മൂന്നാം സീറ്റിൽ പരിഹാരമായില്ല; കോൺഗ്രസ് പ്രതിരോധിച്ചാൽ ഒഴിവുവരുന്ന രാജ്യസഭ സീറ്റിൽ ലീഗിന്റെ കണ്ണ്
text_fieldsകോഴിക്കോട്: യു.ഡി.എഫിൽ പരിഹാര ഫോർമുല ഉരുത്തിരിയാതെ ലീഗിന്റെ മൂന്നാം സീറ്റ് ചർച്ച. പലവട്ടം അനൗപചാരിക ചർച്ചകൾ നടന്നെങ്കിലും നിർബന്ധപൂർവമുള്ള ലീഗിന്റെ ആവശ്യത്തോട് അനുകൂലമായോ പ്രതികൂലമായോ കോൺഗ്രസ് പ്രതികരിക്കാത്തതാണ് തീരുമാനം അനിശ്ചിതത്വത്തിലാക്കിയത്.
കോൺഗ്രസ് നേതാക്കൾ പറഞ്ഞ പ്രായോഗിക പ്രയാസങ്ങൾ ലീഗിന് ബോധ്യപ്പെട്ടിട്ടില്ല. മൂന്നാം സീറ്റിനുള്ള പിടിവാശി ലീഗിനുണ്ടായിരുന്നില്ല. പല കോണുകളിൽനിന്നുള്ള സമ്മർദമാണ് ആവശ്യം ശക്തമായി ഉന്നയിക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ചത്.
മുമ്പൊന്നും ഉന്നയിച്ചതുപോലെയല്ലെന്നും ഇത് കിട്ടാനുള്ള ആവശ്യമാണെന്നും ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ഒരുറപ്പും ലഭിക്കാതെയുള്ള പിന്മാറ്റം ലീഗിന് സാധ്യമല്ല. ഇ.ടി. മുഹമ്മദ് ബഷീർ, കെ.പി.എ. മജീദ്, ഡോ. എം.കെ. മുനീർ തുടങ്ങിയവർ ഇക്കാര്യത്തിൽ ഉറച്ച നിലപാടിലാണ്.
സിറ്റിങ് എം.പിമാർ തന്നെ മത്സരിക്കുന്ന കാര്യമാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടിയത്. മറിച്ചൊരു സാധ്യതയുള്ളത് കണ്ണൂരിലും ആലപ്പുഴയിലുമാണ്. ലീഗിന് മത്സരിക്കാവുന്ന കണ്ണൂരിലാകട്ടെ, കെ. സുധാകരനെ തന്നെ രംഗത്തിറക്കി തടയിടാനുള്ള ശ്രമവുമുണ്ട്.
വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ ഹൈകമാൻഡിന്റെ അന്തിമ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ അവിടെയും ലീഗിന് നോട്ടമുണ്ട്.
സംഘടനാപ്രശ്നങ്ങൾ ഉയർത്തി കോൺഗ്രസ് ശക്തമായി പ്രതിരോധിച്ചാൽ അടുത്ത് ഒഴിവുവരുന്ന രാജ്യസഭ സീറ്റിലാണ് ലീഗിന്റെ കണ്ണ്. എന്നാൽ, അക്കാര്യം ചർച്ചയിൽ ലീഗ് നേതാക്കൾ മുന്നോട്ടുവെച്ചിട്ടില്ല. അധിക രാജ്യസഭ സീറ്റ് ലീഗിന് നൽകിയ ചരിത്രമുണ്ടെങ്കിലും ഇപ്പോൾ ജെബി മേത്തർ മാത്രമാണ് കോൺഗ്രസിന്റെ രാജ്യസഭാംഗം. ജോസ് കെ. മാണി, ബിനോയ് വിശ്വം, എളമരം കരീം എന്നിവരുടെ കാലാവധി അടുത്ത ജൂണിൽ അവസാനിക്കും. നിയമസഭ സീറ്റുകൾ കണക്കാക്കിയാൽ ഒരു രാജ്യസഭസീറ്റ് യു.ഡി.എഫിനുണ്ടാകും. അത് ലീഗിന് നൽകി പരിഹാരം കാണുക എന്നതാണ് കോൺഗ്രസിന് മുന്നിലുള്ള വഴി.
നിരവധി പേർ കുപ്പായമിട്ടു നിൽക്കുന്നതിനാൽ ഇക്കാര്യത്തിലും തീരുമാനം പറയാനാകാതെ കുഴങ്ങുകയാണ് പാർട്ടി. ദേശീയ ആസ്ഥാന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പോയ ലീഗ് നേതാക്കൾ തിരിച്ചെത്തിയാൽ കോൺഗ്രസുമായുള്ള അന്തിമ ചർച്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.