൂരോത്സവം, വിഷുവിളക്ക് തുടങ്ങി ഏറെ തിരക്കുള്ള സന്ദർഭത്തിലാണ് കഴിഞ്ഞ സീസണിൽ കോവിഡ് ഭീതിയിൽ കാവുകളിൽ കളിയാട്ടം നിലച്ചത്.
നൂറുകണക്കിന് കാവുകളും തറവാടുകളും കൊയ്തൊഴിഞ്ഞ പാടങ്ങളും സജീവമാക്കിയ തെയ്യക്കാലം ഇല്ലാതായത് ചരിത്രത്തിലാദ്യമാണെന്ന് കലാകാരന്മാർ പറയുന്നു.
ആറുമാസം ഉറഞ്ഞാടി കാവുകളുണർത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിലാണ് ഇവർ ഒരു വർഷം ജീവിക്കുന്നത്. മാത്രമല്ല, ഊണുമുറക്കവുമൊഴിഞ്ഞ് ശരീരം വരിഞ്ഞുമുറുക്കുന്നതിലൂടെയും തീയാട്ടത്തിലൂടെയും ശരീരത്തിനേൽക്കുന്ന പരിക്കുകളും ചെറുതല്ല. ഇതിനുള്ള കർക്കടക മാസത്തിലെ ആശുപത്രിവാസവും ചികിത്സയും ഇല്ലാതായി. ഇടവപ്പാതി കഴിഞ്ഞാൽ പൊടിതട്ടി ഭദ്രമായി വെക്കുന്ന ആടയാഭരണങ്ങൾ തുലാമാസത്തിലാണ് പുറത്തെടുത്ത് പുതുക്കുക. തുലാപ്പത്തിനാണ് മിക്ക കാവുകളും ഉണരുക.
സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായങ്ങളും സൗജന്യ റേഷനുമൊക്കെ ലഭിച്ചുവെങ്കിലും നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ ഒരിക്കലും തിരിച്ചുകിട്ടില്ല. അതുകൊണ്ട് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ശക്തമാണ്.
മലബാർ ദേവസ്വം ബോർഡ് ആചാര സ്ഥാനികർക്ക് നൽകിവരുന്ന സാമ്പത്തിക ആനുകൂല്യം തങ്ങൾക്കുകൂടി ലഭിക്കണമെന്ന ആവശ്യം വർഷങ്ങളായി സർക്കാർ അവഗണിക്കുകയാണെന്ന് ഇവർ പറയുന്നു. വണ്ണാൻ, മലയൻ, വേലൻ, ചിങ്കത്താൻ, പുലയ സമുദായങ്ങളാണ് പ്രധാനമായി തെയ്യം കെട്ടിയാടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.