സി.പി.എം ആക്രമണം തുടരുന്നുവെന്ന്; ചിത്രലേഖ മതംമാറുന്നു
text_fieldsപയ്യന്നൂർ: ജാതിവിവേചനത്തിൽ മനംനൊന്ത് ഇസ്ലാം സ്വീകരിക്കാൻ ആലോചിക്കുകയാണെന്ന് കണ്ണൂർ പയ്യന്നൂർ എടാട്ട് സി.പി.എം ബഹിഷ്കരണം നേരിട്ട ദലിത് ഓട്ടോഡ്രൈവർ ചിത്രലേഖ. ഫേസ്ബുക്കിലൂടെയാണ് അവർ ഇക്കാര്യമറിയിച്ചത്.
ഈ ഭരണകൂടത്തിൽ നിന്നോ കോടതിയിൽ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായി. അതിനാൽ ഇതുവരെ ജീവിച്ചുപോന്ന സ്വത്വം വിട്ട് ഇസ്ലാം മതം സ്വീകരിക്കാനുള്ള ആലോചനയിലാണെന്ന് ചിത്രലേഖ പറയുന്നു.
ഇനിയും പിടിച്ചുനിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇങ്ങനെയൊരു ആലോചന. ലവ് ജിഹാദ് പണം എന്ന പേരും പറഞ്ഞ് ആരും ഈ വഴിക്ക് വരണ്ട. പുരോഗമന കപട മതേതര പാർട്ടിയായ സി.പി.എമ്മിനെ ഭയക്കാതെ തൊഴിൽ ചെയ്തു ജീവിക്കണമെന്നും സ്വന്തമായി ഒരു വീട്ടിൽ അന്തിയുറങ്ങണമെന്നുമാണ് ആഗ്രഹം -ഫേസ്ബുക് പോസ്റ്റിൽ ചിത്രലേഖ പറഞ്ഞു.
ജാതിവിവേചനം സംബന്ധിച്ച പരാതിയുമായി രംഗത്തുവന്ന ചിത്രലേഖ വർഷങ്ങളായി സി.പി.എമ്മുമായി ഏറ്റുമുട്ടലിന്റെ വഴിയിലാണ്. പയ്യന്നൂർ എടാട്ട് ഓട്ടോ ഓടിക്കുന്നതിനിടെയാണ് ചിത്രലേഖയുടെ വിഷയം ചർച്ചയാവുന്നത്.
ഓട്ടോ കത്തിച്ചതുൾപ്പെടെയുള്ള വിവാദങ്ങൾ ദേശീയ തലത്തിൽ ചർച്ചയായി. ഇതേതുടർന്ന് ഏതാനും വർഷം മുമ്പ് എടാട്ടുനിന്ന് കണ്ണൂരിലെ തന്നെ കാട്ടാമ്പള്ളിയിലെ വാടകവീട്ടിലേക്ക് മാറി. വീടിന് സ്ഥലം ആവശ്യപ്പെട്ട് നടത്തിയ സമരത്തിനൊടുവിൽ ഉമ്മൻചാണ്ടി സർക്കാർ കാലത്ത് ഇവർക്ക് വീടുവെക്കാൻ അഞ്ചു െസൻറ് ഭൂമിയും അഞ്ചുലക്ഷം രൂപയും അനുവദിച്ചു. വീടുപണി പാതിവഴിയിൽ നിൽക്കെ, ചിത്രലേഖക്ക് അനുവദിച്ച സഹായം പിണറായി സർക്കാർ റദ്ദാക്കുകയും ചെയ്തിരുന്നു.
ചിത്രലേഖയുടെ കുറിപ്പ് വായിക്കാം...
പുലയ സ്ത്രീയായി ജനിച്ചത് കൊണ്ടും സി.പി.എം എന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ ജാതിവിവേചനത്തിനെ ചോദ്യം ചെയ്തത് കൊണ്ടും തൊഴിൽ ചെയ്തു ജീവിക്കാൻ സമ്മതിക്കാതെ നിരന്തരം ആക്രമിക്കുകയും ജനിച്ച നാട്ടിൽ നിന്നും പാലായനം ചെയ്യേണ്ടിയും വന്ന എനിക്ക് അവിടെയും ജീവിക്കാൻ സമ്മതിക്കാതെ സി.പി.എം പാർട്ടിയുടെ ആക്രമണങ്ങൾ തുടരുന്നു. ഈ ഭരണകൂടത്തിൽ നിന്നോ കോടതിയിൽ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായിരുന്നു. ഇക്കാരണത്താൽ ഞാൻ ഇതുവരെ ജീവിച്ചുപോന്ന സ്വത്വം വിട്ട് ഇസ്ലാം സ്വീകരിക്കാനുള്ള ആലോചനയിലാണ്.
ഇരുപതു വർഷക്കാലത്തോളം സി.പി.എമ്മിന്‍റെ ആക്രമണത്തിനെതിരെ ഒറ്റയ്ക്ക് പോരാടി. ഇനിയും പിടിച്ചുനിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇങ്ങനൊരു ആലോചന ആഗ്രഹിക്കുന്നത്. ലവ് ജിഹാദ് പണം എന്ന പേരും പറഞ്ഞ് ആരും ഈവഴിക്കു വരേണ്ട. കാരണം പുരോഗമന കപട മതേതര പാർട്ടിയായ സി.പി.എമ്മിന് മുന്നിൽ ഇനിയും സ്വൈര്യമായി, ഇരുട്ടിന്‍റെ മറപിടിച്ചു ആക്രമിക്കുന്ന സി.പി.എമ്മിനെ ഭയമില്ലാതെ തൊഴിൽ ചെയ്തു ജീവിക്കണം, സ്വന്തമായി ഒരു വീട്ടിൽ അന്തിയുറങ്ങണം എന്ന ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.