മൂന്നാം സീറ്റ്: നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്
text_fieldsമലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കിയതോടെ ആവശ്യം ഒറ്റയടിക്ക് തള്ളാനാകാതെ കോൺഗ്രസ്.
കോൺഗ്രസ്- ലീഗ് ഉഭയകക്ഷി ചർച്ച കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്നെങ്കിലും തീരുമാനമാകാത്തതിനാൽ അടുത്ത തിങ്കളാഴ്ച വീണ്ടും ചേരാനിരിക്കുകയാണ്. അതിനിടെയാണ് അധിക സീറ്റ് വെറുതെ ചോദിച്ചതല്ലെന്നും കിട്ടാൻവേണ്ടിത്തന്നെയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരിക്കുന്നത്.
അടുത്തദിവസം സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആദ്യമായാണ് ലീഗ് പരസ്യമായി മൂന്നാം സീറ്റ് ആവശ്യം ഉന്നയിക്കുന്നത്.
അർഹിക്കുന്ന സീറ്റ് ചോദിച്ചില്ലെങ്കിൽ അണികളോട് മറുപടി പറയേണ്ടിവരുമെന്ന പ്രതിസന്ധിയും നേരിടുന്നുണ്ട്. എല്ലാ വിഷയത്തിലും അനുനയ സമീപനം സ്വീകരിക്കുന്നതായി പാർട്ടിക്കുള്ളിൽ നേരത്തേ വിമർശനമുയർന്നിരുന്നു. എന്നാൽ, ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ സീറ്റ് വിഷയത്തിൽ കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കാൻ ലീഗിന് സാധിക്കുകയുമില്ല.
മൂന്നാം സീറ്റ് ലഭിച്ചാൽ യുവനേതാക്കളെ പരിഗണിക്കാമെന്ന കണക്കുകൂട്ടലും ലീഗിനുണ്ട്. ഇത്തവണ സമ്മർദം ചെലുത്തി നിയമസഭ, രാജ്യസഭ സീറ്റുകൾ നേടിയെടുക്കുകയെന്ന തന്ത്രവുമുള്ളതായി വിലയിരുത്തപ്പെടുന്നു. ലീഗ് വാശി ഉപേക്ഷിക്കുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.
കോൺഗ്രസ് നേതൃനിരയിലോ, പാർലമെന്ററി പദവികളിലോ മുസ്ലിം സമുദായാംഗങ്ങൾക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യമില്ലാത്ത സാഹചര്യത്തിൽ ലീഗിന് അർഹിക്കുന്ന സീറ്റ് നൽകാത്തത് വിമർശകർക്ക് ആയുധമാകുമെന്ന ആശങ്കയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.