ശോഭ-സതീഷ് പോര് മൂത്തു; കുഴൽപണ വെളിപ്പെടുത്തലിന് പിന്നിലാര്?
text_fieldsതൃശൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി തൃശൂർ ജില്ല കമ്മിറ്റി ഓഫിസിൽ ആറ് ചാക്കുകളിലായി ഒമ്പത് കോടി രൂപ എത്തിയെന്ന് പറഞ്ഞ മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷിന് പിന്നിലാര്? സംശയ മുനയിലായ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനും കോടിക്കണക്ക് വെളിപ്പെടുത്തിയ തിരൂർ സതീഷും തമ്മിൽ ഇതേച്ചൊല്ലിയുള്ള തർക്കം മൂത്തു.
സതീഷിന്റെ വെളിപ്പെടുത്തലിൽ ശോഭ സുരേന്ദ്രനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ സതീഷിന് പിന്നിൽ സി.പി.എം ആണെന്ന് ശോഭ വാർത്തസമ്മേളനം വിളിച്ച് ആരോപിച്ചതോടെ തന്നോട് ഇക്കാര്യങ്ങൾ പറയാൻ പ്രേരിപ്പിച്ചത് ശോഭയാണെന്നും സംഘടന തെരഞ്ഞെടുപ്പ് വേളയിൽ അത് തനിക്ക് ഗുണമാകുമെന്ന് ശോഭ പറഞ്ഞിരുന്നുവെന്നും സതീഷ് തിരിച്ചടിച്ചു.
തന്റെ വാദം സമർഥിക്കാൻ തിരൂർ സതീഷ്, ശോഭ സുരേന്ദ്രൻ തന്റെ വീട്ടിലെത്തി ഭാര്യക്കും മകനുമൊപ്പം നിൽക്കുന്ന ചിത്രം തിങ്കളാഴ്ച രാവിലെ പുറത്തുവിട്ടു. തൊട്ടുപിന്നാലെ വാർത്തസമ്മേളനം വിളിച്ച ശോഭ ഫോട്ടോ വ്യാജമാണെന്നും വെളിപ്പെടുത്തലിന് പ്രേരിപ്പിച്ചത് താനാണെന്ന് പറഞ്ഞ സതീഷിനെതിരെ വ്യക്തിഹത്യക്ക് കേസ് കൊടുക്കുമെന്നും പറഞ്ഞു. സതീഷിന്റെ വീടിനടുത്തുള്ള തന്റെ സഹോദരിയുടെ വീട്ടിൽ സതീഷ് ഭാര്യയും മകനുമൊത്ത് വന്നപ്പോൾ എടുത്ത ഫോട്ടോയാണ് പുറത്തുവിട്ടത്. അത് സ്വന്തം വീടാണെന്ന് കളവ് പറയുകയാണ്.
ഫോട്ടോയിൽ കാണുന്ന കർട്ടനും സോഫയും കഴിഞ്ഞ ദിവസം സതീഷിന്റെ വീട്ടിൽ വാർത്തസമ്മേളനത്തിൽ പോയപ്പോൾ തങ്ങൾ കണ്ടതാണെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, അത് തന്റെ സഹോദരിയുടെ വീട്ടിലുള്ളതാണെന്നും അതുപോലുള്ള സോഫയും കർട്ടനും സതീഷ് സ്വന്തം വീട്ടിൽ വാങ്ങിയിട്ട ശേഷം ഫോട്ടോ നിർമിച്ചതാണെന്നും ശോഭ അവകാശപ്പെട്ടു. ഫോട്ടോയിൽ കാണുന്ന സ്വിച്ച് ബോർഡും തന്റെ സഹോദരിയുടെ വീട്ടിലുള്ളതാണെന്നും ഫോട്ടോയിൽ അത് വ്യാജമായി ചേർത്തതാണെന്നുമാണ് ശോഭയുടെ പക്ഷം. സതീഷിനെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത് വർഷങ്ങൾക്ക് മുമ്പ് ബി.ജെ.പി പുറത്താക്കിയ ശ്രീശൻ അടിയാട്ടാണെന്നും സതീഷും ശ്രീശനും സി.പി.എം നേതാവും മുൻ മന്ത്രിയുമായ എ.സി. മൊയ്തീനെ മുമ്പ് സന്ദർശിച്ചിട്ടുണ്ടെന്നുമുള്ള പുതിയ ആരോപണവും ശോഭ സുരേന്ദ്രൻ ഉന്നയിച്ചു.
ശോഭയുടെ വാർത്തസമ്മേളനത്തിന് പിന്നാലെ തിരൂർ സതീഷും വാർത്തസമ്മേളനം നടത്തി. കർട്ടനും സോഫയും സ്വിച്ച് ബോർഡും ഉൾപ്പെടെ മാധ്യമപ്രവർത്തകർക്ക് മുന്നിൽ കാണിച്ച സതീഷ് ശോഭ മുമ്പ് ഫോട്ടോക്ക് പോസ് ചെയ്ത അതേ സ്ഥലത്തിരുന്ന് വാർത്തസമ്മേളനം നടത്തി. ആറ്-ഏഴ് മാസം മുമ്പ് ഒരു ദിവസം നാല് മണിയോടെയാണ് ശോഭ വീട്ടിലെത്തിയതെന്നും വടക്കാഞ്ചേരിയിലേക്ക് പോകുന്ന വഴി വരുന്നുവെന്ന് നേരത്തേ വിളിച്ച് പറഞ്ഞതായും സതീഷ് അവകാശപ്പെട്ടു.
തന്റെ തറവാട്ടിലും ശോഭ വന്നിട്ടുണ്ടെന്ന് പറഞ്ഞ സതീഷ് അമ്മക്കൊപ്പം ശോഭ നിൽക്കുന്ന ഫോട്ടോയും കാണിച്ചു. കൊടകര കുഴൽപണ കേസുമായി താൻ ഒരാക്ഷേപവും പറയാത്ത ശോഭ സുരേന്ദ്രൻ എന്തിനാണ് തനിക്കെതിരെ തിരിഞ്ഞതെന്ന് മനസ്സിലാവുന്നില്ല. അവർ ആരോപിക്കുന്ന മുൻ ജില്ല പ്രസിഡന്റ് ശ്രീശൻ അടിയാട്ടുമായി വർഷങ്ങളായി ബന്ധമില്ല. ശ്രീശൻ കുറെക്കാലമായി തൃശൂരിൽ ഇല്ലെന്നാണ് തന്റെ അറിവ്. താൻ ബി.ജെ.പി ഓഫിസിലെ ജോലി ഉപേക്ഷിച്ചശേഷമാണ് ശോഭ വീട്ടിൽ വന്നത്. താൻ എന്തിന് എ.സി. മൊയ്തീനെ കാണണമെന്നും സതീഷ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.