പൊലീസ് സ്റ്റേഷന് മുന്നിൽ തസ്കരസംഘം: 20000 രൂപയൂടെ ബേക്കറി സാധനം കവർന്നു
text_fieldsകായംകുളം: പൊലീസ് സ്റ്റേഷന്‍റെ വിളിപ്പാടകലെ ഹൈടെക് സംവിധാനങ്ങളുമായി കള്ളൻമാരുടെ വിളയാട്ടം. വള്ളികുന്നം സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ചൂനാട് മാർക്കറ്റിലാണ് കള്ളൻമാർ വിലസിയത്. ഗ്യാസ് കട്ടറടക്കം വൻ സജ്ജീകരണവുമായി കാറിൽ എത്തിയ സ്ത്രീകൾ അടക്കമുളള സംഘം രണ്ട് മണിക്കൂറോളം മാർക്കറ്റിൽ ചിലവഴിച്ചതായി സി.സി ടി.വി ദൃശ്യങ്ങളിൽനിന്നും വ്യക്തമായി.
സ്റ്റേഷന് സമീപമുള്ള സിറ്റി ബേക്കറിയിൽ കയറിയ കള്ളൻമാർ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ വിലപ്പിടിപ്പുള്ള സാധനങ്ങൾ കവർന്നു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇരുമ്പുവാതിൽ തകർത്താണ് കള്ളൻമാർ അകത്ത് കയറിയത്. തെക്കേ ജങ്ഷനിലെ ജാസ്മിൻ ജ്വല്ലേഴ്സിൽ മോഷണശ്രമം നടത്തിയെങ്കിലും പൂട്ട് തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടു. സിലിണ്ടറിൽനിന്ന് ഗ്യാസ് പുറത്തേക്ക് വരാത്തതാണ് മോഷണ ശ്രമം ഉപേക്ഷിക്കാൻ കാരണം. രണ്ടാം തവണയാണ് ഇതേജ്വല്ലറിയിൽ കവർച്ചാശ്രമം നടക്കുന്നത്.
ഗ്യാസ് സിലണ്ടർ കാറിൽ നിന്നും ഇറക്കുന്നതും കയറ്റുന്നതും വ്യക്തമായി സി.സി ടി.വി ദൃശ്യങ്ങളിൽ കാണാം. മുഖം മറച്ച നിലയിലാണ് മൂന്നംഗ സംഘം ചുറ്റിത്തിരിഞ്ഞത്. ഒരാഴ്ച മുമ്പ് സ്ത്രീകൾ അടക്കമുള്ള സംഘം മോഷണത്തിനായി മാർക്കറ്റിൽ എത്തിയിരുന്നു. അന്നും ജ്വല്ലറിയുടെ പൂട്ട് തകർക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.
സ്റ്റേഷന് മുന്നിലൂള്ള പ്രധാന റോഡിൽ മണിക്കൂറുകളോളം കാർ പാർക്ക് ചെയ്താണ് മോഷണം നടത്തിയത്. നേരത്തെ ജങ്ഷനിൽ ഓയിൽ മില്ലിൽ നിന്ന് 20,000 രൂപയുടെ പിണ്ണാക്കും ചൂനാട് ജങ്ഷനു കിഴക്ക് ആൾ താമസമില്ലാത്ത വീട് കുത്തിത്തുറന്ന് അഞ്ച് ലക്ഷം രൂപയോളം വരുന്ന വീട്ടുപകരണങ്ങളും മോഷണം പോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.