രക്തസാക്ഷിത്വത്തിന്റെ ജ്വലിക്കുന്ന സ്മരണകളിൽ തിരുനാവായ
text_fieldsതിരുനാവായ: ദേശീയസമരത്തിൽ ആകൃഷ്ടരായി ബ്രിട്ടീഷുകാർക്കെതിരെ തിരുനാവായയിലെയും പരിസരത്തെയും ദേശസ്നേഹികൾ നടത്തിയ സ്വാതന്ത്ര്യസമരത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമകൾ ദശാബ്ദങ്ങൾ പിന്നിട്ടിട്ടും ജ്വലിച്ചുനിൽക്കുന്നു. നിരവധി ദേശസ്നേഹികൾ രക്തസാക്ഷികളായി. അതിലേറെപ്പേർ കൊടുംപീഡനങ്ങളേറ്റ് ജീവൻ ത്യജിച്ചു. നിരവധി കുടുംബങ്ങൾ അനാഥമായി. എണ്ണമറ്റ സ്ത്രീകൾ അക്രമത്തിനിരയായി. മലബാർ സമര അനുസ്മരണ സമിതി തിരുനാവായ ചാപ്റ്റർ ഇവിടെ നടന്ന ചരിത്ര സംഭവങ്ങളെ ഓർമിപ്പിക്കുന്ന ഫ്രീഡം സ്ക്വയർ എടക്കുളം ജുമാമസ്ജിദ് കവാടത്തിന്റെ എതിർവശം സ്ഥാപിച്ചിട്ടുണ്ട്.
1921 ആഗസ്റ്റ് 13നാണ് തിരുനാവായക്കടുത്ത കുണ്ട്ലങ്ങാടിയിലെ കായൽ മഠത്തിൽ തറവാട്ടിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രഥമ മേഖലയോഗം ചേർന്നത്. തറവാട്ടിലെ അന്നത്തെ കാരണവരായിരുന്ന അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ കമ്മിറ്റിയും രൂപവത്കരിച്ചു. ഈ തറവാട്ടിൽനിന്ന് അടുത്ത കാലത്തായി 1921 നവംബർ 17ന് പ്രസിദ്ധീകരിച്ച വക്കം മുഹമ്മദ് അബ്ദുൽ ഖാദർ മൗലവിയുടെ മുസ്ലിം പത്രത്തിന്റെയും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ 1926 ജൂലൈ ആറിലെ അൽഅമീൻ പത്രത്തിന്റെയും കോപ്പികൾ കണ്ടെടുത്തിരുന്നു.
ഈ തറവാട്ടിലെ അധികാരിയായിരുന്ന കോയാമുട്ടിയുടെ വീട്ടിൽ അവശേഷിക്കുന്ന നെല്ലറക്ക് ഒരു മട്ടുപ്പാവുണ്ട്. സ്വാതന്ത്ര്യ സമര നേതാക്കളായ മമ്പുറം സയ്യിദലിതങ്ങളും പൊന്നാനിയിലെ മഖ്ദൂം കുടുംബാംഗങ്ങളും മറ്റു ദേശീയ നേതാക്കളും തമ്പടിച്ചിരുന്നതും വിശ്രമിച്ചിരുന്നതും ഇവിടെയാണ്. ബ്രിട്ടീഷാധിപത്യത്തിനെതിരെ പ്രതികരിക്കാൻ മമ്പുറം സയ്യിദലിതങ്ങളും വെളിയങ്കോട് ഉമർ ഖാദിയും മലബാറിലെ മാപ്പിളമാർക്ക് പ്രചോദനം നൽകി.
എടക്കുളം റെയിൽവേ സ്റ്റേഷനിൽ പട്ടാളമിറങ്ങിയിട്ടുണ്ടെന്നറിഞ്ഞതോടെ ഒളിവിൽ പോയ പോരാളികൾ പള്ളിയിൽ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതോടെ രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ള എടക്കുളം ജുമാ മസ്ജിദിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഇവിടത്തെ പ്രഥമ മുദരിസ് മണ്ണാരത്തൊടി കുഞ്ഞാലൻകുട്ടി മുസ്ലിയാരെയും ഒട്ടേറെ ദേശസ്നേഹികളെയും അറസ്റ്റ് ചെയ്തു കൊണ്ടുപോയി.
തിരുനാവായ വില്ലേജ് ഓഫിസ് പരിസരത്തെ പഴയ അംശക്കച്ചേരിവളപ്പിലും കുന്നമ്പുറം പഠാണി ശഹീദ് മഖാം പരിസരത്തുമായിരുന്നു ബ്രിട്ടീഷ് പട്ടാളം ക്യാമ്പ് ചെയ്തിരുന്നത്. പട്ടാളം പിടികൂടിയവരെ അംശക്കച്ചേരിയിൽ വിചാരണ ചെയ്താണ് ശിക്ഷ വിധിച്ചിരുന്നത്. പിടികൂടി ശിക്ഷ വിധിച്ചവരെ രണ്ടു വർഷം കോയമ്പത്തൂർ ജയിലിൽ പീഡിപ്പിച്ചു. ഇതിൽ ചിലർ ജയിലിൽ മരിച്ചു. എടക്കുളം ചിറ്റകത്ത് പൊറ്റമ്മൽ അഹമ്മദ് കുട്ടി ഹാജി, എടക്കുളത്ത് പുത്തൻപുരയിൽ മൊയ്തീൻ കുട്ടി എന്നിവർ രക്തസാക്ഷികളിൽ പ്രമുഖരാണ്.
കോയമ്പത്തൂർ ജയിലിലെ പീഡനങ്ങളും മരണങ്ങളുമൊക്കെ ചരിത്രത്തിൽ ഇടം നേടാത്തവയാണെന്ന് ഇവരുടെ പിൻമുറക്കാർ പറഞ്ഞിരുന്നു. സ്വാതന്ത്ര്യസമര സേനാനി അലിക്കുന്നത്ത് കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ എടക്കുളം റെയിൽവേ സ്റ്റേഷന് പടിഞ്ഞാറുവശത്തെ ചൂരമ്പാടിനു സമീപം റെയിൽപ്പാളം തകർത്തതാണ് മേഖലയിലെ ആദ്യത്തെ പ്രധാന സമരം. ഇതാണ് പട്ടാളം എടക്കുളം പള്ളിയിലേക്ക് ഇരച്ചുകയറാൻ മുഖ്യകാരണം. തീവണ്ടിമാർഗം പട്ടാളക്കാരുടെ വരവ് തടയലായിരുന്നു പാളം തകർക്കലിന്റെ മുഖ്യ ലക്ഷ്യം.
തുടർന്നു നടന്ന കൊടക്കൽ യുദ്ധവും പ്രസിദ്ധമാണ്. രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനി പരാജയപ്പെട്ടതിനെത്തുടർന്ന് ബ്രിട്ടീഷ് പട്ടാളം കൊടക്കലിലെത്തി അവിടെ മിഷനറി പ്രവർത്തനങ്ങളുമായി കഴിഞ്ഞിരുന്ന ജർമൻകാരെ ഉപദ്രവിക്കാർ തുടങ്ങി. ഈ സമയത്ത് മാപ്പിള പോരാളികളാണ് ജർമൻകാരുടെ സഹായത്തിനെത്തിയത്. എന്നിട്ടും മാപ്പിള പോരാളികളെ ബ്രിട്ടീഷ് പട്ടാളക്കാർക്ക് ഒറ്റിക്കൊടുത്തതാണ് മാപ്പിള പോരാളികളെ പ്രകോപിതരാക്കിയത്.
ഇതേത്തുടർന്ന് എടക്കുളം അങ്ങാടിയിൽനിന്നും ഇരച്ചെത്തിയ മുന്നൂറോളം വരുന്ന പോരാളികൾ ജർമൻ സായിപ്പുമാരെയും കൂട്ടാളികളെയും അക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊടക്കൽ യുദ്ധമെന്നറിയപ്പെടുന്ന ഈ സംഭവം കേരളത്തിലെ ഒട്ടുമിക്ക ചരിത്ര പുസ്തകങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.
കൊടക്കൽ യുദ്ധത്തോടെയാണ് ബ്രിട്ടീഷ് പട്ടാളം തിരുനാവായ സമ്പൂർണ നിയന്ത്രണത്തിലാക്കിയത്. കുന്നമ്പുറം പഠാണി ശഹീദ് മഖാമിൽ നിന്നുള്ളവരാണ് മാപ്പിളപ്പോരാളികൾക്ക് പ്രചോദനമാകുന്നതെന്ന ധാരണയിൽ പട്ടാളം മഖാം അക്രമിക്കുകയും അശുദ്ധമാക്കുകയും ചെയ്തു. ഇതേത്തുടർന്ന് തുടരെത്തുടരെയുണ്ടായ ദുരന്താനുഭവങ്ങൾ ഇവിടം വിട്ടു പോകാൻ പട്ടാളത്തിനു പ്രേരകമായി.
എസ്.ഐ റെഡ്മാനെയും ചില പട്ടാളക്കാരെയും കൊലപ്പെടുത്താൻ നേതൃത്വം നൽകിയെന്ന കുറ്റമാരോപിച്ചാണ് അനന്താവുർ മുട്ടിക്കാട് സ്വദേശിയായ പാറയിൽ അഹമ്മദ് കുട്ടിയെ പട്ടാളം വെടിവെച്ചു കൊന്നത്. തിരുനാവായയിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ നേതൃത്വം നൽകിയ അലിക്കുന്നത്ത് കൃഷ്ണൻ നായർ ഏതു ദേശക്കാരനാണെന്ന് ചരിത്രം കണ്ടെത്തിയിട്ടില്ല.
ബ്രൂണയിലെ റങ്കൂൺ എന്ന സ്ഥലത്തെ ഖാദിയായിരുന്ന എടക്കുളം കറുമണ്ണിൽ മമ്മദ് മുസ്ലിയാർ, ചിറ്റകത്ത് പള്ളിയാലിൽ മാനുട്ടി, കുറ്റിപ്പറമ്പിൽ കുഞ്ഞിക്കോയാമു, ചോലയിൽ രായിൻ, ചിറ്റകത്ത് പൊറ്റമ്മൽ മൊയ്തീൻ ഹാജി തുടങ്ങിയവർ പീഡനങ്ങൾ ഏറ്റുവാങ്ങി നാട്ടിൽ തിരിച്ചെത്തിയവരാണ്.ഹിന്ദു-മുസ്ലിം ഐക്യത്തോടെയുള്ള ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലമാണ് മാമാങ്ക ഭൂമിയായ തിരുനാവായ. തിരുനാവായ നാവാമുകുന്ദ ക്ഷേത്രവും വൈരങ്കോട് ക്ഷേത്രവും അക്രമിക്കാൻ വടക്കുനിന്നും വന്ന അക്രമികളെ തിരിച്ചയച്ചത് ഇരുവിഭാഗവും ഒന്നിച്ചു നിന്നാണ്.
കോയമ്പത്തൂർ ജയിലിലേക്ക് കൊണ്ടു പോകേണ്ടിയിരുന്ന എടക്കുളം പുതുപ്പറമ്പിൽ കുഞ്ഞിൻ എന്ന വൃദ്ധനെ രക്ഷിച്ചത് അന്നത്തെ അധികാരി കോട്ടില്ലത്ത് രാവുണ്ണി മേനോനാണ്. മാപ്പിള പോരാളികളെ സഹായിച്ച വെങ്ങാലിൽ മേനോൻ എന്ന പൊലീസ് ഓഫിസറെയും ചരിത്രത്താളുകളിൽ കാണാം. താമരക്കായലിൽ ചാടി പൂക്കൾക്കും ഇലകൾക്കുമിടയിൽ ഒളിച്ചിരുന്ന മാപ്പിളപ്പോരാളികളെ പട്ടാളത്തിന് ഒറ്റിക്കൊടുക്കാതെ തന്ത്രപൂർവം പട്ടാളക്കാരെ തിരിച്ചയച്ച വയലിൽ ജോലി ചെയ്തിരുന്ന ഹൈന്ദവ സഹോദരന്മാരും ചരിത്രത്തിന്റെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.