കൃഷ്ണണപ്രിയയുടെ കൊലപാതകത്തിൻ്റെ നടുക്കം മാറാതെ തിക്കോടി
text_fieldsപയ്യോളി : തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിലെ താത്ക്കാലിക ജീവനക്കാരിയായ തിക്കോടി കാട്ടുവയൽ മാനോജിൻ്റെ മകൾ കൃഷ്ണപ്രിയ (22)യുടെ ദാരുണമായ കൊലപാതകത്തിൽ നടുക്കം മാറാതെയാണ് തിക്കോടിയും പരിസര പ്രദേശത്തുമുള്ളവരും. വെള്ളിയാഴ്ച രാവിലെ. 9.45 ഓടെ യാണ് ദേശീയപാതയോരത്തെ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
പ്രദേശത്തുകാരനും കൃഷ്ണ പ്രിയയുടെ പരിചയക്കാരനുമായ നന്ദകുമാർ (26) , ഓഫീസിൽ ജോലിക്ക് കയറാനെത്തിയ യുവതിയുടെ സമീപത്ത് എത്തിയതും ഏറെ നേരം കയർത്ത് സംസാരിക്കുകയും , ഒടുവിൽ പെട്രോളിഴിച്ച് തീ കൊളുത്തുകയും ചെയ്തത് മിനുറ്റുകൾക്കുള്ളിലായിരുന്നു. ദേഹത്ത് തീ പടർന്ന നിലയിൽ ഇരുവരെയും ആദ്യം കാണുന്നത് പഞ്ചായത്തിൽ എത്തി ആവശ്യം കഴിഞ്ഞ് തിരിച്ചു പോകുകയായിരുന്ന നാട്ടുകാരനായ മുഹമ്മദായിരുന്നു.
ഇദ്ദേഹമാണ് ഓഫീസിലെ മറ്റ് ജീവനക്കാരെ വിളിച്ച് കുട്ടി വിവരമറിയിക്കുന്നതും കിട്ടാവുന്ന പാത്രങ്ങളിൽ വെള്ളം ശേഖരിച്ച് ഇരുവരുടെയും ദേഹത്ത് ഒഴിച്ച് തീ കെടുത്തുന്നതും. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും ഉടൻ ഓടിയെത്തിയെങ്കിലും പൊള്ളലേറ്റ യുവതിയേയും യുവാവിനെയും ആശുപത്രിയിൽ എത്തിക്കാൻ അതുവഴി പോയ വാഹനങ്ങൾ നിർത്താൻ വിസമ്മിച്ചത് തിരിച്ചടിയായി. നിരവധി സ്വകാര്യ വാഹനങ്ങളോട് നാട്ടുകാർ നിർത്താൻ അഭ്യർത്ഥിച്ചെങ്കിലും ആരും തയ്യാറായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒടുവിൽ ഏറെ നേരത്തെ ശ്രമഫലമായാണ് രണ്ട് ആംബുലൻസകളെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
ദേഹത്ത് വസ്ത്രങ്ങൾ ഒട്ടിപ്പിടച്ചത് കാരണം വാഴ ഇലയും മറ്റും ദേഹത്ത് പതിച്ചാണ് പൊള്ളലേറ്റവരെ നാട്ടുകാർ വാഹനത്തിൽ കയറ്റിയത്. നാല് ദിവസം മുമ്പാണ് ഗ്രാമപഞ്ചായത്ത് ഓഫീസിലെ പ്ലാനിംങ് വിഭാഗത്തിൽ പ്രൊജക്ട് അസി. ആയി കൃഷ്ണപ്രിയക്ക് താത്ക്കാലിക ജോലി ലഭിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണപ്രിയ ആറ് മണിക്കൂറോളം ജീവനോട് മല്ലടിച്ചെങ്കിലും വൈകീട്ട് നാലോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു . കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലുള്ള മൃതദേഹം ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. നിർമ്മാണ തൊഴിലാളിയായ കൃത്യം ചെയ്ത നന്ദകുമാർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.